KeralaNews

തെക്കന്‍ കേരളം വികസനക്കുതിപ്പിലേക്ക്‌!വിഴിഞ്ഞം – കൊല്ലം – പുനലൂർ വ്യവസായിക സാമ്പത്തിക വളർച്ചാ മുനമ്പ്;അംഗീകാരം നൽകിയതായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കൻ മേഖലയെ ഊർജ്ജസ്വലമായ ഒരു വ്യവസായിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള വിഴിഞ്ഞം – കൊല്ലം – പുനലൂർ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് എന്നൊരു ബൃഹത് പദ്ധതി കിഫ്‌ബി വഴി നടപ്പാക്കുന്നതിന് സംസ്ഥാനസർക്കാർ അംഗീകാരം നൽകിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ.

കമ്മീഷനിങ്ങിനു സജ്ജമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മദർഷിപ്പ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്‌ട്ര ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖത്തിന്റ് സാധ്യതകൾ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു. കിഫ്ബി പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് കൊല്ലം, തിരുവനന്തപുരം എന്നീ തെക്കൻ ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ഈ പദ്ധതിയുടെ സാധ്യതകൾ തെക്കന്‍ കേരളത്തിലെ സാമ്പത്തിക വളർച്ചയിൽ ഒതുങ്ങുന്നതല്ല. തീരപ്രദേശങ്ങൾ, മധ്യ മേഖല, മലയോര മേഖല എന്നിവയെ പ്രധാന റോഡ് – റെയിൽ ഇടനാഴികൾ വഴി വ്യവസായ ഇടനാഴിയുടെ ഭാഗമാക്കിക്കൊണ്ട് കേരളത്തിന്റെ സമ്പൂർണ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ഉൾപ്പെടെ വൈവിധ്യമാർന്ന കയറ്റുമതി ഇറക്കുമതി ചരക്കുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടുകൂടി നിരവധി അനുബന്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതിലൂടെ മെച്ചപ്പെടുന്ന വ്യാപാര പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ജിഡിപി ഗണ്യമായി വർധിപ്പിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മേഖലയിലുടനീളമുള്ള കാര്യക്ഷമമായ ലോജിസ്റ്റിക്‌സ് സുഗമമാക്കിക്കൊണ്ട്, തുറമുഖത്തിന്റെ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു വ്യാവസായിക ഇടനാഴി സ്ഥാപിച്ച് തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഗ്രോത്ത് ട്രയാംഗിൾ, വളര്‍ച്ചാനോഡുകൾ, സബ് നോഡുകൾ, ഇടനാഴികൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു വ്യാവസായികമേഖല സൃഷ്ടിക്കുക വഴി ഗതാഗത, ലോജിസ്റ്റിക്, വ്യവസായ പാർക്കുകളുടെ ഒരു സംയോജനമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. പ്രധാന ഹൈവേകൾക്കും റെയിൽ ശൃംഖലകൾക്കും സമീപം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആ പ്രദേശത്തിൻറെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ഒരു സ്മാർട്ട് ഇൻഡസ്ട്രിയൽ ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാ ഇടനാഴിക്കുള്ളിലെ വിവിധ വികസന നോഡുകൾ ബന്ധിപ്പിക്കുന്നതിന് ഗതാഗത ഇടനാഴികൾ പ്രധാനമാണ്.

വിഴിഞ്ഞം – കൊല്ലം ദേശീയ പാത 66 (NH 66), കൊല്ലം – ചെങ്കോട്ട ദേശീയ പാത 744 , പുതിയ ഗ്രീൻഫീൽഡ് NH 744, കൊല്ലം – ചെങ്കോട്ട റെയിൽവേ ലൈൻ, പുനലൂര്‍ – നെടുമങ്ങാട് വിഴിഞ്ഞം റോഡ്‌ എന്നിവയാണ് ഈ വളര്‍ച്ചാ മുനമ്പിന്റെ മൂന്ന് വശങ്ങള്‍. ഇവ ഈ പ്രദേശത്തുടനീളമുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്ന ശ്രദ്ധേയമായ ഇടനാഴികൾ ആണ്. കൂടാതെ, പദ്ധതി പ്രദേശത്തിന് ഉള്ളില്‍ വരുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡും, വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും തലസ്ഥാന മേഖലയുടെ വികസനത്തിനു കൂടുതൽ കരുത്തേകും. ഗതാഗത ഇടനാഴികളുടെ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും, ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മെച്ചപ്പെട്ട ജീവിതനിലവാരം ഉയർത്തുന്നതിനും ഇടയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതുകൂടാതെ മേഖലാ വളർച്ച സുഗമമാക്കുന്നതിന്, നിരവധി പ്രധാന നോഡുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തുറമുഖത്തേക്ക് നേരിട്ട് പ്രവേശനമുള്ള അന്താരാഷ്ട്ര വ്യാപാരത്തിനുള്ള കവാടമായി പ്രവർത്തിക്കുന്ന വിഴിഞ്ഞം നോഡ്, നിലവിലുള്ള വ്യവസായങ്ങളെ ഗതാഗത ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന കൊല്ലം അർബൻ സെൻ്റർ നോഡ്, പുനരുപയോഗ ഊർജ വ്യവസായങ്ങളുടെ കേന്ദ്രമായി മാറുവാൻ സാധ്യതയുള്ള പുനലൂർ നോഡ് എന്നിവയാണവ.

ഇത് കൂടാതെ, പള്ളിപ്പുറം – ആറ്റിങ്ങൽ – വർക്കല, പാരിപ്പള്ളി – കല്ലമ്പലം, നീണ്ടകര – കൊല്ലം, കൊല്ലം – കുണ്ടറ, കുണ്ടറ – കൊട്ടാരക്കര, അഞ്ചൽ – ആയൂർ, നെടുമങ്ങാട് – പാലോട് തുടങ്ങിയ ഉപ – നോഡുകൾ പ്രാദേശിക വികസനത്തിന് പിന്തുണ നൽകുകയും, ആനുകൂല്യങ്ങൾ ഗ്രാമീണ മേഖലകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. തിരുവനന്തപുരത്തു വിഭാവന ചെയ്തിട്ടുള്ള ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ കൂടെ ഈ പദ്ധതിയുടെ ഭാഗം ആകുന്നതിലൂടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും, വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ തനതു വ്യവസായ മേഖലകൾ ഉൾപ്പെടെ ഏഴ് പ്രധാന മേഖലകൾ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമുദ്രോത്പന്ന ഭക്ഷ്യ സംസ്കരണവും കയറ്റുമതിയും, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, ഐടി/ഐടിഇഎസ്/ബഹിരാകാശ മേഖല, ഗതാഗതവും ലോജിസ്റ്റിക്സും, പുനരുപയോഗ ഊർജം, അസംബ്ലിങ് യൂണിറ്റുകൾ, മെഡിക്കൽ ടൂറിസം / ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു.

സാധ്യതാ പഠനങ്ങൾ, ഫണ്ടിങ് ലഭ്യമാക്കല്‍, വ്യവസായ സ്ഥാപനങ്ങളും ഉടമസ്ഥരുമായിട്ടുള്ള കരാറുകൾ, റോഡുകളുടെ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ ഘട്ടം ഘട്ടമായുള്ള സമീപനമാണ് ഈ പദ്ധതിക്കായി സ്വീകരിക്കുക. ഇൻഫ്രാസ്ട്രക്ചർ, വ്യാവസായിക ഇടനാഴികൾ, ടൂറിസം, എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്ന് വർഷത്തിനുള്ളിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരമ്പരാഗത ഭൂമി എടുക്കൽ രീതികൾക്കപ്പുറമുള്ള ലാൻഡ് പൂളിംഗ്, പൊതു-സ്വകാര്യ പങ്കാളിത്തം (PPP), നേരിട്ട് വാങ്ങൽ (Direct Negotiated Purchase), ഭൂമി കൈമാറ്റം (Land exchange) തുടങ്ങിയ നൂതന രീതികൾ എന്നിവയിലൂടെ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുവാൻ കഴിയും, കൂടാതെ ഇടനാഴികളില്‍ പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ) പ്രഖ്യാപിക്കുക വഴി പദ്ധതിക്ക് വേണ്ടി നിക്ഷേപം ആകര്‍ഷിക്കുവാനും വേഗം കൈവരിക്കുവാനും ആകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിഴിഞ്ഞം – കൊല്ലം – പുനലൂർ വികസന മുനമ്പ് തെക്കൻ കേരളത്തെ ഒരു വ്യവസായ – സാമ്പത്തിക കേന്ദ്രമായി മാറ്റുന്നതിനും അതിലൂടെ സംസ്ഥാനത്തെ ഒരു തുറമുഖാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് ഉയര്‍ന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് . അടിസ്ഥാന സൗകര്യ വികസനത്തിനും സുസ്ഥിര സമ്പ്രദായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക വ്യാവസായിക ഭൂപടത്തില്‍ ഈ മേഖലയെ ഒരു പ്രധാന കേന്ദ്രമായി വളര്‍ത്താന്‍ ലക്ഷ്യമിടുന്നു. പദ്ധതിയുടെ വിജയകരമായ പ്രവർത്തനങ്ങൾ വഴി കേരളത്തിലേക്ക് വലിയ നിക്ഷേപങ്ങൾ ആകർഷിക്കുവാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അത് വഴി സംസ്ഥാനത്തിന്റെ ജിഡിപി ഗണ്യമായി വർധിപ്പിക്കുവാനും വരും വർഷങ്ങളിൽ ആഭ്യന്തര, അന്തർദേശീയ വ്യവസായ സംരംഭങ്ങളുടെ കേന്ദ്രബിന്ദുവായി മാറുവാനും ഇ പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നു.

ഭാവിയിൽ, ഈ ഇടനാഴി കൊല്ലത്തു നിന്നും ആലപ്പുഴ NH 66 വഴി കൊച്ചിയിലേക്കും, പുനലൂർ നിന്നും പത്തനംതിട്ടയിലേക്കും എംസി റോഡ് വഴി കോട്ടയത്തേക്കും ബന്ധിപ്പിച്ച് മധ്യകേരളത്തിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഈ വിപുലീകരണം സംസ്ഥാനത്തുടനീളമുള്ള കണക്റ്റിവിറ്റിയും സാമ്പത്തിക സംയോജനവും കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker