KeralaNews

Vijayalakshmi murder: മൃതദേഹം മൂടിയ സ്ഥലത്തെ മണ്ണ് രണ്ടു ദിവസത്തിനുശേഷം വിണ്ടു കീറി,മറ്റൊരു വീട് പണിയുന്നിടത്തു നിന്ന് കോണ്‍ക്രീറ്റ് മിശ്രിതം വിതറി;ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹത

ആലപ്പുഴ: അമ്പലപ്പുഴ കരൂരില്‍ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കിട്ടിയതോടെ ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹത. ഇതോടെ ജയചന്ദ്രന്‍ നല്‍കിയ മൊഴിയും സത്യമായി. കട്ടിലില്‍ തള്ളിയിട്ടശേഷം വെട്ടുകത്തി ഉപയോഗിച്ച് ഒന്നിലേറെത്തവണ ഇയാള്‍ വെട്ടി. വിജയലക്ഷ്മിയുടെ വസ്ത്രം വീടിനടുത്ത് നിര്‍മാണം നടക്കുന്ന മറ്റൊരു വീടിന്റെ ശൗചാലയത്തിലിട്ടു കത്തിക്കുകയും ചെയ്തു. വീടുപണിയുന്നതിന് തലേന്നു കല്ലിട്ട സമീപത്തെ പുരയിടത്തില്‍ മൃതദേഹം കയറില്‍ കെട്ടിവലിച്ചുകൊണ്ടുപോയി കുഴിച്ചിട്ടത് അതിനുശേഷമാണ്.

ഒരുമീറ്റര്‍ ആഴത്തില്‍ കുഴിയെടുത്താണ് മൂടിയത്. ഇവിടെ നിന്നാണ് മൃതദേഹം കിട്ടിയത്. ഓരോതവണ അന്വേഷണം വഴിതെറ്റിക്കാന്‍ ജയചന്ദ്രന്‍ ശ്രമിക്കുമ്പോഴും പൊലീസ് ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി അതെല്ലാം പൊളിച്ചു. ഒടുവില്‍ കൊലപാതകത്തിന്റെ വിവരങ്ങള്‍ ഗത്യന്തരമില്ലാതെ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു പ്രതി.

മൃതദേഹം മൂടിയ സ്ഥലത്തെ മണ്ണ് രണ്ടു ദിവസത്തിനുശേഷം വിണ്ടു കീറിയതുകണ്ട ജയചന്ദ്രന്‍, മറ്റൊരു വീട് പണിയുന്നിടത്തു നിന്ന് കോണ്‍ക്രീറ്റ് മിശ്രിതം കൊണ്ടുവന്ന് അവിടെ വിതറി. അതിനിടെയാണ് ബന്ധുക്കള്‍ വിജയലക്ഷ്മിയെ അന്വേഷിക്കുന്നത് അറിഞ്ഞത്. ഇതോടെ മുന്‍പു കണ്ട സിനിമയിലെ രംഗം അനുകരിച്ച് വിജയലക്ഷ്മിയുെട ഫോണ്‍ എറണാകുളത്തുപോയി കണ്ണൂരിലേക്കുള്ള ബസ്സില്‍ ഉപേക്ഷിച്ചതും. പക്ഷേ, ഇരുദിശയിലേക്കുമുള്ള യാത്രാടിക്കറ്റ് പ്രതി ഉപേക്ഷിക്കാന്‍ വിട്ടുപോയത് പക്ഷേ തെളിവായി. അങ്ങനെ ദൃശ്യം മോഡല്‍ പൊളിഞ്ഞു.

നവംബര്‍ നാലിനാണ് വിജയലക്ഷ്മി അമ്പലപ്പുഴയില്‍ എത്തിയത്. ആറാം തീയതി മുതല്‍ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ എറണാകുളം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് ലഭിച്ച ഫോണാണ് നിര്‍ണ്ണായകമായത്. ഫോണ്‍ ലഭിച്ച കണ്ടക്ടര്‍ അതു പൊലീസിനു കൈമാറി. ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മില്‍ അയച്ച സന്ദേശങ്ങള്‍ അതില്‍നിന്നു പൊലീസിനു കിട്ടി. ഇതോടെ, വിജയലക്ഷ്മി അവസാനമായി സംസാരിച്ചത് ജയചന്ദ്രനുമായാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.

ഇതിനിടെ ജയചന്ദ്രനെ തേടി പൊലീസ് അമ്പലപ്പുഴയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. മീന്‍ പിടിക്കാന്‍ ഈ സമയം ജയചന്ദ്രന്‍ കടലില്‍ പോയിരുന്നു. കടലില്‍ പോയാല്‍ ഒരാഴ്ചയോളം കഴിഞ്ഞേ ജയചന്ദ്രന്‍ തിരിച്ചെത്തൂ എന്നാണ് ഭാര്യ സുനിമോള്‍ പറഞ്ഞത്. എന്നാല്‍ നിര്‍ണായകമായ ചില വിവരങ്ങള്‍ സുനിമോളില്‍നിന്ന് ഇതിനിടെ പൊലീസിനു ലഭിച്ചിരുന്നു. ഇതോടെ എല്ലാം ഉറപ്പിച്ചു. കടലില്‍ നിന്നെത്തിയ ജയചന്ദ്രനെ പോലീസ് പൊക്കി. പിന്നെ കുറ്റസമ്മതം. ഞായറാഴ്ച കസ്റ്റഡിയിലായ ഇയാളില്‍നിന്ന് ദുരൂഹതയുടെ ചുരുളഴിച്ച പൊലീസ് അന്നുതന്നെ കൊലപാതകസ്ഥലത്തെത്തി. വീടും പരിസരവുമടക്കം പരിശോധിച്ച് സാഹചര്യത്തെളിവുകള്‍ ശേഖരിച്ചു.

തിങ്കളാഴ്ചയും ഇവിടെയെത്തിയ പൊലീസ് മൃതദേഹം അടുത്തപുരയിടത്തില്‍ ഉള്ളതായി സ്ഥിരീകരിച്ചു. 13നാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന പരാതി കരുനാഗപ്പള്ളി പൊലീസിന് ലഭിക്കുന്നത്. ഒമ്പതുമുതല്‍ കാണാനില്ലെന്നായിരുന്നു സഹോദരി തഴവ കൊച്ചയ്യത്തുവീട്ടില്‍ ഗീത(43)യുടെ പരാതി. എന്നാല്‍ തിരോധാനം ആറുമുതലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അയല്‍വാസികളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. വിജയലക്ഷ്മി എറണാകുളത്തുണ്ടെന്നാണ് ആദ്യം പ്രതി പറഞ്ഞത്. പിന്നീട് മറ്റെവിടേക്കോ പോയെന്നായി. ഇവരുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനടക്കം നടത്തിയ ശ്രമങ്ങളെല്ലാം തെളിവുകള്‍ നിരത്തിയുള്ള ചോദ്യംചെയ്യലില്‍ പൊളിഞ്ഞു.

കരുനാഗപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മിയെ ഇടുക്കിയിലാണ് വിവാഹം കഴിച്ചയച്ചത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ അവരുമായി അകന്ന ഇവര്‍ കരുനാഗപ്പള്ളിയില്‍ തിരിച്ചെത്തി കുലശേഖരപുരം കൊച്ചുമാമ്മൂട് ലീലാഭവനത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനിടെയാണ് തുറമുഖത്ത് മീന്‍പിടിത്ത ബോട്ടില്‍ തൊഴിലാളിയായ ജയചന്ദ്രനുമായി സൗഹൃദത്തിലായത്. സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായാണ് വിവരം.

ആലപ്പുഴയില്‍ യുവതിയെ തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടിയ കേസില്‍ നിര്‍ണായകമായത് പ്രതി കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ തന്നെയാണ്. ദൃശ്യം സിനിമയിലേതുപോലെ കൊല്ലപ്പെട്ടയാളുടെ ഫോണ്‍ ഉപേക്ഷിക്കുന്നതിനുപകരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനത്തില്‍കൊണ്ടിട്ട് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു പ്രതി ജയചന്ദ്രന്റെ ശ്രമം.

കൊലപാതകശേഷം കൊച്ചിയിലെത്തിയ ഇയാള്‍ കണ്ണൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ വിജയലക്ഷ്മിയുടെ ഫോണ്‍ ഉപേക്ഷിച്ചു. എന്നാല്‍, ബസില്‍നിന്ന് ഫോണ്‍ ലഭിച്ചയാള്‍ രണ്ടാഴ്ചമുമ്പ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ദീര്‍ഘനേരം അമ്പലപ്പുഴയില്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.

സെന്‍ട്രല്‍ പൊലീസ് അമ്പലപ്പുഴ പൊലീസിന് ഈ ഫോണ്‍ കൈമാറി. വിജയലക്ഷ്മിയുടേതാണ് ഫോണെന്ന് പൊലീസ് കണ്ടെത്തി. വിജയലക്ഷ്മിയെ കാണാനില്ലെന്ന് കരുനാഗപ്പള്ളി പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകം കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker