വാൽപ്പാറ: വൈദ്യുതി വകുപ്പിന്റെ ജീപ്പിനോട് കാട്ടാനയുടെ അക്രമം. വാൽപ്പാറയിലാണ് സംഭവം. വൈദ്യുതി വകുപ്പിലെ ജീവനക്കാരുമായി എത്തിയ ജീപ്പ് കാട്ടാന ആക്രമിക്കുകയായിരുന്നു. ജീപ്പ് കാട്ടാന ആക്രമിച്ച് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന വൈദ്യുതി വകുപ്പിന്റെ എൻജിനീയറും സഹപ്രവർത്തകരും അത്ഭുതകരമായി രക്ഷപ്പെട്ടു. ആനമലയ്ക്ക് സമീപം നവമലയിൽ ജൂനിയർ വൈദ്യുതി വിഭാഗം എൻജിനീയറായ വിശ്വനാഥനും, വൈദ്യുതി വകുപ്പിലെ ജീവനക്കാരും കൂടി അത്താളി അമ്മൻ ക്ഷേത്രം വഴി ആളിയാറിലേക്ക് പോകുമ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
കാട്ടാന ജീപ്പിനെ പത്തടി താഴ്ചയിലേക്ക് കുത്തിമറിക്കുകയായിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും നിസാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. റോഡിൽ ജീപ്പിന് മുന്നിൽ കാട്ടാനയെ കണ്ട് ജീപ്പ് പിന്നോട്ട് എടുത്തെങ്കിലും ആന ഞൊടിയിടയിൽ പാഞ്ഞടുക്കുകയായിരുന്നു. ജീപ്പിനെ കൊമ്പിൽ കോർത്ത് താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു. അപകടത്തിൽ ജീപ്പിന്റെ ചില്ലുകളും മുൻ ഭാഗത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പിന്റെ മഹീന്ദ്ര ബൊലേറോ വാഹനമാണ് അപകടത്തിൽപ്പെട്ടത്.