കോഴിക്കോട്: തോളിൽ ബാഗുണ്ട്. പക്ഷെ ദേഹത്ത് ഒരു തരി വസ്ത്രവുമില്ല. പൂർണ നഗ്നനായെത്തി കള്ളൻ കയറിയത് മുൻ മേയറും കോഴിക്കോട് നോർത്ത് എം.എൽ.എയുമായ തോട്ടത്തിൽ രവീന്ദ്രന്റെ ഡ്രൈക്ലീനിംഗ് സെന്ററിൽ.ഒടുവിൽ മുങ്ങിയത് ഒരുകെട്ട് തുണിയുമെടുത്ത്.പക്ഷെ സി.സി.ടി.വിയിൽ കാര്യങ്ങൾ മൊത്തം പതിഞ്ഞതോടെ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.
കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് നഗരമദ്ധ്യത്തിലുള്ള വണ്ടർ ക്ലീൻ എന്ന ഡ്രൈ ക്ലീനിംഗ് സെന്ററിൽ മോഷണം നടന്നത്. മേൽക്കൂരയിലുള്ള ഷീറ്റ് കമ്പിപ്പാര ഉപയോഗിച്ച് കുത്തികീറി അകത്തു കയറി. പൂർണ നഗ്നനായിട്ടാണ് പ്രതി മോഷ്ടിക്കാൻ കയറിയത്. ഏറെ നേരം പരതിയെങ്കിലും ഒന്നും ലഭിച്ചില്ല. ഡ്രൈ ക്ലീനിംഗ് ചെയ്ത വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഭാഗത്തേക്ക് പോകാനുള്ള ഇരുമ്പ് വാതിൽ തുറക്കാൻ ഏറെ നേരെ പണിപ്പെട്ടങ്കിലും നടന്നില്ല.
ഇതെല്ലാം സി.സി.ടി.വിയിൽ വ്യക്തം. രക്ഷയില്ലാത്തെ പഴയ തുണിക്കെട്ടുമെടുത്ത് കള്ളൻ സ്ഥലം വിടുകയും ചെയ്തു.ഈ സ്ഥാപനത്തിന്റഎ തൊട്ടടുത്തുള്ള ഐ.എൻ.ടി..യു.സി ഓഫീസിലും കള്ളൻ കയറിയിട്ടുണ്ട്. അലമാര തകർത്തിട്ടുണ്ട്. മറ്റൊന്നും മോഷണം പോയിട്ടില്ല. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.