കോട്ടയം: വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് വെട്ടി പരിക്കേൽപ്പിച്ചു. വെട്ടേറ്റ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. ചെങ്ങളം സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരെയും ആക്രമിച്ച പ്രതി അജീഷ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച വൈകിട്ട് 7.45ന് കോട്ടയം വടവാതൂർ ശാന്തി ഗ്രാം കോളനിയിലേയ്ക്കുള്ള വഴിയിൽ ആയിരുന്നു അക്രമ സംഭവങ്ങൾ.
ജോലിക്ക് ശേഷം ശാന്തിഗ്രാം കോളനി ഭാഗത്തേക്ക് വരികയായിരുന്നു രഞ്ജിത്തിനെയും സുഹൃത്ത് റിജോയും വടവാതൂർ കുരിശിനു സമീപത്ത് പതിയിരുന്ന പ്രതി ആക്രമിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് പ്രതി ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ഇടതുകക്ഷത്തിൽ ആഴത്തിൽ വെട്ടേറ്റ രഞ്ജിത്തിനെ നാട്ടുകാർ ആദ്യം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. റിജോയുടെ വലത് കയ്യിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമാണ്.
നാട്ടുകാർ കൂടിയതോടെ പ്രതി അജീഷ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പ്രതിക്കായി കോട്ടയം മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രഞ്ജിത്ത് അജീഷിൻ്റെ ഭാര്യയുടെ അമ്മാവൻ്റെ മകളുടെ ഭർത്താവാണ്. അജീഷ് സംശയരോഗിയാണെന്ന് പോലീസ് പറയുന്നുണ്ട്. ഭാര്യയുടെ കാമുകനാണെന്ന് സംശയിച്ച് ഇയാൾ പലരോടും മുൻപും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് വിവരം. കേസിൽ അന്വേഷണം തുടരുകയാണ്.