KeralaNews

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു,വിഷുവും മഴ ഭീഷണിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു (Wide Spread rain Continues in Kerala). എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മറ്റന്നാളോടെ മഴ കൂടുതൽ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കനത്തമഴയിൽ ആലപ്പുഴ പള്ളിപ്പാട് ഉണ്ടായ മടവീഴ്ചയിൽ ലക്ഷങ്ങളുടെ കൃഷി നശിച്ചു.

കേരളത്തെ വിടാതെ ഒപ്പം തുടരുകയാണ് മഴ. മധ്യ തെക്കൻ കേരളത്തിൽ ഉച്ചയോടെ മഴ തുടങ്ങി. തിരുവനന്തപുരത്ത് മലയോരമേഖലയിലും നഗരപ്രദേശത്തും നല്ല മഴ കിട്ടി. കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവിലും ആലപ്പുഴ പള്ളിപ്പാട് പഞ്ചായത്തിലെ പള്ളിക്കൽ മുല്ലേമൂല പടശേഖരത്ത് മട വീണു. 110 ഏക്കർ വിസ്തൃതി ഉള്ള പാടശേഖരത്തിലാണ് ഇന്ന് പുലർച്ചെ മടവീഴ്ച ഉണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നും പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.

അടുത്ത മണിക്കൂറുകളിൽ മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും കിഴക്കൻ മേഖലകളിൽ മഴ കനക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ ഉച്ചയോട് കൂടി മഴ കനത്തേക്കാം. അതായത് വിഷു ദിനം മഴയിൽ കുതിർന്നേക്കാം എന്നാണ് പ്രവചനം. വടക്കൻ കേരളത്തിൽ, കിഴക്കൻ മേഖലയിലായിരിക്കും മഴ കിട്ടുക. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി കാറ്റ് കേരളത്തിന് അനുകൂലമായതാണ് മഴ തുടരാൻ കാരണം. ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തുംവരെ മഴ തുടരാം. തെക്കേ ഇന്ത്യക്ക് മുകളിലായുള്ള ന്യൂനമർദ്ദപാത്തിയും മഴയ്ക്ക് കാരണമാകും. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker