![](https://breakingkerala.com/wp-content/uploads/2025/02/chalakkudy-bank-robberry.jpg)
തൃശ്ശൂര്‍: പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ മോഷ്ടാവിനേക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ്. ഹിന്ദി ഭാഷയിലായിരുന്നു അയാള്‍ സംസാരിച്ചതെന്നും, ക്യാഷ് കൗണ്ടറില്‍ 47 ലക്ഷം രൂപ കെട്ടുകളായി സൂക്ഷിച്ചിരുന്നുവെങ്കിലും ഇതില്‍നിന്നും അഞ്ചുലക്ഷം രൂപ വീതംവരുന്ന മൂന്ന് കെട്ടുകളാണ് മോഷ്ടാവ് എടുത്തതെന്നുമാണ് പോലീസ് അറിയിച്ചു. കവര്‍ച്ച നടത്തിയ പ്രതിയെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു. എന്‍ട്രോക്ക് എന്ന സ്‌കൂട്ടറിലാണ് പ്രതി എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
ബാങ്കില്‍ നടന്നതു മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചുള്ള മോഷണമാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണത്തിനു മുന്‍പും ഇയാള്‍ ബാങ്ക് സന്ദര്‍ശിച്ചിട്ടുണ്ടാകാമെന്നു പൊലീസ് കരുതുന്നു. നമ്പര്‍ പ്ലേറ്റ് മറച്ച സ്‌കൂട്ടറില്‍ ഹെല്‍മറ്റ്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണു മോഷ്ടാവ് എത്തിയത്.
തന്റെ മുഖവും വിരലടയാളം ഉള്‍പ്പെടെയുള്ളവയും എവിടെയും പതിയരുതെന്ന ഉദ്ദേശത്തോടെയാണിത്. നീലയും വെള്ളയും ചുവപ്പും നിറത്തിലുള്ള റൈഡിങ് ജാക്കറ്റും മുഖം തിരിച്ചറിയാതിരിക്കാന്‍ ടിന്റഡ് ഗ്ലാസ് ഹെല്‍മറ്റുമാണ് മോഷ്ടാവ് ധരിച്ചത്. സെക്യൂരിറ്റിയില്ലെന്നും ചുറ്റുപാടുമുള്ള മറ്റു സ്ഥാപനങ്ങളിലൊന്നും സിസിടിവി. ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും മോഷ്ടാവ് മനസിലാക്കിയിരിക്കാമെന്നും പൊലീസ് കരുതുന്നു.
നല്ല പരിചയമുള്ള സ്ഥാലത്ത് പരിചയമുള്ള ഒരാള്‍ വരുന്ന ലാഘവത്തോടെയാണ് അയാള്‍ എത്തിയത്. സ്‌കൂട്ടര്‍ പുറത്തുവെച്ച ശേഷം വാതില്‍ തുറന്ന് അകത്തേക്ക് കയറുകയായിരുന്നു. മോഷണശേഷം ഏത് ഭാഗത്തേക്കാണ് സ്‌കൂട്ടറുമായി പോയതെന്നതിനുമുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഈ കേസ് സംബന്ധിച്ച് രാജ്യത്തുടനീളം അറിയിപ്പ് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നൂറുശതമാനവും പ്രതിയെ പിടിച്ചിരിക്കുമെന്നും പോലീസ് ഉറപ്പുനല്‍കി.
രണ്ടുമണി മുതല്‍ 2.30 വരെയാണ് ബാങ്കിലെ ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനായി പിരിയുന്നത്. ഇത് വളരെ കൃത്യമായി അറിയുന്ന ആളാണ് മോഷ്ടാവ്. അതുകൊണ്ടാണ് അയാള്‍ 2.12-ന് തന്നെ ബാങ്കില്‍ കയറിയതെന്നാണ് പോലീസിന്റെ നിഗമനം. സാധാരണ കറിക്കത്തിയാണ് മോഷ്ടാവിന്റെ കൈവശമുണ്ടായിരുന്നത്. ബാങ്കിന്റെ ഡോറിന് സമീപമുണ്ടായിരുന്ന പ്യുണിനെ ഈ കത്തി കാണിച്ച് ഭയപ്പെടുത്തിയശേഷം ആയാളെ ശുചിമുറിയിലിട്ട് പൂട്ടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ബാങ്കില്‍ എത്തിയ മോഷ്ടാവ് ഹിന്ദിയിലാണ് സംസാരിച്ചത്. അതുകൊണ്ടുമാത്രം അയാള്‍ ഹിന്ദിക്കാരനാണെന്ന നിഗമനത്തില്‍ എത്തിയിട്ടില്ല. എങ്കിലും ഹിന്ദിയില്‍ സംസാരിച്ചത് കൊണ്ടുതന്നെ റെയില്‍വേ സ്റ്റേഷനുകളിലും മുന്നറിയിപ്പ് നല്‍കുകയും പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളായ വാളയാറില്‍ ഉള്‍പ്പെടെ പരിശോധന നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. മോഷണവുമായി കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
മോഷണം നടത്താനായി പ്രതിയെത്തിയത് ചാലക്കുടി ഭാഗത്തു നിന്ന്. മോഷണം കഴിഞ്ഞ ശേഷം ഇയാള്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി പോയതും ചാലക്കുടി ഭാഗത്തേക്കാണെന്നു വ്യക്തമായി. എന്നാല്‍ പ്രധാനപ്പെട്ട സിസിടിവി ദൃശ്യങ്ങളിലൊന്നും മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടില്ല. മോഷണത്തിനു ശേഷം ഇയാള്‍ പ്രദേശത്തെ ഒരു പെട്രോള്‍ പമ്പില്‍ കയറിയതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്.
രണ്ട് ജീവനക്കാരെ തള്ളി ശുചിമുറിയില്‍ എത്തിച്ചശേഷം അതു തുറക്കാതിരിക്കാന്‍ കസേര ഡോര്‍ ഹാന്‍ഡിലിന്റെ ഇടയിലേക്ക് ഭിത്തിയോട് ചേര്‍ത്ത് തള്ളികയറ്റി വയ്ക്കുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം. പണം സൂക്ഷിച്ചിരുന്ന ക്യാഷ് കൗണ്ടര്‍ പൊളിക്കാനുള്ള നീണ്ടനേരത്തെ പരിശ്രമത്തിനൊടുവില്‍ കൗണ്ടര്‍ കസേര ഉപയോഗിച്ച് തല്ലിപൊളിച്ച ശേഷം ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു.
ബാങ്കുമായി പരിചയമുള്ള ഇവിടത്തെ കാര്യങ്ങള്‍ വ്യക്തമായി അറിയുന്നയാളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് നിലവില്‍ ലഭിച്ച തെളിവുകളിലൂടെ വ്യക്തമാവുന്നത്. ഉച്ചയ്ക്ക് 2.12ന് ബാങ്കില്‍ കടന്ന പ്രതി രണ്ടര മിനുട്ടിനുള്ളില്‍ കവര്‍ച്ച നടത്തി മടങ്ങിയെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ എല്ലാ പ്രധാന പാതകളിലും പരിശോധന നടത്തുന്നുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും എസ്പി പറഞ്ഞു.
പ്രതി പോകാന്‍ സാധ്യതയുള്ള ഇടവഴികളും ഒഴിഞ്ഞ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. എല്ലാ പ്രധാന പാതകളിലും പരിശോധനയുണ്ട്. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ബാങ്കിനുള്ളില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുത്തു. ഹെല്‍മറ്റ് ധരിച്ചെത്തിയ അക്രമിയെ ജീവനക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നില്ല. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഹിന്ദി ഭാഷയാണ് പ്രതി സംസാരിച്ചതെന്നും റൂറല്‍ എസ്പി പറഞ്ഞു. പ്രതി എത്തുമ്പോള്‍ ബാങ്കിന്റെ ഫ്രണ്ട് ഓഫീസില്‍ പ്യൂണ്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ബാക്കിയുള്ളവര്‍ ഡൈനിങ് മുറിയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് കവര്‍ച്ച നടന്നത്. ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൗണ്ടര്‍ തകര്‍ത്താണ് പണം കവര്‍ന്നത്. ബാങ്കിനെക്കുറിച്ച് പൂര്‍ണമായും പരിചയമുള്ള ആളായിരുന്നു മോഷണത്തിന് പിന്നില്‍ എന്ന് ഉച്ചസമയത്തെ മോഷണത്തില്‍ നിന്ന് തന്നെ വ്യക്തമാണെന്നും പൊലീസ് പറയുന്നു.
ആസൂത്രിതമായ കവര്‍ച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കില്‍ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു. ഉച്ചഭക്ഷണ ഇടവേളയില്‍ ഇടപാടുകാരില്ലാത്ത സമയത്താണ് അക്രമി എത്തിയത്. മാസ്‌കും ജാക്കറ്റും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് കസേര ഉപയോ?ഗിച്ച് കൗണ്ടറിന്റെ ഗ്ലാസ് തകര്‍ത്താണ് കൗണ്ടറില്‍ നിന്നും പണം കവരുന്നത്.