75 ദിവസം വെന്റിലേറ്ററിൽ, ചെലവ് 25 ലക്ഷത്തോളം; വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൊച്ചി: എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന അഞ്ചന ചന്ദ്രൻ മരിച്ചു. 27 വയസ്സ് ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുവതി 76 ദിവസമായി വെന്റിലേറ്ററിലായിരുന്നു. അഞ്ചനയ്ക്ക് രോഗം കരളിനെയും വൃക്കയേയും ബാധിച്ചിരുന്നു. മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല.
25 ലക്ഷത്തോളം കുടുംബം ചികിത്സയ്ക്കായി ചെലവാക്കിയിട്ടും സർക്കാര്‍ നയാപൈസ ധനസഹായം നൽകിയിട്ടില്ല. വാട്ടർ അതോറിറ്റി പമ്പ് ചെയ്ത വെള്ളത്തിൽനിന്ന് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം 250ലേറെപ്പേരെ ബാധിച്ചെങ്കിലും സർക്കാർ തിരിഞ്ഞു നോക്കുന്നില്ല എന്ന ആക്ഷേപത്തിനിടയിലാണ് അഞ്ജനയുടെ മരണം.
ഏപ്രിൽ 17നാണ് വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നത്. അഞ്ജനയുടെ ഭർത്താവ് ശ്രീകാന്ത്, സഹോദരൻ ശ്രീനി തുടങ്ങിയവരുൾപ്പെടെ ആശുപത്രിയിൽ ചികിത്സ തേടി. ശ്രീകാന്ത് ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപെട്ടു. ഡയാലിസിസ് ചെയ്താണ് ശ്രീകാന്ത് ജീവൻ നിലനിർത്തുന്നത്. ഉപജീവനമാർഗമായ പശുവിനെയും ലോറിയും വിറ്റാണ് ഇവർ ചികിത്സ നടത്തിയത്. തുടക്കത്തിൽ തന്നെ അസുഖം ബാധിച്ച അഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ രോഗം മൂർച്ഛിച്ചു. മഞ്ഞപ്പിത്തം കരളിനെയും വൃക്കയെയും ബാധിച്ചു. നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയായിരുന്നു ചികിത്സ. പഞ്ചായത്തും ഇതിനിടെ സഹായനിധി രൂപീകരിച്ച് രണ്ടരലക്ഷത്തോളം രൂപ കൈമാറി. 25 ലക്ഷം രൂപ ചികിത്സയ്ക്ക് ചിലവായിട്ടും അഞ്ജനയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നില്ല. ഉള്ള ഭൂമി കൂടി വിറ്റ് മകളുടെ ചികിത്സ നടത്താൻ അച്ഛൻ ചന്ദ്രനും അമ്മ ശോഭനയും തീരുമാനിച്ചിരിക്കെയാണ് അഞ്ജന മരണത്തിന് കീഴടങ്ങുന്നത്.
വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണം വാട്ടർ അതോറിറ്റി പമ്പ് ചെയ്ത കുടിവെള്ളത്തിൽ മാലിന്യം കലർന്നതാണെന്ന് ആരോഗ്യവകുപ്പും അല്ലെന്ന് വാട്ടർ അതോറിറ്റിയും നിലപാടെടുത്തിരുന്നു. ജോളി രാജു, കാർത്യായനി എന്നിവർ ഇതിനിടെ മഞ്ഞപ്പിത്തത്തെത്തുടർന്ന് മരിച്ചതോടെ വിഷയം വലിയ തോതിൽ ചർച്ചയാവുകയും ചെയ്തു. ജില്ലാ കലക്ടർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിക്കുകയും മൂവാറ്റുപുഴ ആർഡിഒ അന്വേഷണം നടത്തി റിപ്പോർട്ട് കലക്ടർക്ക് കൈമാറുകയും ചെയ്തു. ധനസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട് എന്നാണ് അറിയുന്നത്. കലക്ടർ ഇത് സർക്കാരിന് സമർപ്പിച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമൊന്നും ആയില്ല.
ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ ആവശ്യപ്പെട്ടും ധനസഹായത്തിനു വേണ്ടിയും വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെെടയുള്ളവർ തിരുവനന്തപുരത്തെത്തി ആരോഗ്യമന്ത്രിയെ കണ്ടിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രി വാഗ്ദാനം ചെയ്യുകയും വൈകാതെ വേങ്ങൂരിലെത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുവരെ ആരോഗ്യമന്ത്രി വേങ്ങൂർ സന്ദർശിച്ചിട്ടില്ല. പഞ്ചായത്ത് അധികൃതർ നാട്ടുകാരിൽനിന്ന് പിരിച്ച പണമാണ് മരിച്ചവരുടെ കുടുംബത്തിനും ആശുപത്രിയിൽ ചികിത്സ തേടിയവർക്കും നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാർ ധനസഹായം അനുവദിക്കാൻ നിയമപരമായ തടസ്സമുണ്ടെന്നായിരുന്നു അധികൃതരുടെ ആദ്യവാദം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു മാസത്തിലേറെയായിട്ടും മഞ്ഞപ്പിത്തം ബാധിച്ച് സർവതും തകർന്ന ഒട്ടേറെ പേർക്ക് ഇനിയും സഹായമെത്തിയിട്ടില്ല.
ഇന്നലെ മലപ്പുറത്തും മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്നുപേരാണ് മലപ്പുറം ജില്ലയിൽ മരിച്ചത്.