
പത്തനംതിട്ട: ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ബന്ധുവിനെ ഉടനടി അറസ്റ്റ് ചെയ്ത് ആറന്മുള പോലീസ്. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യു (38)വിനാണ് മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റത്.
സംഭവത്തില്‍ അയല്‍വാസിയും അമ്മാവനുമായ പുതുപ്പറമ്പില്‍ വീട്ടില്‍ ബിജു വര്‍ഗീസ്(55) പിടിയിലായി. ഇന്ന് പുലര്‍ച്ചെ നാലോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം, വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യുവാവിനെ മാറ്റി.
ഇയാള്‍ക്കും അമ്മാവന്‍ ബിജുവര്‍ഗീസിനും കൂലിപ്പണിയാണ്. ഇരുവരും എല്ലാ ദിവസവും ജോലി കഴിഞ്ഞുവന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ട്. പതിവുപോലെ ഇന്നലെ രാത്രിയും രണ്ടും പേരും ചേര്‍ന്നിരുന്നു മദ്യപിച്ചു. വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ രാത്രി 10.30 ന് ബിജു വര്‍ഗീസ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് കൊല്ലണമെന്ന ഉദ്ദേശത്തോടെ വര്‍ഗീസിന്റെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു.
ആസിഡ് വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളില്‍ പൂര്‍ണമായും വീണു പൊള്ളലേറ്റും, കണ്ണ് കാണാന്‍ കഴിയാത്ത നിലയിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞു ആറന്മുള പോലീസ് ഉടനെതന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.
തുടര്‍ന്ന്, വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു കുപ്പി ആസിഡ് പോലീസ് കണ്ടെത്തി. മുമ്പും ബിജു വിന്റെ ഭാഗത്തുനിന്നും ആക്രമണം മകന് നേരിടേണ്ടി വന്നിട്ടുണ്ടെന്നു വര്‍ഗ്ഗീസിന്റെ അമ്മ ആലീസ് വര്‍ഗീസ് പോലീസിനോട് പറഞ്ഞു. മകനോടുള്ള വിരോധത്താല്‍ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഇപ്പോള്‍ ഇപ്രകാരം ചെയ്തതെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. സംഭവം അറിഞ്ഞു വീട്ടിലെത്തിയപ്പോള്‍ പോലീസ് ബിജു വര്‍ഗ്ഗീസിനെ വീട്ടില്‍ കണ്ടില്ല, പിന്നീട് നടത്തിയ തെരച്ചിലില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഇനി തിരിച്ചുവരരുതെന്നും, വന്നാല്‍ കൊല്ലുമെന്നും, കൊന്നാലും ഒരു കേസേ ഉള്ളൂവെന്നും മറ്റും പ്രതി, ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയെ പിന്നീട് കല്ലേലിമുക്കില്‍ നിന്നുമാണ് പിടികൂടിയത്. സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇന്നുച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി.
സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘവും, വിരലടയാള വിദഗ്ദ്ധരും, പോലീസ് ഫോട്ടോഗ്രാഫറും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
എസ് ഐ മാരായ വിഷ്ണു, പി വിനോദ്, മധു, ഏ എസ് ഐമാരായ സലിം , ജ്യോതിസ് ,എസ് സി പി ഓ പ്രദീപ് ,സി പി ഓമാരായ വിഷ്ണു, സല്‍മാന്‍, ഉണ്ണികൃഷ്ണന്‍ , വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.