‘നിങ്ങൾക്ക് അത്ര താല്പ്പര്യമില്ല’ സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയോട് സുപ്രീം കോടതി
ന്യൂഡൽഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണം എന്ന ഹർജിയെ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് താത്പര്യത്തോടെയല്ല കാണുന്നതെന്ന് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ ഹൃഷികേഷ് റോയ്, എസ് വി ഭട്ടി എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഇ.ഡിയാണ് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തിരുന്നത്.
ഹർജി ചൊവ്വാഴ്ച പരിഗണിച്ചപ്പോൾ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ് വി രാജു ആണ് അന്വേഷണ ഏജൻസിക്ക് വേണ്ടി ഹാജരാകുന്നത് എന്ന് ഇ.ഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് മറ്റൊരു ദിവസത്തേക്ക് ഹർജി പരിഗണിക്കാൻ മാറ്റണം എന്നും ഇ.ഡിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ കപിൽ സിബൽ ഇതിനെ എതിർത്തു.
കഴിഞ്ഞ നാല് തവണ ഇ.ഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി മാറ്റിവെച്ചതെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് ട്രാൻസ്ഫർ ഹർജി ഇ.ഡി താത്പര്യത്തോടെയല്ല കാണുന്നതെന്ന നിരീക്ഷണം കോടതി നടത്തിയത്. എന്നാൽ കഴിഞ്ഞ സംസ്ഥാന സർക്കാരാണ് ഹർജി പരിഗണിക്കുന്നത് മാറ്റണം എന്ന് ആവശ്യപ്പെട്ടതെന്ന് ഇ.ഡിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഇഡിയുടെ ആവശ്യം പരിഗണിച്ച് നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണം എന്ന ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി 6 ആഴ്ചത്തേക്ക് മാറ്റി. സംസ്ഥാന സർക്കാരിന് വേണ്ടി കപിൽ സിബലിന് പുറമെ സ്റ്റാന്റിംഗ് കോൺസൽ സി കെ ശശിയും ഹാജരായി.