വിദ്യാർഥിനികൾക്കുനേരെ വിഷവാതക പ്രയോഗം; ഇറാനിൽ ആദ്യ അറസ്റ്റ്, 5000 പേർ ഇരകളായെന്ന് വെളിപ്പെടുത്തൽ
ടെഹ്‌റാന്‍: ഇറാനില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു നേര്‍ക്ക് വിഷവാതകം പ്രയോഗിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍. രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പ്രവിശ്യകളില്‍നിന്നായി കുറച്ചാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉപ ആഭ്യന്തര വകുപ്പുമന്ത്രി മജീദ് മിറാഹ്‌മദി പറഞ്ഞു. ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അറസ്റ്റിലായവരെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ അദ്ദേഹം തയ്യാറായില്ല.
കഴിഞ്ഞ നവംബര്‍ മുതല്‍ അയ്യായിരത്തിലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ വിഷപ്രയോഗം നടന്നിട്ടുണ്ടെന്ന് സംഭവത്തില്‍ അന്വേഷണം നടത്തുന്ന ഇറാനിയന്‍ പാര്‍ലമെന്റ് അംഗം മൊഹമ്മദ് ഹസ്സന്‍ അന്‍സാരി ഐ.എസ്.എന്‍.എ. വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു. ആക്രമണം പ്രധാനമായും ലക്ഷ്യംവെച്ചത് പെണ്‍കുട്ടികളെ ആയിരുന്നു. 25 പ്രവിശ്യകളിലെ 230 സ്‌കൂളുകളില്‍ ആക്രമണം നടന്നു. അയ്യായിരത്തില്‍ അധികം വിദ്യാര്‍ഥിനികള്‍ക്കു വിഷബാധയേറ്റു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ പൂട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷവാതക പ്രയോഗം എന്നാണ് സൂചന. അതേസമയം, ഇത്തരത്തില്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ല. എന്നാല്‍ പലര്‍ക്കും ശ്വാസസംബന്ധിയായ പ്രശ്‌നങ്ങള്‍, ഛര്‍ദി, തലകറക്കം, തളര്‍ച്ച തുടങ്ങിയ അനുഭവപ്പെട്ടിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ വിഷവാതക പ്രയോഗം നടക്കുന്നെന്ന ആരോപണം ഇറാന്‍ സര്‍ക്കാരിനു നേര്‍ക്കുള്ള വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഈ ദേശവ്യാപക പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് തടയാനാണ് വിഷപ്രയോഗം നടത്തിയതെന്നാണ് ആരോപണം.
കഴിഞ്ഞ സെപ്റ്റംബറിലാണ് മുടിയിഴകള്‍ പുറത്തുകാണുംവിധത്തില്‍ ഹിജാബ് ധരിച്ചെന്ന് ആരോപിച്ച് ഇറാന്‍ മതപോലീസ് മഹ്‌സയെ കസ്റ്റഡിയിലെടുത്തത്. മതപോലീസിന്റെ കസ്റ്റഡിയിലിരിക്കേ നേരിട്ട മര്‍ദനമാണ് മഹ്‌സയുടെ മരണകാരണമെന്നാണ് ആരോപണം. എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സര്‍ക്കാര്‍ വാദം.