CrimeKeralaNews

യുവാവിനെ ആളുമാറി കുത്തി, തീർത്തത് കാമുകിയെ മറ്റൊരാള്‍ ഫോണ്‍ ചെയ്തതിലെ വിരോധം

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം. ചൊവ്വാഴ്ച രാത്രി എസ്.ബി.എം.ആശുപത്രിക്ക് എതിർവശത്തായിരുന്നു സംഭവം .കുലശേഖരപുരം കനോസ സ്കൂളിനു സമീപം മെഹ്റാം മൻസിലിൽ ബിലാലി(26)നാണ് കുത്തേറ്റത്. നെഞ്ചത്തും തുടയിലും തലയിലും കഠാരകൊണ്ടുള്ള കുത്തേറ്റ ബിലാൽ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. പത്ത് പേരടങ്ങുന്ന സംഘമാണ് അക്രമിച്ചത്. ഇതിൽ ഒൻപത് പേർ പോലീസിന്റെ പിടിയിലായി.

അക്രമി സംഘത്തിൽ ഉണ്ടായിരുന്ന സുഹൈൽ എന്ന യുവാവിന്റെ കാമുകിയെ മറ്റൊരാൾ ഫോൺ ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ഹഫീസ് എന്നൊരാളാണ് യുവതിയെ ഫോൺ ചെയ്തത്. ഹഫീസാണെന്ന് തെറ്റിദ്ധരിച്ചാണ് ബിലാലിനെ സംഘം ആക്രമിച്ചത്.

ബിലാൽ സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം ബൈക്കിൽ തിരിച്ചുവരികയായിരുന്നു. ഹഫീസാണെന്നു തെറ്റിദ്ധരിച്ച് അക്രമിസംഘം ബിലാലിനെ തടഞ്ഞുനിർത്തി ആക്രമിച്ചു. വലതു തുടയ്ക്കും നെഞ്ചിനും തലയ്ക്കും കുത്തേറ്റ ബിലാൽ ബോധരഹിതനായി വീണു.

ബിലാലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയും സംഘം ആക്രമിച്ചു. തുടർന്ന് അക്രമിസംഘം വാഹനങ്ങളിൽ സ്ഥലംവിട്ടു. റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന ബിലാലിനെ പോലീസ് കൺട്രോൾ റൂം വാഹനത്തിലാണ് ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. മാരകമായി പരിക്കേറ്റ ബിലാലിനെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി.

കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതിൽ അസ്ലം (24), പീടികയിൽ വീട്ടിൽ സുഹൈൽ (23), മരുതൂർകുളങ്ങര തെക്ക് കോട്ടതറയിൽ ഹിലാൽ (21), കണിയാമ്പറമ്പിൽ മുഹമ്മദ് ഉനൈസ് (21), മാൻനിന്ന വടക്കതിൽ അൽത്താഫ് (21), കോഴിക്കോട് തട്ടേത്ത് വീട്ടിൽ അഖിൽ (23), തട്ടേത്ത് വീട്ടിൽ രാഹുൽ (28), മരുതൂർകുളങ്ങര തെക്ക് പുതുമംഗലത്ത് വീട്ടിൽ അരുൺ (19), കന്നേലിൽ വീട്ടിൽ അഖിൽ (19) എന്നിവരാണ് അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker