മേപ്പാടി: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ വി.ഐ.പി സന്ദര്‍ശനത്തിനെതിരേ പരാതി. വി.ഐ.പികളുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് നാട്ടുകാരുടെയും ഒരു വിഭാഗം രക്ഷാപ്രവര്‍ത്തകരുടേയും പരാതി. ആവശ്യ സാധനങ്ങള്‍ എത്തിക്കുന്നവരെ തടയുന്നുവെന്നും റോഡ് ബ്ലോക്കാകുന്നതുമൂലം രക്ഷാദൗത്യം വൈകുന്നുവെന്നുമാണ് ആരോപണം. എം.പിമാരും എം.എല്‍.എ മാരും മറ്റ് ജനപ്രതിനിധികളുമടക്കം നിരവധിയാളുകള്‍ ദുരന്തപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിവരികയാണ്.
സൈന്യം തടയുന്നത് വകവെക്കാതെ രണ്ട് തവണ ബെയ്‌ലി പാലത്തിലൂടെ വാഹനം ഓടിച്ചുകയറ്റി. പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ പോലീസും സൈന്യവുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനിടെയും സമാനമായ സാഹചര്യമുണ്ടായി. സൈന്യത്തിന്റെ നിര്‍ദേശം വകവെക്കാതെ ബെയ്‌ലി പാലത്തില്‍ ഓടിച്ചുകയറ്റിയ വാഹനവും രാഹുല്‍ ഗാന്ധിയുടെ വാഹനവും മുഖാമുഖം വന്നു. അതോടെ ബ്ലോക്കായി.
വി.ഐ.പി സന്ദര്‍ശനത്തിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും മറ്റ് ആവശ്യസാധനങ്ങളും എത്തിക്കാനാകുന്നില്ലെന്നതാണ് പ്രധാനമായും ഉയരുന്ന പരാതി. ആവശ്യ സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ തടയുന്ന സ്ഥിതിയുമുണ്ട്. വി.ഐ.പികള്‍ സ്ഥലം സന്ദര്‍ശിക്കുന്ന വേളയില്‍ രക്ഷാപ്രവര്‍ത്തകരെ അകത്തേക്ക് കടത്തിവിടാനാകില്ലെന്ന് അറിയിച്ചതോടെ തര്‍ക്കമുണ്ടായി. ഒരു വിഭാഗം രക്ഷാപ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു.