KeralaNews

ഏകീകൃത കുർബാന നടപ്പായില്ല, ഭൂരിഭാഗം പള്ളികളിലും നടന്നത് ജനാഭിമുഖ കുർബാന; രണ്ടിടത്ത് വൈദികരെ തടഞ്ഞു

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഇന്ന് മുതൽ ഏകീകൃത കുർബാന നടത്താൻ വത്തിക്കാൻ പ്രതിനിധി നൽകിയ നിർദ്ദേശം നടപ്പായില്ല. ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടന്നത്. വത്തിക്കാൻ പ്രതിനിധിയുടെ നിർദേശം പാലിക്കില്ലെന്ന് വിമത വിഭാഗം ആദ്യമേ നിലപാട് എടുത്തിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സെന്റ് മേരീസ് ബസിലിക്കയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

ഏകീകൃത കുർബാന അനുവദിച്ചില്ലെങ്കിൽ കുർബാന നിർത്തിവെക്കുമെന്ന് വൈദികർ പറയുന്നുണ്ട്. അത് അവർക്ക് തീരുമാനിക്കാമെന്നും ചൊല്ലുന്നുണ്ടെങ്കിൽ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കൂ എന്നുമാണ് വിശ്വാസികളിൽ വിമത വിഭാഗത്തിന്റെ തീരുമാനം.

അതിനിടെ എറണാകുളം പറവൂരിൽ ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ വൈദികനെ വിമത വിഭാഗം തടഞ്ഞു. കോട്ടക്കാവ് സെന്റ് തോമസ് ചർച്ചിലാണ് വൈദികനെ തടഞ്ഞത്. അങ്കമാലി മഞ്ഞപ്രയിലെ പള്ളിയിലും വൈദികനെ തടഞ്ഞു. രണ്ട് സ്ഥലത്തും പൊലീസുണ്ടായിരുന്നു. ഇവിടങ്ങളിൽ പ്രാർത്ഥന നിർത്തിവച്ചു. അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിൽ ഭൂരിഭാഗം പള്ളികളിലും രാവിലെ ജനാഭിമുഖ കുർബാനയാണ് അർപ്പിച്ചത്.

എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിൽ വിമതവിഭാഗം വൈദികർക്ക് മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിന്റെ അന്ത്യശാസനം നല്‍കിയിരുന്നു. വരുന്ന ഞായറാഴ്ച മുതൽ അതിരൂപതയിലെ പള്ളികളിൽ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന ചൊല്ലിത്തുടങ്ങണമെന്നാണ് ആർച്ച് ബിഷപ്പിൻ്റെ നിർദേശം. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ ശക്തമായ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും വത്തിക്കാൻ പ്രതിനിധി മുന്നറിയിപ്പ് നൽകുന്നു.

സിനഡ് അംഗീകരിച്ച കുർബാന ചൊല്ലേണ്ടത് വൈദികരുടെ കടമയാണെന്ന് ഇതുസംബന്ധിച്ചിറക്കിയ കത്തിൽ മാർ സിറിൽ വാസിൽ വ്യക്തമാക്കി. തുടർച്ചയായ പ്രതിഷേധത്തിന്റെയും തിരസ്കരണത്തിന്റെയും ഫലം സഭയ്ക്ക് വലിയ ദോഷം വരുത്തുമെന്ന് കഴിഞ്ഞദിവസം ആർച്ച് ബിഷപ്പ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ഏത് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണെങ്കിലും ക്രൈസ്തവരുടെ സംസ്കാരത്തിനു നിരക്കാത്ത ഇത്തരം പ്രതിഷേധങ്ങളിൽനിന്ന്‌ ബന്ധപ്പെട്ടവർ പിന്മാറണമെന്ന് സീറോ മലബാർ സഭയും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം വൈദികരും ഒരു വിഭാഗം വിശ്വസികളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകി. ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിൽ വത്തിക്കാനിൽനിന്ന് ഫ്രാൻസിസ് മാർപാപ്പ അയച്ച പ്രതിനിധിയാണോയെന്ന് ഉറപ്പുവരുത്തണമെന്നും നയതന്ത്ര പരിരക്ഷയുണ്ടോയെന്ന് ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

നയതന്ത്ര പരിരക്ഷയില്ലെങ്കിൽ മാർ സിറിൽ വാസിലിനെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നും വിശ്വാസികൾ പരാതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ജനാഭിമുഖ കുർബാന നിലനിർത്താൻ തീരുമാനിക്കുംവരെ പോരാട്ടം തുടരുമെന്നാണ് ജനാഭിമുഖ കുർബാന സംരക്ഷണ സമിതിയുടെ നിലപാട്. ജനാഭിമുഖ കുർബാന ഇല്ലാതാക്കാനായി വൈദികരെ പുറത്താക്കിയാൽ പള്ളികൾ പൂട്ടിയിടേണ്ട സാഹചര്യത്തിലേക്കായിരിക്കും കാര്യങ്ങൾ പോകുകയെന്നും സംരക്ഷണ സമിതിയുടെ മുന്നറിയിപ്പുണ്ട്.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ച് ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയിരുന്നു. മാര്‍പാപ്പ അംഗീകരിച്ച ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ വിസമ്മതിക്കരുതെന്ന മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ് സിറിള്‍ വാസിലിന്റെ നിര്‍ദേശം തള്ളിയാണ് അതിരൂപത വൈദികര്‍ കുര്‍ബാന അര്‍പ്പിച്ചത്.

ചൊവ്വ വൈകിട്ടോടെ ബിഷപ് ഹൗസില്‍നിന്ന് ഒരു വിഭാഗം പ്രദക്ഷിണമായെത്തിയാണ് കുര്‍ബാന അര്‍പ്പിച്ചത്. ഇരുനൂറ്റിയമ്പതോളം വൈദികരും ആയിരത്തിലധികം വിശ്വാസികളും ബസിലിക്ക അങ്കണത്തിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് എറണാകുളം അതിരൂപത വൈദികരുടെ കൂട്ടായ്മയായ സംരക്ഷണസമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്റെ മുഖ്യകാര്‍മികത്വത്തില്‍ ജനാഭിമുഖ കുര്‍ബാനയും അര്‍പ്പിച്ചു.

കൊരട്ടി ഫൊറോന വികാരി ജോസ് ഇടശേരി മുഖ്യസന്ദേശം നല്‍കി. അതിരൂപതയിലെ മുഴുവന്‍ ഇടവകകളിലെയും പാരിഷ് കൗണ്‍സില്‍, ജനാഭിമുഖ കുര്‍ബാന മാത്രമേ ഓരോ ഇടവക പള്ളിയിലും അനുവദിക്കൂവെന്ന് ഇടവക വികാരിമാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ഒപ്പിട്ട പ്രമേയം ഇടവക പ്രതിനിധികള്‍ കൈമാറി. പ്രമേയത്തിന്റെ പകര്‍പ്പ് മാര്‍ സിറില്‍ വാസിലിനും വത്തിക്കാന്‍ സ്ഥാനപതിക്കും മാര്‍പാപ്പയ്ക്കും സമര്‍പ്പിക്കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.

എതിര്‍പ്പുകളോട് സന്ധിയില്ലെന്ന് മാര്‍പാപ്പയുടെ പ്രതിനിധി
ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവരുമായി സന്ധിയില്ലെന്ന് പ്രഖ്യാപിച്ച് മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ് മാര്‍ സിറില്‍ വാസില്‍.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ എത്തിയപ്പോള്‍ ഏകീകൃത കുര്‍ബാനക്രമത്തെ എതിര്‍ക്കുന്നവരില്‍നിന്ന് കടുത്ത പ്രതിഷേധം നേരിട്ട മാര്‍ സിറില്‍ വാസില്‍ ചൊവ്വ രാവിലെ സിറോമലബാര്‍സഭ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അസന്ദിഗ്ദമായി പ്രഖ്യാപിച്ചത്.

ഏകീകൃത കുര്‍ബാനയര്‍പ്പണത്തിന് നിയമാനുസൃതം ഉത്തരവാദപ്പെട്ടവര്‍ എടുത്ത തീരുമാനത്തെ എതിര്‍ക്കുന്നവര്‍ മാര്‍പാപ്പയുടെ കൂടെയാണോ അതോ അദ്ദേഹത്തിന് എതിരാണോ എന്ന് മാര്‍ സിറില്‍ വാസില്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഇനി അനന്തമായ ചര്‍ച്ചകള്‍ ഉണ്ടാകില്ല. എല്ലാ പരാതികളും എതിര്‍പ്പുകളും മാര്‍പാപ്പ കേട്ടതാണ്. തുടര്‍ന്നാണ് അദ്ദേഹം ഐക്യത്തിന് അഭ്യര്‍ഥിച്ചത്. എറണാകുളം–അങ്കമാലി അതിരൂപതയിലെ സന്യസ്തര്‍ക്കും അല്‍മായര്‍ക്കും അദ്ദേഹം കത്തയച്ച് പ്രത്യേക അഭ്യര്‍ഥന നടത്തിയിട്ടും എതിര്‍പ്പ് തുടര്‍ന്നപ്പോഴാണ് വിയോജിക്കുന്ന മെത്രാന്മാരെയും വൈദികരെയും അനുസരണത്തിലേക്ക് കൊണ്ടുവരാന്‍ തന്നെ അയച്ചത്.

നിങ്ങള്‍ മാര്‍പാപ്പയോടൊപ്പമാണോ എന്നും കത്തോലിക്കാ സഭയിലെയും സിറോമലബാര്‍സഭയിലെയും വൈദികരും അംഗങ്ങളുമായി തുടരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും മാര്‍ സിറില്‍ വാസില്‍ ചോദിച്ചു. മാര്‍പാപ്പയെ അനുസരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ, അതോ നിങ്ങളെ കത്തോലിക്കാ സഭയില്‍നിന്ന് വേര്‍തിരിക്കുന്ന ചില പുരോഹിതന്മാരെ കേള്‍ക്കാനാണോ താല്‍പ്പര്യപ്പെടുന്നത്? അക്രമാസക്തരായ പ്രതിഷേധക്കാരുടെ ചെറുസംഘങ്ങളെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ? തുടര്‍ച്ചയായ പ്രതിഷേധവും തിരസ്‌കരണവും സഭയ്ക്ക് വലിയ ദോഷം ചെയ്യുമെന്നും വേഗം ശരിയായ തീരുമാനമെടുക്കണമെന്നും മാര്‍ സിറില്‍ വാസില്‍ ആവശ്യപ്പെട്ടു.

എറണാകുളം സെന്റ് മേരിസ് ബസിലിക്കയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന നൂറോളംപേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. പള്ളി അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പൂതവേലിലിന്റെ പരാതിയിലാണ് നടപടി.അന്യായമായ സംഘംചേരല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പള്ളിക്ക് നാശനഷ്ടംവരുത്തല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. തിങ്കള്‍ വൈകിട്ട് മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ ബസിലിക്കയില്‍ എത്തിയപ്പോള്‍ ഏകീകൃത കുര്‍ബാനത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു. ഇത് സംഘര്‍ഷത്തിലേക്കും നയിച്ചു. ആര്‍ച്ച് ബിഷപ്പിനെ പ്രതിഷേധക്കാര്‍ തടഞ്ഞതോടെ പൊലീസ് എത്തിയാണ് ഇവരെ നീക്കിയത്.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക സന്ദര്‍ശിച്ച ആര്‍ച്ച്ബിഷപ് സിറില്‍ വാസിലിനെതിരെയുണ്ടായ പ്രതിഷേധപ്രകടനങ്ങള്‍ ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സിറോ മലബാര്‍ സഭ മീഡിയ കമീഷന്‍ സെക്രട്ടറി ഡോ. വി സി ആന്റണി വടക്കേക്കര പ്രസ്താവനയില്‍ പറഞ്ഞു. പൊന്തിഫിക്കല്‍ ഡെലിഗേറ്റിനെ ആവശ്യപ്പെട്ടവര്‍തന്നെ തടയുന്നതും പ്രതിഷേധം നടത്തുന്നതും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker