തിരുവനന്തപുരം:മോട്ടോര്‍വാഹനവകുപ്പിന്റെ നിരീക്ഷണക്യാമറകള്‍ കണ്ടുപിടിക്കുന്ന നിയമലംഘനങ്ങള്‍ക്ക് ഉടന്‍ നോട്ടീസയക്കും. ഈ മാസം 19 വരെയുള്ള നിയമലംഘനങ്ങള്‍ക്കാണ് ദൃശ്യങ്ങളില്ലാതെ ബോധവത്കരണ നോട്ടീസയക്കുക. വാഹനയുടമയുടെ പേരിലാണ് കത്തയക്കുക. നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
14 കണ്‍ട്രോള്‍റൂമുകളിലും നോട്ടീസ് തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഗതാഗതനിയമം ലംഘിച്ചത് ക്യാമറ കണ്ടെത്തിയെന്നും തുടര്‍ന്ന് ഇത്തരം നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള അഭ്യര്‍ഥനയാണ് നോട്ടീസിന്റെ ഉള്ളടക്കം. തത്കാലം വാഹനയുടമയുടെ മൊബൈല്‍നമ്പരില്‍ മെസേജ് അയക്കില്ല.
കുറ്റം ചുമത്തി പിഴയടയ്ക്കാനുള്ള ചലാന്‍ തയ്യാറാക്കുമ്പോള്‍ മാത്രമാണ് എസ്.എം.എസ്. അയക്കാന്‍ കഴിയുക. 20 മുതല്‍ പിഴയീടാക്കാനാണ് തീരുമാനം. ക്യാമറകള്‍ സ്ഥാപിച്ച ഭാഗങ്ങളില്‍ ഗതാഗതനിയമലംഘനത്തില്‍ വന്‍ കുറവുണ്ടായെന്ന റിപ്പോര്‍ട്ട് മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
ബ്ലാക്ക് സ്‌പോട്ടുകള്‍ അപകടവിമുക്തമാക്കാന്‍ ക്യാമറ നിരീക്ഷണത്തിലൂടെ കഴിയുമെന്നും വകുപ്പ് അവകാശപ്പെടുന്നു. 24 മണിക്കൂറും നിരത്തിലെ വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ ക്യാമറയിലൂടെ കഴിയുമെന്നത് പോലീസിനും നേട്ടമാണ്.