കൊച്ചി: ടിപി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം എന്തിനെന്ന് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ്. എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടുന്നത്? സുപ്രിം കോടതി ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അപൂർവങ്ങളിൽ അപൂർവമായ കേസുകൾക്ക് മാത്രം വധശിക്ഷ നൽകാനാണ് സുപ്രിംകോടതി മാർഗനിർദേശം. പ്രതികളുടെ ശിക്ഷ ജീവപര്യന്തത്തിൽ നിന്ന് പരമാവധി ശിക്ഷയായ വധശിക്ഷയായി ഉയർത്താൻ സാഹചര്യം ഉണ്ടോയെന്നും കോടതി ചോദിച്ചു.
പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന പ്രോസിക്യൂഷൻ വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ ചോദ്യങ്ങൾ ഉന്നയിച്ചത്. എല്ലാ തെളിവുകളും കോടതി പരിശോധിച്ചതാണെന്നും കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പെട്ടെന്നുള്ള വികാരത്തിന് പുറത്ത് നടന്ന കൊലപാതകം അല്ല ടിപി ചന്ദ്രശേഖരന്റേത്. ഒരാളുടെ മാത്രം ബുദ്ധിയിൽ ആലോചിച്ചു നടത്തിയ കൊലപാതകം അല്ല ഇതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കെ സി രാമചന്ദ്രനെതിരെ ജയിലധികൃതരുടെ റിപ്പോർട്ട്. ദീർഘകാലം തടവിൽ കഴിഞ്ഞിട്ടും കെ സി രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്ന് പ്രോബേഷണറി റിപ്പോര്‍ട്ടിൽ കുറ്റപ്പെടുത്തുന്നു. കേസിൽ നിരപരാധി ആണെന്നും കുറ്റകൃത്യം നടക്കുമ്പോൾ താൻ വീട്ടിലായിരുന്നു എന്നും രാമചന്ദ്രൻ പറയുന്നതായും റിപ്പോർട്ടിൽ ഉണ്ട്. പ്രൊബേഷണറി ഓഫീസറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ശിക്ഷ വർദ്ധിപ്പിക്കുന്നതിൽ കോടതി തീരുമാനം എടുക്കുക.