വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കി, മറ്റൊരു രാജ്യത്തേക്ക് കടന്നതായി സംശയം
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോർട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നൽകിയ അപേക്ഷയെത്തുടർന്നാണ് നടപടി. പാസ്‌പോർട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി. പാസ്‌പോർട്ട് റദ്ദായ കാര്യം ഇന്ത്യൻ എംബസി മുഖാന്തരം യു.എ.ഇ. എംബസിയെ അറിയിക്കും. ഈ സാഹചര്യത്തിൽ വിജയ് ബാബുവിനെ യു.എ.ഇ. പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.
എന്നാൽ, വിജയ് ബാബു ഇപ്പോഴും യു.എ.ഇ.യിൽ തന്നെയുണ്ടോയെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. കേസുകളിൽ പ്രതികളായവരെ കൈമാറ്റം ചെയ്യാനുള്ള കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കഴിഞ്ഞ ദിവസം ഇയാൾ കടന്നതായും സൂചനയുണ്ട്. എന്നാൽ പോലീസ് ഇക്കാര്യം ഉറപ്പിച്ചിട്ടില്ല.
കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്. ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
ലഹരി വസ്തുക്കൾ നൽകി അർദ്ധ ബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബും ബലാത്സംഗം ചെയ്തെതന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സിനിമയിൽ കഥാപത്രങ്ങൾ വാഗ്ദാനം ചെയ്തും നഗ്ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വിജയ് ബാബു പീഡനം തുടർന്നതായും ശാരീരികമായി ഉപദ്രവിച്ചതായും പറയുന്നു. ബാലാത്സംഗം, ദേഹോപദ്രവം എൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരായ കേസ്.