കാസര്‍കോട്: 2023 ഏപ്രില്‍ 14-ന് രാവിലെ നാടുണര്‍ന്നത് ഗഫൂര്‍ ഹാജിയുടെ മരണവിവരമറിഞ്ഞാണ്. കേട്ടപാതി എല്ലാവരും അദ്ദേഹത്തിന്റെ വീട്ടിലേക്ക് പാഞ്ഞു. പൂച്ചക്കാട് കവലയില്‍നിന്ന് മുക്കാല്‍ കിലോമീറ്റര്‍ കിഴക്കു-വടക്കു മാറിയാണ് വീട്. സ്വാഭാവികമരണം എന്നതിനപ്പുറത്തേക്ക് മറ്റൊരു ചിന്തയും ആര്‍ക്കുമുണ്ടായില്ല. പള്ളിക്കമ്മിറ്റിക്കാരെ വിവരമറിയിച്ചു. പിന്നീട് കബറടക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാടിനെ ഞെട്ടിച്ച വിവരങ്ങളാണ് പുറത്തുവന്നത്. ഒടുവില്‍ ഒന്നരവര്‍ഷത്തിനിപ്പുറം ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു. അദ്ദേഹത്തില്‍നിന്ന് കാണാതായ 596 പവന്‍ സ്വര്‍ണം തട്ടിയെടുത്തത് മന്ത്രവാദിനിയും സംഘവുമാണെന്നും സ്വര്‍ണം കൈക്കലാക്കിയ ശേഷമാണ് ഗഫൂര്‍ ഹാജിയെ ഇവര്‍ കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.
ഗഫൂര്‍ ഹാജി കൊലക്കേസിലും സ്വര്‍ണം തട്ടിയെടുത്ത സംഭവത്തിലും ജിന്നുമ്മ എന്ന മന്ത്രവാദിനി അടക്കം നാലുപേരെയാണ് പോലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. കാസര്‍കോട് മേല്‍പ്പറമ്പില്‍ താമസിക്കുന്ന ഉബൈസ്(38) ആണ് കേസിലെ ഒന്നാംപ്രതി. ഉബൈദിന്റെ ഭാര്യയും ജിന്നുമ്മയെന്ന് അറിയപ്പെടുന്ന മന്ത്രവാദിനിയുമായ ഷെമീന(38) രണ്ടാംപ്രതിയാണ്. ഇവരുടെ സംഘത്തില്‍പ്പെട്ട അസ്നീഫ(34), വിദ്യാനഗര്‍ സ്വദേശിനി ആയിഷ(40) എന്നിവരാണ് കേസിലെ മൂന്നും നാലുംപ്രതികള്‍.
ആഭിചാരക്രിയകളുടെ പേരില്‍ സ്വര്‍ണം കൈക്കലാക്കിയ സംഘം ഗഫൂര്‍ ഹാജിയെ തലയില്‍ പ്രത്യേകവസ്ത്രം ധരിപ്പിച്ചശേഷം തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മന്ത്രവാദത്തിലൂടെ സ്വര്‍ണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ ഗഫൂര്‍ ഹാജിയെ സമീപിച്ചതെന്നാണ് നിഗമനം. പിന്നാലെ സ്വര്‍ണം കൈക്കലാക്കി. എന്നാല്‍, ഗഫൂര്‍ ഹാജി സ്വര്‍ണം തിരികെചോദിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് പ്രതികള്‍ വീട്ടിലെത്തി ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.
ഗഫൂര്‍ ഹാജി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ഒന്നടങ്കം നേരത്തെ പറഞ്ഞിരുന്നു. സത്യമറിയാന്‍ ഇനിയെത്ര നാള്‍ എന്ന ചോദ്യമാണ് പൂച്ചക്കാട് ഗ്രാമത്തില്‍നിന്ന് ഇന്നലെവരെ ഉയര്‍ന്നിരുന്നത്. കാഞ്ഞങ്ങാട്ടുനിന്ന് എട്ടു കിലോ മീറ്റര്‍ അകലെയാണ് പൂച്ചക്കാട് ഗ്രാമം. ഷാര്‍ജയില്‍ ഒട്ടേറെ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഉടമയായ ഗഫൂര്‍ ഹാജി നാട്ടില്‍ വരുന്നതും പോകുന്നതും മാസങ്ങളുടെ ഇടവേളകളിലാണ്. എളിമയോടുള്ള സംസാരമാണ് ഇദ്ദേഹത്തിന്റെതെന്ന് എല്ലാവരും പറയുന്നു. വലിയ സൗഹൃദക്കൂട്ടായ്മയുടെ ഉടമ. മുന്‍പ് ഹൈദ്രോസ് ജമാ അത്ത് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
ദുരൂഹസാഹചര്യത്തില്‍ മരിച്ച ഗഫൂര്‍ ഹാജിക്ക് സ്വന്തമായുള്ളതും പലരില്‍നിന്ന് വാങ്ങിയതുമായ 595 പവന്‍ കാണാനില്ലെന്നാണ് വീട്ടുകാര്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, അഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്കയച്ച പരാതിയില്‍ പറഞ്ഞിരുന്നത്. മരിക്കുന്നതിന് രണ്ടുദിവസം മുന്‍പുവരെ ഇദ്ദേഹം പലരില്‍നിന്നായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. സ്വര്‍ണം കടമായി വാങ്ങിയെന്ന് ചില ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞപ്പോഴാണ് വീട്ടുകാര്‍പോലും അറിയുന്നത്. ഷാര്‍ജയില്‍ ഒന്നിലേറെ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഉടമയാണ് ഗഫൂര്‍ ഹാജി. സാമ്പത്തികമായി വളരെ മെച്ചപ്പെട്ട സ്ഥിതിയിലുള്ള ആള്‍ എന്തിനാണ് ഇത്രയും സ്വര്‍ണം ശേഖരിച്ചതെന്ന ചോദ്യവും ഉയര്‍ന്നു.
ഏപ്രില്‍ 13-ന് അര്‍ധരാത്രിയാണ് ഗഫൂര്‍ ഹാജിയുടെ മരണം നടന്നതെന്നായിരുന്നു പോലീസിന്റെ നിഗമനം. അന്ന് വൈകീട്ടുവരെ വീട്ടില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ഷെരീഫയും മകളും മരുമകളും ഒപ്പമുണ്ടായിരുന്നു. മരുമകള്‍ അവരുടെ വീട്ടിലേക്കും ഭാര്യയും മകളും മേല്‍പ്പറമ്പിലെ ബന്ധുവീട്ടിലേക്കും പോയി. റംസാന്‍ മാസമായതിനാല്‍ നോമ്പുതുറയ്ക്ക് വരില്ലെന്നും പുലര്‍ച്ചെ അത്താഴത്തിന് മേല്‍പ്പറമ്പിലെ വീട്ടിലെത്താമെന്നുമാണ് ഭാര്യയോടു പറഞ്ഞത്. പറഞ്ഞ സമയത്ത് കാണാതായപ്പോള്‍ ഷെരീഫ ഫോണില്‍ വിളിച്ചു. ഫോണ്‍ എടുക്കുന്നില്ല. തുടര്‍ന്ന് ഗഫൂര്‍ ഹാജിയുടെ സഹോദരപുത്രന്‍ ബദറുദ്ദീനെ ഫോണില്‍ വിളിച്ചുപറഞ്ഞു. ഏപ്രില്‍ 14-ന് പുലര്‍ച്ചെ നാലേമുക്കാലോടെ ബദറുദ്ദീന്‍ വീട്ടിലെത്തി. വാതില്‍ അടച്ചിരുന്നു. എന്നാല്‍ പൂട്ടിയിരുന്നില്ല. കിടപ്പുമുറിയില്‍ മലര്‍ന്നുകിടക്കുന്ന ഗഫൂര്‍ ഹാജിയെ വിളിച്ചെങ്കിലും ഉണര്‍ന്നില്ല.
ബദറുദ്ദീന്‍ ഉടന്‍ ആളുകളെ വിളിച്ചുവരുത്തുകയായിരുന്നു. അതിനിടെ ഭാര്യയും മറ്റു ബന്ധുക്കളുമെല്ലാമെത്തി. സാധാരണ കിടക്കാറുള്ള കിടപ്പുമുറിയിലല്ല മരിച്ചുകിടന്നതെന്നും മുഖത്ത് നീലനിറം ഉണ്ടായിരുന്നെന്നും ആദ്യം മൃതദേഹം കണ്ടവരെല്ലാം പറഞ്ഞിരുന്നു.
മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ഗഫൂര്‍ ഹാജി തന്നോട് 19 പവന്‍ ആഭരണങ്ങള്‍ വാങ്ങിയെന്ന് അടുത്ത ബന്ധു പറഞ്ഞിരുന്നു. 12 പവന്‍ വാങ്ങിയെന്ന് മറ്റൊരാള്‍. അധികസമയം കഴിഞ്ഞില്ല, ഓരോരുത്തരായി സ്വര്‍ണം വാങ്ങിയ കണക്കുമായി രംഗത്തുവന്നു. 50 പവനാണ് ചോദിച്ചതെന്നും എന്നാല്‍ കൈയിലുണ്ടായിരുന്ന 19 പവനേ കൊടുക്കാന്‍ പറ്റിയുള്ളൂവെന്നും ആദ്യം ഇക്കാര്യം വെളിപ്പെടുത്തിയ ബന്ധു പറഞ്ഞു. ഒരു സുഹൃത്ത് 50 പവന്‍ പണയംവെച്ചിരുന്നുവെന്നും പെട്ടെന്ന് അത് എടുക്കേണ്ട ആവശ്യം വന്നതിനാലാണ് കടം ചോദിക്കുന്നതെന്നും രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ തിരികെ തരാമെന്നും പറഞ്ഞാണ് ഗഫൂര്‍ ഹാജി സ്വര്‍ണം വാങ്ങിച്ചതെന്നും ബന്ധു വിശദീകരിച്ചു. സ്വര്‍ണം കൊടുത്തവരെല്ലാം സമാനരീതിയിലാണ് പോലീസിനു മൊഴിനല്‍കിയത്.
ഗഫൂര്‍ ഹാജിയുടെ മരണത്തിലും 596 പവന്‍ സ്വര്‍ണം കാണാതായതിലും അടിമുടി ദുരൂഹതകളുള്ളതിനാല്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് കബറിസ്താനില്‍ കബറടക്കിയ മൃതദേഹം 2023 ഏപ്രില്‍ 27-നാണ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. കൂടിയായിരുന്ന സബ് കളക്ടര്‍ സൂഫിയാന്‍ അലി അഹമ്മദ്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണിരാജ് എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍നിന്നുള്ള പോലീസ് സര്‍ജന്‍ ഡോ. എസ്.ആര്‍. സരിതയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍. രണ്ടു മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കു ശേഷം അതേ കബറിടത്തില്‍ മൃതദേഹം മറവുചെയ്തു. ശരീരത്തില്‍ നിന്നെടുത്ത ഒന്നിലേറെ സാമ്പിളുകള്‍ കണ്ണൂര്‍ ഫൊറന്‍സിക് ലാബില്‍ രാസപരിശോധനയ്ക്കയച്ചു.
ഗഫൂര്‍ ഹാജിയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് 2023 ഏപ്രില്‍ 28-നാണ് നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ചത്. ഹസൈനാര്‍ ആമു ഹാജി ചെയര്‍മാനും സുകുമാരന്‍ പൂച്ചക്കാട് കണ്‍വീനറും ബി.എം. മൂസ ഖജാന്‍ജിയുമായ കര്‍മസമിതി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി. മൂന്ന് വട്ടം മുഖ്യമന്ത്രിയെ കണ്ടു നിവേദനം നല്‍കി. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എം.പിക്കും നിവേദനം നല്‍കി. പൊതുജനങ്ങളില്‍നിന്നു സംഭാവന സ്വീകരിക്കാതെ കര്‍മസമതി പ്രവര്‍ത്തകര്‍ തന്നെ തുക കണ്ടെത്തിയാണ് കാര്യങ്ങള്‍ നടത്തിയത്. അതിനിടെ പോലീസ് സംഘം ജിന്നുമ്മയുടെ വീട്ടിലടക്കം പരിശോധന നടത്തി. പക്ഷേ, അന്നത്തെ പരിശോധനയില്‍ ഒന്നും കണ്ടെടുക്കാനായില്ല. ആഭിചാരക്രിയകളുടെ ഭാഗമായി സ്വര്‍ണം കുഴിച്ചിട്ടിരിക്കാമെന്ന സംശയത്തില്‍ ഗഫൂര്‍ ഹാജിയുടെ വീട്ടുപറമ്പില്‍ മെറ്റല്‍ ഡിറ്റക്ടര്‍ അടക്കം ഉപയോഗിച്ചും തിരച്ചില്‍ നടത്തി. സംശയമുള്ള പലയിടങ്ങളിലും പോലീസ് സ്വര്‍ണത്തിനായി കുഴിച്ചുനോക്കി. എന്നാല്‍, സ്വര്‍ണമൊന്നും കണ്ടെത്താനായില്ല.
2023 ഏപ്രില്‍ 14-ന് നടന്ന സംഭവത്തിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയതോടെ കര്‍മസമിതിക്കും നാട്ടുകാര്‍ക്കും പ്രതീക്ഷകളുയര്‍ന്നു. ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ മുന്‍കൈയെടുത്ത് ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. കെ.ജെ.ജോണ്‍സണ്‍ന്റെയും ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്റെയും നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല കൈമാറിയത്.
ജിന്നുമ്മയെക്കുറിച്ച് ഗഫൂര്‍ ഹാജിയുടെ കുടുംബം നല്‍കിയ പരാതിയില്‍ നേരത്തെ സൂചിപ്പിച്ചിരുന്നതിനാല്‍ ഇവരെ കേന്ദ്രീകരിച്ചായിരുന്നു വിശദമായ അന്വേഷണം നടന്നത്. എന്നാല്‍, പോലീസ് ചോദ്യംചെയ്യലിന്റെ പേരില്‍ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രതികള്‍ രംഗത്തെത്തി. അന്വേഷണം തടസ്സപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം. പക്ഷേ, വീഡിയോ റെക്കോഡിങ് അടക്കം സജ്ജമാക്കിയാണ് കേസിലെ ചോദ്യംചെയ്യല്‍ നടക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ജിന്നുമ്മയുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തുക നിക്ഷേപം വന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇവരുടെ സഹായികളില്‍ ചിലര്‍ ഒറ്റദിവസംകൊണ്ട് ലക്ഷങ്ങള്‍ അടച്ച് വാഹനവായ്പ തീര്‍ത്തതും മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം പൂച്ചക്കാട് പ്രദേശത്തുണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. മരിച്ച ഗഫൂര്‍ ഹാജിയും മന്ത്രവാദിനിയും തമ്മില്‍ കൈമാറിയ വാട്സാപ്പ് സന്ദേശങ്ങളും പോലീസ് വീണ്ടെടുത്തിരുന്നു. ഗഫൂറില്‍നിന്നു മന്ത്രവാദിനിയായ യുവതി 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇതോടെ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായി.
ഗഫൂര്‍ ഹാജിയില്‍നിന്ന് കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങളില്‍ മിക്കതും പ്രതികള്‍ വിറ്റഴിച്ചെന്നാണ് കണ്ടെത്തല്‍. ഇത് വീണ്ടെടുക്കാനാണ് പോലീസിന്റെ ശ്രമം. കാസര്‍കോട്ടെ ജൂവലറികളിലടക്കം പ്രതികള്‍ ഇത് വില്‍പ്പന നടത്തിയെന്നാണ് കണ്ടെത്തല്‍. അതിനിടെ, പോലീസിനും കര്‍മസമിതിക്കുമെതിരേ പ്രതികള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം അവസാനഘട്ടത്തിലെത്തിയ വേളയില്‍ മന്ത്രവാദിനിയായ ജിന്നുമ്മ കണ്ണൂരിലേക്ക് താമസം മാറുകയുംചെയ്തു.