കൊച്ചി: ആഭരണ പ്രേമികള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടി സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. 1500 രൂപയിലധികം ഇടിഞ്ഞ് വില കുറഞ്ഞതിന്റെ ആശ്വാസം അധികനാള്‍ നീണ്ടു നിന്നില്ല. ആഗോള സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഏഴ് ദിവസത്തിനിടെ 900 രൂപയോളമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
ഈ മാസം ഏറ്റവും ഉയര്‍ന്ന വില നല്‍കേണ്ടി വന്നത് നാലാം തിയ്യതിയായിരുന്നു. എക്കാലത്തെയും റെക്കോര്‍ഡ് വിലയായ 47080 രൂപയായിരുന്നു അന്ന് ഈടാക്കിയത്. എന്നാല്‍ പിന്നീട് വില ഇടിഞ്ഞ് 45320 രൂപയിലെത്തിയത് വലിയ ആശ്വാസമായി. ഈ ആശ്വാസം കൂടുതല്‍ നിലനിന്നില്ല. വീണ്ടും തിരിച്ചുകയറുകയാണ് സ്വര്‍ണ വില.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46200 രൂപയാണ്. 280 രൂപയാണ് പവന് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5775 രൂപയിലെത്തി. വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത എന്ന് വിലയിരുത്തുന്നു. അതേസമയം, ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് തുടരുകയാണ്. നിഫ്റ്റിയും സെന്‍സെക്‌സും റെക്കോര്‍ഡ് കുതിപ്പാണ് നടത്തുന്നത്.
ഡോളര്‍ സൂചിക ഇടിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. 102.17 ലാണ് ഡോളര്‍. അമേരിക്കന്‍ കറന്‍സിയുടെ മൂല്യം ഇടിയുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യമുയരുകയും അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യും. ഇത്തരത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുമ്പോള്‍ വില കൂടും. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയും.
ഇന്ത്യന്‍ രൂപയുടെ മൂല്യം അല്‍പ്പം ഇടിഞ്ഞിട്ടുണ്ട്. ഡോളറിനെതിരെ 83.15 എന്ന നിരക്കിലാണ് ഇന്ന് ഇന്ത്യന്‍ രൂപ. എണ്ണ വിലയില്‍ ദിനേന വര്‍ധനവ് വരുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 79.15 ഡോളര്‍ എന്ന നിരക്കിലാണ് ഇന്നത്തെ എണ്ണ വ്യാപാരം. പശ്ചിമേഷ്യയിലെ സംഭവങ്ങളാണ് എണ്ണ വില ഉയരാന്‍ കാരണം. ഹൂതി വിമതരുടെ ചെങ്കടലിലെ നീക്കങ്ങള്‍ എണ്ണ വ്യാപാരത്തെ ബാധിക്കുമെന്ന് വിലയിരുത്തുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ചുരുങ്ങിയത് 50000 രൂപ ചെലവ് വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണവിലയില്‍ പേശാന്‍ സാധിക്കില്ലെങ്കിലും പണിക്കൂലി കുറയ്ക്കാന്‍ ശ്രമിക്കാം. ഓരോ ആഭരണത്തിന്റെയും ഡിസൈന് അനുസരിച്ചാണ് പണിക്കൂലി നിശ്ചയിക്കുക. ചില ജ്വല്ലറികള്‍ പണിക്കൂലി വേണ്ട എന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.