മാനന്തവാടിയില്‍ എത്തിയ കാട്ടാനയെ മയക്കുവെടി വെക്കും;കുങ്കിയാനകളായ വിക്രമും സൂര്യനും എത്തി, ദൗത്യം ഉടൻ
മാനന്തവാടി: മാനന്തവാടിയില്‍ എത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ഉത്തരവായി. തുറസായ സ്ഥലത്തേക്ക് ആന മാറിയാല്‍ ഉടന്‍ മയക്കുവെടിവെക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. നിലവില്‍ ആന നില്‍ക്കുന്ന സ്ഥലത്തിന് സമീപം വീടുകളും സ്ഥാപനങ്ങളുമുണ്ട്. മയക്കുവെടി വെക്കുമ്പോള്‍ ആന ഓടിയാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇതാണ് ആന മാറിയ ശേഷം വെടിവെക്കാമെന്ന് തീരുമാനിക്കാന്‍ കാരണം.
അതേസമയം ദൗത്യത്തിനായി വനംവകുപ്പിന്റെ പ്രത്യേക സംഘം മാനന്തവാടിയിലേക്ക് പുറപ്പെട്ടു. കുങ്കിയാനകളായ വിക്രത്തേയും സൂര്യനേയും മാനന്തവാടിയില്‍ എത്തിച്ചിട്ടുണ്ട്. മുത്തങ്ങ ആനപ്പന്തിയിൽ നിന്നാണ് രണ്ട് കുങ്കിയാനകളേയും എത്തിച്ചത്. ദൗത്യത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് കര്‍ണാടക വനംവകുപ്പ് അറിയിച്ചു. മയക്കുവെടി വെച്ച് പിടിച്ചശേഷം ആനയെ തിരികെ കര്‍ണാടകയിലേക്ക് കൊണ്ടുപോകാനും തീരുമാനമായിട്ടുണ്ട്.
കാട്ടാന മാനന്തവാടി നഗരത്തിന് സമീപം തുടരുകയാണ്. ഇതുവരെ ആന പ്രകോപനമുണ്ടാക്കുകയോ ആക്രമിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഹാസനില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് നാടുകടത്തപ്പെട്ട ആനയായതിനാല്‍ ആശങ്ക നിലനില്‍ക്കുകയാണ്.
കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മുലഹൊള്ളയിൽ തുറന്നുവിട്ട ആനയാണ് മാനന്തവാടിയിലെത്തിയത്. ‘ഓപ്പറേഷന്‍ ജംബോ’ എന്ന ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണിതെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിക്കുന്നത്.
ആനയെ ജനുവരി 16-നാണ് കര്‍ണാടക വനംവകുപ്പ് പിടികൂടിയത്. പ്രദേശത്ത് ഭീതി വിതയ്ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തതോടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലേക്ക് വനംവകുപ്പ് കടന്നത്. സ്ഥിരമായി കാപ്പിത്തോട്ടങ്ങളില്‍ കറങ്ങിനടക്കുന്ന ശല്യക്കാരായിരുന്നു ഈ ആന എന്നാണ് വിവരം.
കാട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന് മാനന്തവാടിയില്‍ സി.ആര്‍.പി.സി. 144 പ്രകാരമുള്ള നിരോധനാജ്ഞ തുടരുകയാണ്. എടവക ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച്, ഏഴ് വാര്‍ഡുകളിലും മാനന്തവാടി നഗരസഭയിലെ 24, 25, 26, 27 ഡിവിഷനുകളിലുമാണ് മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.