CrimeKeralaNews

വൈഗയെ കൊലപ്പെടുത്തിയത് സനു മോഹൻ തന്നെ , താൻ മരിച്ചാൽ കുട്ടി ഒറ്റയ്ക്കാകുമെന്ന് കരുതി ചെയ്തതാണെന്ന് സനു മോഹൻ

കൊച്ചി: പതിമൂന്നുകാരിയായ വൈഗയെ ഞെരിച്ച് കൊന്നത് അച്ഛൻ സനു മോഹൻ തന്നെയെന്ന് പൊലീസ്. കൂടെ ആരുമുണ്ടായിരുന്നില്ല. കൊലപാതകത്തിൽ സനുവിനെ സഹായിക്കാൻ ആരെങ്കിലുമുണ്ടായിരുന്നുവെന്ന് ഇത് വരെ തെളിവ് കിട്ടിയിട്ടില്ല. വൈഗയെ ദേഹത്തോട് ചേർത്ത് നിർത്തി ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് സനു മോഹൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ സനു ആരെയെങ്കിലും ഭയപ്പെട്ടിരുന്നോ എന്നും, കൊലപാതകത്തിന് പ്രേരണയായി ആരെങ്കിലുമുണ്ടായിരുന്നോ എന്നും ഇനിയും പരിശോധിക്കേണ്ടതുണ്ട്. സനു മോഹൻ പറയുന്ന മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്നും, പലതും ഒളിക്കാൻ ശ്രമിക്കുകയാണെന്നും സനു നയിച്ചിരുന്നത് തീ‍ർത്തും രഹസ്യജീവിതമാണെന്നും സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കുന്നു.

https://youtu.be/ncAJ5bz3IWQ

താൻ ഏറ്റവുമധികം സ്നേഹിച്ചിരുന്നത് മകളെയാണെന്നാണ് സനു മോഹൻ പൊലീസിനോട് പറഞ്ഞത്. ഭാര്യയെ ആദ്യം ബന്ധുവീട്ടിലാക്കി തിരികെ വന്നു. മകൾ മാത്രമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. താൻ മരിച്ചുപോയാൽ വൈഗയ്ക്ക് ആരുമുണ്ടാകില്ലെന്ന് ഭയപ്പെട്ടു. ഭാര്യ കുട്ടിയെ നോക്കില്ലെന്നാണ് സനു മോഹൻ പൊലീസിനോട് പറഞ്ഞത്. അതുകൊണ്ട് കുട്ടിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. അതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി.

വൈഗയോട് നമ്മൾ രണ്ട് പേരും മരിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് ദേഹത്തോട് ചേർത്ത് ഞെരിച്ചതെന്നാണ് സനു മോഹൻ മൊഴി നൽകിയിരിക്കുന്നത്. ഇനി ജീവിക്കാനാകില്ലെന്നും, അച്ഛനും മരിക്കാൻ പോവുകയാണെന്നും വൈഗയോട് സനു പറഞ്ഞു. കുട്ടി ഇത് കേട്ട് കരഞ്ഞു. അപ്പോൾ വാ പൊത്തിപ്പിടിച്ചു. അതിന് ശേഷം ദേഹത്തോട് ചേർത്ത് ശക്തമായി ഞെരിച്ചു. വൈഗയുടെ മൂക്കിൽ നിന്ന് ശക്തമായി ദേഹം പിടിച്ച് ഞെരിച്ചപ്പോൾ രക്തം വന്നു. ആ രക്തം ഒരു പുതപ്പുപയോഗിച്ച് തുടച്ചുകളഞ്ഞുവെന്നും, ആ പുതപ്പ് ഫ്ലാറ്റിലെ വാഷിംഗ് മെഷീന് മുകളിൽ വച്ചിട്ടുണ്ടെന്നും സനു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അങ്ങനെയൊരു പുതപ്പ് ഫ്ലാറ്റിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

ന്നാൽ ഫ്ലാറ്റിൽ മറ്റൊരിടത്ത് നിന്ന് കുറച്ച് രക്തക്കറ കൂടി ഇറ്റിയ രീതിയിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് വൈഗയുടേത് തന്നെയാണോ, അതോ മറ്റാരുടേതെങ്കിലും ആണോ എന്ന കാര്യം വിശദമായ ഫൊറൻസിക് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ഈ രക്തക്കറ ആരുടേതെന്ന കാര്യത്തിൽ വിശ്വസനീയമായ മൊഴി നൽകാൻ സനുമോഹനായിട്ടില്ല. അതേസമയം, വൈഗയുടെ വയറ്റിൽ നിന്ന് മദ്യത്തിന്‍റെ അംശവും പോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. അത് എങ്ങനെയെന്ന കാര്യത്തിലും പൊലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്.

വൈഗയെ കൊലപ്പെടുത്തിയ ശേഷം ഒരു പുതപ്പിൽ പൊതിഞ്ഞ് എടുത്ത് പുറത്തേക്ക് പോയി എന്നാണ് സനു നൽകിയിരിക്കുന്ന മൊഴി. ശരീരത്തിന് ചലനമില്ലാതായപ്പോൾ വൈഗയെ എടുത്ത് കാറിന് പിന്നിൽ കിടത്തി പുഴയ്ക്ക് സമീപത്തേക്ക് പോയി. ഇങ്ങനെ വൈഗയെ എടുത്ത് സനു മോഹൻ കൊണ്ടുപോകുന്നത് കണ്ടതായി മൊഴി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം അങ്ങനെ സ്ഥിരീകരിക്കാമെന്ന് പൊലീസ് പറയുന്നു.

എന്നാൽ കുട്ടിയുടെ ദേഹത്ത് വലിയ രീതിയിൽ ബലംപ്രയോഗിച്ച പാടുകളില്ല. കുട്ടിയുടെ മരണം മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലും പറയുന്നത്. വൈഗ മരിച്ചെന്ന് കരുതി, ബോധരഹിതയായ കുട്ടിയെ എടുത്ത് സനു മോഹൻ പുഴയിലെറിയുകയായിരുന്നുവെന്നാണ് പൊലീസ് ഇപ്പോൾ കരുതുന്നത്. അങ്ങനെയാണ് ആന്തരികാവയവങ്ങളിൽ വെള്ളം കയറി കുട്ടി മുങ്ങി മരിക്കുന്നതെന്നാണ് നിഗമനം.

കുട്ടിയെ പുഴയിലെറിഞ്ഞ ശേഷം താൻ വല്ലാതെ ഭയന്നുപോയി എന്നും നാട് വിടാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് സനു വ്യക്തമാക്കുന്നത്. ഗോവ, കർണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി സനു ഒളിവിൽ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നു.

നടപ്പാക്കിയതും ഒളിവിൽ പോയതും ഏറെ ആസൂത്രണത്തോടെ

പെട്ടെന്നുണ്ടായ നിരാശയിലും ദുഃഖത്തിലും നടത്തിയ കൊലപാതകമാണിതെന്ന സൂചനകളല്ല പൊലീസിന് ലഭിക്കുന്നത്. വളരെ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണിതെന്നാണ് പൊലീസിന് അന്വേഷണത്തിൽ വ്യക്തമായത്. സംഭവം നടന്ന മാർച്ച് 21-നും സമീപദിവസങ്ങളിലും സനു മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല. ഒളിവിൽ കഴിഞ്ഞപ്പോഴും മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല. ഡിജിറ്റൽ തെളിവുകളോ ട്രേസുകളോ ഒട്ടും ബാക്കിയാക്കാതെയാണ് സനു ഒളിവിൽ പോയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറയുന്നു.

പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് സനു മോഹൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സനുവിന്‍റെ കയ്യിൽ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതിന്‍റെ പാടുകളുണ്ട്. ഗോവയിലെ ബീച്ചിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. അപ്പോൾ രക്ഷിച്ചത് ലൈഫ് ഗാർഡാണ് – സനു മോഹൻ പറയുന്നു.
എന്നാൽ പിടിയിലായപ്പോൾ ഇയാളുടെ പക്കൽ ഒരു ഫോണുണ്ടായിരുന്നു. അത് മറ്റാർക്കും അറിയാത്ത നമ്പറായിരുന്നു. പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച, മരിക്കാൻ തീരുമാനിച്ച ഒരാൾ എന്തിനാണ് ഫോൺ കയ്യിൽ വച്ചതെന്നടക്കം ദുരൂഹമാണ്.

ചൂതാട്ടങ്ങളിൽ സനു സജീവം

ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളിൽ സനു മോഹൻ സജീവമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ആയിരം രൂപയുടെ ലോട്ടറി എന്നും സനു വാങ്ങിക്കുമായിരുന്നു. സാമ്പത്തികബാധ്യതയ്ക്ക് കാരണം ചൂതാട്ടമാണെന്നാണ് പൊലീസിന്‍റെ നിഗമനം. പുനെയിലെ സാമ്പത്തികതട്ടിപ്പ് കേസിലെ പ്രതിയാണ് സനു മോഹൻ എന്ന് പൊലീസിന് ആദ്യം അറിയില്ലായിരുന്നു. ആ തട്ടിപ്പ് കേസിൽ താൻ അറസ്റ്റിലാകുമെന്ന് സനു ഭയന്നിരുന്നു. മുംബൈയിൽ 3 കോടി രൂപയുടെ വഞ്ചനാക്കേസും സനുവിന് എതിരെയുണ്ട്. സനുവിനെതിരെ കേരളത്തിൽ വേറെ കേസുകളില്ലെന്നാണ് പൊലീസ് പറയുന്നത്. ബന്ധുക്കൾ തിരിച്ചറിയുമെന്നതിനാലാണ് സനുമോഹൻ അ‍ഞ്ച് വർഷം ഒളിവിൽ കഴിഞ്ഞത്.

അന്വേഷണത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതികതെളിവുകൾ ഇല്ലാത്തതാണ് തിരിച്ചടിയായതെന്നും കമ്മീഷണർ പറയുന്നു. പഴുതുകളില്ലാതെ കേസ് തെളിയിക്കാനാണ് ഇനി ശ്രമിക്കുകയെന്നും, കമ്മീഷണർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button