KeralaNews

വന്ദേഭാരത്‌:കോട്ടയം പാതയിൽ റെയിൽയാത്ര അതിദുരിതം,റെയിൽവേയുടെ വാദത്തിനെതിരെ ജനവികാരം

കോട്ടയം:വന്ദേഭാരതിനെ ഏറ്റവും നല്ല മനസ്സോടുകൂടിയാണ് യാത്രക്കാർ എതിരേറ്റത് എന്നതിന്റെ തെളിവുകളാണ് റിസർവേഷൻ ചാർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ മറ്റു ട്രെയിനുകളെ ആശ്രയിക്കുന്നവരെയും സ്ഥിരയാത്രക്കാരെയും വിവേചനബുദ്ധിയോടെ നോക്കികാണുകയാണെന്നും സീസൺ യാത്രക്കാരുൾപ്പെടുന്നവരുടെ സമയത്തിന് യാതൊരു പ്രാധാന്യവും നൽകുന്നില്ലെന്ന് റെയിൽവേയുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമായെന്നും യാത്രക്കാർ ആരോപിക്കുന്നു.

“വന്ദേഭാരത്‌ മറ്റു ട്രെയിനുകളെ ബാധിച്ചില്ല” എന്ന റെയിൽവേയുടെ വാദമാണ് യാത്രക്കാരെ ചൊടിപ്പിച്ചത്. കോട്ടയം പാതയിൽ കടുത്ത ദുരിതമാണ് വന്ദേഭാരത്‌ വിതച്ചത്. പാലരുവിയുടെ കോട്ടയം സമയം പുലർച്ചെ 06 55 ലേയ്ക്ക് മാറ്റിയതോടെ റെയിൽവേ കടുത്ത ദുരിതമാണ് യാത്രക്കാർക്ക് സമ്മാനിച്ചത്.

പ്രാദേശിക ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പ് സ്റ്റേഷനുകളിൽ എത്തിച്ചേരാൻ കഴിയാതെ താത്ക്കാലിക അടിസ്ഥാനത്തിൽ എറണാകുളത്ത് ജോലി നോക്കുന്നവരും സ്വകാര്യ മേഖലയിലെ തൊഴിൽ നോക്കുന്ന സ്ത്രീകളും ഇപ്പോൾ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ് .

റെയിൽവേ സമയക്രമം ചിട്ടപ്പെടുത്തുമ്പോൾ സ്ഥിരയാത്രക്കാരെ ഒരു വിധത്തിലും പരിഗണിക്കുന്നില്ല. വന്ദേഭാരതിന് വേണ്ടി വേണാട് 10 മിനിറ്റ് വൈകിയാണ് ഇപ്പോൾ രാവിലെ പുറപ്പെടുന്നത്. എറണാകുളം ജംഗ്ഷനിൽ 09.30 ന് എത്തിക്കണമെന്ന യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യം പാടെ തള്ളിയാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്.. അതുകൊണ്ട് തന്നെ രാവിലെ എറണാകുളത്ത് ഓഫീസ് സമയം പാലിക്കുവാൻ ഏക ആശ്രയമായ പാലരുവിയിലെ ജനറൽ കോച്ചുകളിൽ യാത്രക്കാർ തിങ്ങിഞെരിയുകയാണ്.

പാലരുവി പിടിക്കണമെങ്കിൽ ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം ഭാഗത്തുനിന്നുള്ള യാത്രക്കാർ സൂര്യനുദിക്കും മുമ്പേ വീടുകളിൽ നിന്ന് പുറപ്പെടേണ്ട അവസ്ഥയാണ്. വന്ദേഭാരതിന് വേണ്ടി പാലരുവി വൈകുന്നില്ല എന്ന് റെക്കോർഡുകളിൽ വരുത്തിതീർക്കുവാൻ കൊല്ലത്ത് നിന്ന് 10 മിനിറ്റ് മുമ്പേ പുറപ്പെടുന്ന വിധം സമയം ചിട്ടപ്പെടുത്തിയത് പോരാതെ 15 മിനിറ്റിൽ ഓടിക്കയറേണ്ട തൃപ്പൂണിത്തുറ – എറണാകുളം ടൗൺ ദൂരത്തിന് റെയിൽവേ ഇപ്പോൾ നൽകിയിരിക്കുന്നത് 40 മിനിറ്റാണ്.

എന്നിട്ടും എറണാകുളം ടൗണിൽ പഴയ പോലെ പാലരുവിയ്ക്ക് ഓടിയെത്താൻ കഴിയുന്നില്ല. ഡെസ്റ്റിനേഷൻ പോയിന്റുകളിൽ അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ അധികസമയം നൽകി ഇടക്കുള്ള പിടിച്ചിടലിൽ നിന്ന് മുഖം രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ യാത്രക്കാരുടെ ഇടയിൽ ചെലവാകില്ലെന്ന് അസോസിയേഷൻ പ്രതിനിധിയായ ശ്രീജിത്ത് കുമാർ ആരോപിച്ചു .

വേണാട് എറണാകുളം ജംഗ്ഷനിൽ എത്തുമ്പോൾ ഓഫീസ് സമയം അതിക്രമിക്കുന്നതിനാൽ അതിഭയാനകമായ സ്ഥിതിവിശേഷമാണ് ഇപ്പോൾ പാലരുവിയിലുള്ളത്. പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒന്നരമണിക്കൂർ ഇടവേളയാണുള്ളത്. കോട്ടയം വഴി കടുത്ത ദുരിതമായിരിക്കും വേനൽ അവധി കഴിഞ്ഞുള്ള ദിവസങ്ങളിൽ കാത്തിരിക്കുന്നത്.

പാലരുവി വാഗൺ ട്രാജഡിയുടെ ആവർത്തനമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ദേഹാസ്വാസ്ഥ്യം മൂലം പാലരുവിയിൽ കുഴഞ്ഞുവീഴുന്ന വാർത്തകൾക്ക് ഇപ്പോൾ പ്രാധാന്യം നഷ്ടപ്പെട്ടു തുടങ്ങി. എന്നാൽ മെമു ട്രെയിനുകൾക്ക് മാത്രമായി കോട്ടയം സ്റ്റേഷനിൽ പൂർത്തിയായ 1 A പ്ലാറ്റ് ഫോമിൽ നിന്ന് വന്ദേഭാരതിന് ശേഷം എറണാകുളം ഭാഗത്തേയ്ക്ക് ഒരു മെമു ആരംഭിച്ചാൽ കോട്ടയം വഴിയുള്ള യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണ്. അതിരാവിലെയുള്ള മെമുവിനെ മാത്രം ആശ്രയിക്കേണ്ടി വരുന്ന ഏറ്റുമാനൂർ സ്റ്റേഷനിലെ യാത്രക്കാരുടെ ദുരിതത്തിനും ഇതോടെ പരിഹാരമാകുന്നതാണ്

വേണാടിന് തൃപ്പണിത്തുറയ്ക്കും എറണാകുളം ജംഗ്ഷനും ഇടയിൽ 40 മിനിട്ടാണ് നൽകിയിരിക്കുന്നത്. അതുപോലെ വടക്കാഞ്ചേരിയ്ക്കും ഷൊർണൂരിനും ഇടയിൽ 50 മിനിറ്റ് സമയമാണ് നൽകിയിരിക്കുന്നത്. ഫലത്തിൽ ഒരു മണിക്കൂറിലേറെ വേണാട് വൈകി ഓടിയാലും ഷൊർണൂർ ജംഗ്ഷനിൽ കൃത്യസമയം പാലിക്കും. കണക്കുപുസ്തകങ്ങളിൽ കൃത്യസമയം പാലിക്കുവാൻ കൃത്രിമം കാണിക്കുന്ന മിടുക്ക് മറ്റൊന്നിനും റെയിൽവേ കാണിക്കുന്നില്ല.

തിരിച്ചുള്ള യാത്രയിൽ പേട്ടയിൽ നിന്ന് ഡിവിഷൻ ആസ്ഥാനത്തേയ്ക്ക് വിളിച്ചാൽ കേൾക്കുന്ന ദൂരത്തിന് നൽകിയിരിക്കുന്നത് 35 മിനിട്ടാണ്. വന്ദേഭാരത്‌ മൂലം വൈകുന്ന സമയങ്ങളിൽ പാലരുവിയും വേണാടും സ്ഥിരപ്പെടുത്തി സമയക്രമം പ്രസിദ്ധീകരിച്ച് റെയിൽവേ ജനങ്ങളെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണ്. ട്രയൽ റൺ നടത്തിയ 05.10 ന് തന്നെ വന്ദേഭാരത് സെൻട്രലിൽ നിന്ന് പുറപ്പെടുന്നവിധം സമയം ക്രമീകരിച്ചിരുന്നെങ്കിൽ രാവിലെ വേണാടിനെ ഒരു വിധത്തിലും ബാധിക്കില്ലായിരുന്നു.

16325 നിലമ്പൂർ എക്സ്പ്രസ്സിന് ഇടപ്പള്ളിയ്ക്കും എറണാകുളം ടൗണിനും ഇടയിൽ നൽകിയിരിക്കുന്നത് 30 മിനിട്ടാണ്. മറ്റു ഗതാഗത സംവിധാനമൊന്നുമില്ലാത്ത മുളന്തുരുത്തി സ്റ്റേഷനിൽ 20 മിനിറ്റ് അധികമാണ് നൽകിയിരിക്കുന്നത്. എന്നാൽ ഈ സമയം തൃപ്പൂണിത്തുറയിൽ നൽകിയിരുന്നെങ്കിൽ നിരവധി യാത്രക്കാർക്ക് പ്രയോജനപ്പെട്ടേനെ. ബഫർ ടൈമുകൾ കൂട്ടി സമയക്രമം പാലിക്കുന്നത് വലിയ കഴിവായി കരുതുകയാണ് തിരുവനന്തപുരം ഡിവിഷൻ.

ഇതുമൂലം ഗതാഗതമാർഗ്ഗം പോലുമില്ലാത്ത സ്റ്റേഷൻ ഔട്ടറുകളിൽ യാത്രക്കാർ നരകിക്കുമ്പോഴും ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നുവെന്ന് റെയിൽവേ കൊട്ടിഘോഷിക്കുത് ഖേദകരമാണെന്ന് പാസഞ്ചർ അസോസിയേഷൻ പ്രതിനിധികളായ അജാസ് വടക്കേടം, ഷിനു എം എസ് എന്നിവർ ആരോപിച്ചു. പാസഞ്ചർ അസോസിയേഷനുകൾ വന്ദേഭാരതിന് എതിരല്ലെന്നും ഇനിയും വന്ദേഭാരതുകൾ ആവശ്യമാണെന്ന വസ്തുതയിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുകമാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button