KeralaNews

നടിയെ ആക്രമിച്ച കേസ്: അടിസ്ഥാനരഹിതമായ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; കേരളം സുപ്രീം കോടതിയിൽ

ന്യൂ ഡൽഹി: നടിയെ ആക്രമിച്ച കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുന്നുവെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു എന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്.

സംവിധായകൻ ബാലചന്ദ്രകുമാറിനെ മുപ്പത്തി അഞ്ചര ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധനായ ഡോ. സുനിൽ എസ് പിയെ 21 ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധ ദീപ എ.എസിനെ 13 ദിവസവും ദിലീപിന്റെ അഭിഭാഷകർ വിസ്തരിച്ചു. കേസിലെ അതിജീവിതയെ ഏഴ് ദിവസമാണ് ദിലീപിന്റെ അഭിഭാഷകർ വിസ്തരിച്ചതെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ ആറ് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു എന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. വിചാരണ സമയത്ത് മിക്ക പ്രതികളും സ്ഥിരമായി ഹാജരാകാറില്ല. ഇവരുടെ അവധി അപേക്ഷ കോടതിയിൽ ഫയൽ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. അന്തിമ വാദം കേൾക്കൽ ഒരു മാസം നീണ്ടുനിൽക്കും എന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ജാമ്യം ലഭിച്ചാൽ പൾസർ സുനി ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിചാരണ അട്ടിമറിക്കുന്നതിനായി ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയുടെ സ്വകാര്യതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജാമ്യത്തിലിറങ്ങി പൾസർ സുനി മുങ്ങാൻ സാധ്യതയുണ്ടെന്നും കേരളം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിചാരണ നീണ്ടുപോകുന്നതിനാൽ ജാമ്യം തന്റെ അവകാശമണെന്ന പൾസർ സുനിയുടെ വാദത്തെയും കേരളം തള്ളുന്നു. ക്രൂരമായ ആക്രമണം ആണ് അതിജീവിതയ്ക്കുനേരെ ഉണ്ടായത്. കേരളത്തിൽ അപൂർവ്വമായി മാത്രമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്. ജാമ്യം അനുവദിക്കുന്നത് സുപ്രീം കോടതി പുറപ്പടുവിച്ചിട്ടുള്ള മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും അതിനാൽ ജാമ്യം ആവശ്യപ്പെട്ടുള്ള പൾസർ സുനിയുടെ ഹർജി തള്ളണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. പൾസർ സുനിയുടെ ജാമ്യഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker