ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ പരാതിയില്ലാതെ കേസെടുത്തത് എന്തിനെന്ന് സുപ്രീംകോടതി. ഇങ്ങനെ വ്യക്തികളെ അപമാനിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഹർജി പരിഗണിച്ച കോടതി അന്തിമ ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും. ഹേമകമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിനെ സംസ്ഥാനസർക്കാരും വനിത കമ്മീഷനും സുപ്രീംകോടതിയിൽ ശക്തമായി എതിർത്തു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണമെന്നും സിനിമാരംഗത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും സർക്കാർ വാദിച്ചു. സജിമോൻ പാറയിലിൻ്റെ ഹർജി തള്ളണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് അന്വേഷണം നടക്കുന്നതെന്ന് വനിത കമ്മീഷൻ വ്യക്തമാക്കി.
കുറ്റകൃത്യം നടന്നെന്ന് വ്യക്തമായാൽ പൊലീസിന് കേസ് എടുക്കാമെന്ന് വ്യക്തമാക്കിയ കോടതി എന്നാൽ തെളിവുകൾ ഇല്ലെങ്കിൽ കേസ് എടുക്കാൻ നിർദ്ദേശിക്കുന്ന ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്ക്കാനാകില്ലെന്നും നിരീക്ഷിച്ചു. എന്തിനാണ് സജിമോൻ പാറയിൽ അന്വേഷണത്തെ എതിർക്കുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ സിനിമ നിർമ്മാതാവായ തനിക്കെതിരെ പോലും ഈ മൊഴികൾ ഉപയോഗിക്കാനാകുമെന്ന് സജിമോൻ പാറയിൽ വാദിച്ചു. എന്നാൽ സജിമോന് പിന്നിൽ സിനിമരംഗത്തെ വലിയ വ്യക്തികളാണെന്ന് ഡബ്ല്യുസിസി ആരോപിച്ചു.
പരാതി നൽകിയതിൻ്റെ പേരിൽ ഭീഷണി നേരിടുന്നുവെന്ന് മേക്കപ്പ് ആർട്ടിസ്റ്റുകൾ ഹർജിയിൽ പറയുന്നു. തെളിവില്ലാതെ കേസുകൾ എടുക്കുമ്പോൾ പലരും ഇരകളാകുന്നുവെന്ന് സജിമോൻ പാറയിലിൻ്റെ അഭിഭാഷകൻ വാദിച്ചു. നിങ്ങൾക്ക് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലല്ലോ പിന്നെ എന്തിനാണ് ആശങ്കയെന്ന് കോടതി തിരിച്ചു ചോദിച്ചു. സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാനാണ് മൊഴി നൽകിയത്.
കേസ് എടുക്കാൻ അല്ലെന്ന് ഹർജിക്കാരിയായ നടിയും പറഞ്ഞു. അന്വേഷണ സംഘത്തിന് മുന്നിൽ പോയി മൊഴി നൽകാൻ നിർബന്ധിക്കുന്നില്ലല്ലോ. താൽപര്യമില്ലെങ്കിൽ അത് ഹൈക്കോടതിയിൽ അറിയിക്കൂ. എന്തിനാണ് സുപ്രീം കോടതിയിൽ എത്തിയതെന്നും ഹർജിക്കാരിയായ നടിയോട് സുപ്രിം കോടതി ചോദിച്ചു.
മൊഴിയുടെ അടിസ്ഥാനത്തിൽ അനുവാദം ഇല്ലാതെ കേസ് എടുത്തുവെന്നായിരുന്നു നടിയുടെ പരാതി. പരാതിയില്ലാതെ കേസ് എടുത്തത് എന്തിനെന്ന് ചോദിച്ച കോടതി ഇങ്ങനെ കേസ് അടുത്ത് ആളുകളെ അപമാനിക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. മറുപടി നൽകാൻ സംസ്ഥാനത്തിന് സമയം നൽകാമെന്ന് പറഞ്ഞ കോടതി കേസ് വീണ്ടും അടുത്ത തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി.
അന്ന് അന്തിമ ഉത്തരവ് ഉണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. മൂന്നു ദിവസത്തിനകം വിവരം നല്‍കാമെന്ന് സര്‍ക്കാര്‍ മറുപടി നൽകി. നടിമാരുടെ ഹർജികൾക്ക് പിന്നിൽ സ്പോൺസർമാരുണ്ടോ എന്നും കോടതി ചോദിച്ചു.