FeaturedKeralaNews

കണ്ണൂർ ഉളിക്കലിൽ കാട്ടാനയിറങ്ങി; പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമം, ഭയന്നോടിയ മൂന്ന് പേർക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂർ ഉളിക്കൽ ടൗണിനടുത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ഊര്‍ജിത ശ്രമവുമായി വനംവകുപ്പ്. നിരവധി തവണ പടക്കം പൊട്ടിച്ച് കാട്ടാനയെ  ആനയെ കശുമാവിന്‍ തോട്ടത്തിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ, ഉളിക്കൽ ടൗണിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിയും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഉളിക്കലിലെ വയത്തൂര്‍ ജനവാസ മേഖലയിലാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. കാട്ടാനയെ പകല്‍ കാട്ടിലേക്ക് തുരത്തുക ബുദ്ധിമുട്ടാണെന്നാണ് വനംവകുപ്പ് പറയുന്നത്. പത്തു കിലോമീറ്റര്‍ ദൂരത്തിലായാണ് വനമേഖലയിലുള്ളത്. വൈകിട്ടോടെ തന്നെ കാട്ടിലേക്ക് തുരത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് വനംവകുപ്പ്. ആന ഓടിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് വനംവകുപ്പും നിരീക്ഷണം നടത്തുന്നുണ്ട്. നിലവില്‍ ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന.

ഇതിനിടയിലെ ജനവാസ മേഖലയിലൂടെ കാട്ടാനയെ തുരത്തുകയെന്നതാണ് വെല്ലുവിളി.ജനവാസ മേഖലയായതിനാൽ ആനയെ പകൽ സമയം തുരത്തുന്നത് പ്രായോഗികമല്ലെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. രാത്രിയില്‍ കാട്ടാനക്ക് സഞ്ചാര പാത ഒരുക്കാനാണ് അധികൃതരുടെ ശ്രമം. ഉളിക്കലില്‍നിന്ന് ഇരിട്ടിയിലേക്കുള്ള പ്രധാന പാതയോട് ചേര്‍ന്നുള്ള ലത്തീന്‍ പള്ളിക്ക് സമീപത്തെ പറമ്പിലാണ് ആന ആദ്യം നിലയുറപ്പിച്ചിരുന്നത്. ഇവിടെനിന്ന് പടക്കം പൊട്ടിച്ച് സമീപത്തെ കശുമാവിന്‍ തോട്ടത്തിലേക്ക് ആനയെ തുരത്തിയെങ്കിലും വീണ്ടും ജനവാസ കേന്ദ്രത്തിലെത്തുകയായിരുന്നു. മയക്കുവെടിവെക്കാനുള്ള സാധ്യതയും ഇപ്പോഴില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. മയക്കുവെടിയേറ്റാല്‍ ആന ജനവാസകേന്ദ്രങ്ങളിലേക്ക് ഓടാന്‍ സാധ്യതയുണ്ട്. സ്ഥലത്തേക്ക് ആളുകള്‍ വരരുതെന്നാണ് വനംവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇതിനിടെ ആനയെ കണ്ട്  ഭയന്നോടിയ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്.


കണ്ണൂര്‍ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനയിറങ്ങിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാനയെ ആദ്യം കണ്ടത്. കാട്ടാനയെ മയക്കുവെടിവെക്കണമെന്നും അല്ലെങ്കില്‍ അടിയന്തരമായി കാട്ടിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.  പുലര്‍ച്ചെ  കൃഷി ഭവന് സമീപത്തെ കശുമാവിൻ തോട്ടത്തിലാണുണ്ടായിരുന്നത്. പിന്നീട് മാര്‍ക്കറ്റിന് സമീപത്തേക്ക് പോവുകയായിരുന്നു. കാട്ടാനയിറങ്ങിയതിനെതുടര്‍ന്ന് ഉളിക്കലിലെ കടകൾ അടയ്ക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. വയത്തൂർ വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്കൂളുകൾക്കും അവധിയും നല്‍കി. ഉളിക്കലിലെ 9 മുതൽ 14 വരെയുള്ള വാർഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിർത്തിവച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker