FeaturedKeralaNewsNews

ഹൈക്കോടതി വിധി എല്ലാവര്‍ക്കും ബാധകം,ജനകോടതിയിൽ തന്നെ ഒതുക്കാനാവില്ല : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്.എന്‍. ട്രസ്റ്റ് ബൈലോ ഭേദഗതി ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് എല്ലാവര്‍ക്കും ബാധകമാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ മാത്രം ബാധിക്കുന്നതല്ല. തനിക്കെതിരെയുള്ളത് സ്വകാര്യ അന്യായമാണ്. അതില്‍ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കുകയോ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍ മാത്രമേ മാറി നില്‍ക്കേണ്ടതുള്ളൂ. അതിനാല്‍ താന്‍ മാറി നല്‍ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ട്രസ്റ്റികളായി ഇരിക്കുന്ന എല്ലാവരേയും ബാധിക്കുന്ന വിധിയാണ്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട് ചാര്‍ജ് കോടതി ഫ്രെയിം ചെയ്യുകയും ട്രസ്റ്റിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്ന് കണ്ടാല്‍ കേസ് അവസാനിക്കുന്നത് വരെ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവ് ഉണ്ടെങ്കിലും ജില്ലാ കോടതിയില്‍ പോയി വിധി സംബാധിച്ചാല്‍ മാത്രമേ മാറി നില്‍ക്കേണ്ടതുള്ളു. എന്നെ പ്രതിയായി ഇവിടെ വിചാരണയില്ല. കൊല്ലങ്ങള്‍ക്ക് മുമ്പ് എസ്.എന്‍. ട്രസ്റ്റിന്റെ ഒരു കേസുണ്ടായിട്ടുണ്ട്. സാമ്പത്തിക ആരോപണത്തിന്റെ പേരില്‍ ഒരു കേസ് ഉണ്ടാവുകയും അത് അന്വേഷിച്ച് ഉദ്യോഗസ്ഥര്‍ എഴുതി തള്ളുകയും ചെയ്തിട്ടുണ്ട്. അത് മറ്റൊരാള്‍ വീണ്ടും അന്വേഷിച്ച് തള്ളി. അതിപ്പോള്‍ വീണ്ടും കൊണ്ടുവരുമ്പോള്‍ ചാര്‍ജ് ഫ്രെയിം ചെയ്തിട്ടില്ല. എന്നെ സാമ്പത്തിക കേസില്‍ പെടുത്തുകയല്ലാതെ ജനകീയകോടതിയില്‍ വന്ന് ഇവര്‍ക്ക് ആര്‍ക്കും ഒരു ചുക്കും എസ്.എന്‍.ഡി.പി. യോഗത്തിലോ എസ്.എന്‍. ട്രസ്റ്റിലോ ചെയ്യാന്‍ സാധിക്കില്ല.’- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തന്നെ കള്ളനാക്കി, വെടക്കാക്കി തനിക്കാക്കണം. ഈ സ്ഥാനം മോഹിച്ച് പ്രേമിച്ച് നടക്കുന്ന ചില പ്രേമന്മാരുണ്ട്. അവരുടെ താത്പര്യം സംരക്ഷിക്കാന്‍ എന്നെ ഒരു ക്രിമിനല്‍ കേസില്‍പ്പെടുത്തി ശിക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ലിത്. 14 വര്‍ഷം മുമ്പ് മുതലുള്ള കാര്യമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി വരെ എത്രകേസില്‍ പ്രതിയായിക്കാണും? കുറ്റക്കാരായി ശിക്ഷിക്കപ്പെട്ടവര്‍ പോലും ഭരിക്കുന്ന കാലമാണിത്. തന്നെ ശിക്ഷിച്ചിട്ടില്ല, കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ല, ചാര്‍ജും കൊടുത്തിട്ടില്ല. തെറ്റായ ധാരണകളും പ്രചാരണവും നടക്കുന്നുണ്ടെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

‘ഞാനിനി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വരരുത് എന്നാഗ്രഹിക്കുന്നവരാണ് ഇതിന് പിന്നില്‍. പൊതുവിധിയാണിത്. നല്ലകാര്യമാണിത്. കോടതിയെ അഭിനന്ദിക്കുകയാണ് ഞാന്‍. അടുത്ത തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നത് ആ സമയമാവുമ്പോള്‍ തീരുമാനിക്കേണ്ടതാണ്. ഇനിയുമൊന്ന് ഇരിക്കണമെന്ന് എനിക്ക് തോന്നി ഞാന്‍ ഇരുന്നാല്‍ ഇരുന്നത് തന്നെയാണ്. ഇരുന്നിടത്ത് നിന്ന് ഇവരാരും എന്നെ ഇറക്കിവിട്ടിട്ടില്ല. എല്ലായിടത്തും നല്ല സ്വീകാര്യത നല്‍കി ഇരുത്തിക്കൊണ്ടിരിക്കുകയാണ്. വോട്ട് കിട്ടിയിട്ടാണ്, അതുകൊണ്ട് അസൂയ തോന്നിയിട്ട് കാര്യമില്ല.’- വെള്ളാപ്പള്ളി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button