KeralaNews

18 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സഫിയയുടെ തലയോട്ടി മാതാപിതാക്കള്‍ ഏറ്റുവാങ്ങി;നടപടി നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍

കാസര്‍കോട് : പതിനെട്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സഫിയയുടെ തലയോട്ടി കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാതാപിതാക്കള്‍ ഏറ്റുവാങ്ങി. മതാചാര പ്രകാരം മകളെ സംസ്ക്കരിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഗോവയില്‍ വച്ച് കൊല്ലപ്പെട്ട 13 വയസുകാരി സഫിയയുടെ തലയോട്ടി ഏറ്റുവാങ്ങിയ ഉമ്മ ആശിയുമ്മയെ ഉപ്പ മൊയ്തുവിനെയും സമാധാനിപ്പിക്കാന്‍ വാക്കുകളില്ലാതെ കൂടെയുള്ളവരും വിതുമ്പി. 

മകളെ മതാചാരപ്രകാരം സംസ്ക്കരിക്കണമെന്നായിരുന്നു പിതാവ് മൊയ്തുവിന്‍റേയും മാതാവ് ആയിശുമ്മയുടേയും ആവശ്യം. തെളിവായി സൂക്ഷിച്ച തലയോട്ടി വിട്ടു നല്‍കാന്‍ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. മകളുടെ ശേഷിപ്പ് മാതാപിതാക്കൾക്ക് നൽകാൻ കോടതി ഉത്തരവിട്ടു. 

2006 ഡിസംബറിലാണ് കുടക് അയ്യങ്കേരി സ്വദേശി സഫിയ എന്ന 13 വയസുകാരി കൊല്ലപ്പെടുന്നത്. ഗോവയില്‍ നിര്‍മ്മാണ കരാരുകാരനായ കാസര്‍കോട് മുളിയാര്‍ സ്വദേശി കെ.സി ഹംസയുടെ വീട്ടില്‍ ജോലിക്കാരിയായിരുന്നു സഫിയ. പാചകത്തിനിടെ കുട്ടിക്ക് പൊള്ളലേറ്റപ്പോള്‍ ബാലപീഡനക്കേസ് ഭയന്ന് കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റസമ്മത മൊഴി.

മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. ഗോവയില്‍ നിര്‍മ്മാണത്തിലിരുന്ന അണക്കെട്ടിന് സമീപത്ത് നിന്ന് 2008 ജൂണില്‍ സഫിയയുടെ തലയോട്ടിയും കുറച്ച് അസ്തികളും കണ്ടെടുത്തു. 2015 ല്‍ കോടതി ഹംസയ്ക്ക് വധ ശിക്ഷ വിധിച്ചു. എന്നാല്‍ 2019 ല്‍ ഹൈക്കോടതി ഇത് ജീവപര്യന്തമാക്കി. സഫിയയുടെ ശേഷിപ്പ് കുടക് അയ്യങ്കേരി മുഹ്‍യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ സംസ്ക്കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker