മദ്യലഹരിയിൽ പാടിയ പാട്ടിൽ തർക്കം;ഇരട്ടക്കൊലക്കേസ് പ്രതിയെ കൊന്നത് ചുറ്റികയ്ക്ക് തലയ്ക്കടിച്ച്
തിരുവനന്തപുരം: വഴയില ആറാം കല്ലിൽ ഇരട്ടക്കൊലക്കേസ് പ്രതിയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത് മദ്യപിച്ച് പാടിയ പാട്ടിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലെന്ന് പൊലീസ്. വഴയില സ്വദേശി മണിച്ചൻ എന്ന് വിളിക്കുന്ന വിഷ്ണുരൂപാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്‍റെ സുഹൃത്ത് ഹരികുമാർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.
ഇവർക്കൊപ്പമിരുന്ന് മദ്യപിച്ച ദീപക് ലാൽ, അരുൺ ജി രാജ് എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് തന്നെയാണ് പൊലീസ് കരുതുന്നത്. മദ്യലഹരിയിൽ മണിച്ചൻ പാടിയ പാട്ട് ഇഷ്ടമായില്ലെന്ന് പറഞ്ഞ് മനഃപൂർവം വഴക്കുണ്ടാക്കിയാണ് ഇരുവരും മണിച്ചന്‍റെ തലയ്ക്ക് അടിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാത്രി വഴയിലയിലെ ലോഡ്ജിലാണ് സംഭവം. മുറിയിൽ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ദീപക് ലാലും അരുൺ ജി രാജും ചേർന്നാണ് വിഷ്ണുവെന്ന മണിച്ചന്‍റെ തലയ്ക്കടിക്കുന്നത്. വേണമെന്ന് വച്ച് പ്രശ്നമുണ്ടാക്കണമെന്ന് ആലോചിച്ച് കരുതിക്കൂട്ടിത്തന്നെയാണ് ഇരുവരും മദ്യപിക്കാനായി പോയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമിക്കാനായി ചുറ്റിക ഇവർ കയ്യിൽ കരുതിയിരുന്നു.
ആറ് മാസം മുൻപ് അരുൺ ജി രാജിനെ മണിച്ചൻ മർദ്ദിച്ചിരുന്നു. എന്നാൽ പിന്നീട് ഇവർ സൗഹൃദത്തിലായി. ഇതിന്‍റെ ഭാഗമായി ഇന്നലെ മണിച്ചനും ഹരികുമാറും ഇരുന്ന് മദ്യപിച്ചിരുന്ന ലോഡ്ജ് മുറിയിലേക്ക് ദീപക് ലാലും അരുൺ ജി രാജും എത്തുകയായിരുന്നു. മദ്യപിച്ചാൽ മണിച്ചൻ പ്രശ്നമുണ്ടാക്കുമെന്ന് ഇരുവർക്കും അറിയാമായിരുന്നു. അതിനാൽത്തന്നെയാണ് ആയുധം കരുതിയത്.
മദ്യ ലഹരിയിൽ പാടിയ പാട്ടിനെ ചൊല്ലി വിഷ്ണുവും അരുണും തർക്കമുണ്ടായതാണ് കൊലയ്ക്ക് പെട്ടെന്നുള്ള കാരണമായി പറയുന്നത്. തർക്കത്തിനിടെ, അരുൺ വിഷ്ണുവിന്‍റെയും ഹരികുമാറിന്‍റെയും തലയ്ക്ക് അടിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ വിഷ്ണു മരിച്ചു. ഹരികുമാറാണ് ലോഡ്ജിൽ മുറിയെടുത്തത്. പ്രതികൾക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
നേരം വെളുക്കുന്നതിന് മുമ്പ് തന്നെ പ്രതികളെ നെട്ടയം മലമുകൾ വെച്ച് പോലീസ് പിടികൂടി. നിർമാണ തൊഴിലാളികളാണ് പ്രതികൾ ഇരുവരും. അരുൺ ജി രാജ് ഇടയ്ക്ക് പൂജകൾക്കും പോകാറുണ്ട്.
എന്നാൽ ഇരട്ടക്കൊലക്കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധിപ്പിക്കുന്ന വിവരങ്ങൾ ഇപ്പോൾ ഇല്ല. മുഖ്യ സാക്ഷി സുധീഷിന്‍റെ വീടിന് അടുത്തുള്ള ലോഡ്ജിലാണ് സംഘം മുറി എടുത്തിരുന്നത്.