കൂട്ടിക്കലും കൊക്കയാറിലും എന്‍ഡിആര്‍എഫ് സംഘമെത്തി; നാശനഷ്ടം സംഭവിച്ചവര്‍ക്ക് എല്ലാസഹായവും എത്തിക്കും
തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുണ്ടായ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത പ്രതികരണ സേനയെ വിന്യസിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നിലവിൽ 11 സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. അതിൽ ആദ്യഘട്ടം എന്ന നിലയിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഓരോ സംഘങ്ങളെ വിന്യസിച്ചിരുന്നു.
കേന്ദ്ര സർക്കാരുമായി പുതുതായി നടന്ന ചർച്ചയുടെ ഫലമായി അഞ്ചു ടീമുകൾ കൂടി ലഭ്യമായിട്ടുണ്ട്. ഇതിൽ ഒരു ടീം ഇടുക്കിയിലേക്കും മറ്റൊരു ടീം കോട്ടയത്തേക്കും പോയിട്ടുണ്ട്. കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിലും ഓരോ ടീമുകളെ വീതം കൊടുത്തിട്ടുണ്ട്. ഇന്ത്യൻ കരസനേയുടെ ഒരു ടീമും കോട്ടയത്ത് എത്തിയിട്ടുണ്ട്. അവർ കൂട്ടിക്കൽ എത്തിയതായും മന്ത്രി വ്യക്തമാക്കി.
കനത്ത മഴ കാരണം വ്യോമസേനയ്ക്ക് ഇതുവരെ സംഭവസ്ഥലത്ത് എത്തിച്ചേരാൻ ആയിട്ടില്ല. നിലവിൽ കോയമ്പത്തൂരാണുള്ളത്. അതുകൊണ്ടുതന്നെ എയർ ലിഫ്റ്റിങ് വൈകും. കൂട്ടിക്കലിലും കൊക്കയാറിലും ഞായറാഴ്ച്ച രാവിലെ രക്ഷാപ്രവർത്തനം തുടങ്ങാനാകുമെന്നാണ് കരുതുന്നത്. വെളിച്ചക്കുറവും മഴ തുടരുന്നതും രാത്രിയിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കനത്ത മഴയെ തുടർന്നു നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ എല്ലാവിധ സഹായവും നൽകുമെന്ന് സഹകരണ- രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ദുരിതാശ്വാസ പവർത്തനങ്ങൾ ഏകോപിപ്പിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനുമായി മഴക്കെടുതി നേരിട്ട പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാലാ, കൂട്ടിക്കൽ പ്രദേശങ്ങളിൽ മഴക്കെടുതി നേരിട്ട വീടുകൾ സന്ദർശിച്ച മന്ത്രി, വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങളെ നേരിൽ കണ്ടു. കൂട്ടിക്കൽ ചപ്പാത്തിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.
ജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്ത് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ക്യാമ്പുകൾ തുറക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി റവന്യൂ അധികൃതർക്കു നിർദ്ദേശംനൽകി. ഫയർ ഫോഴ്സ്-പൊലീസ് ഉദ്യോഗസ്ഥരുമായും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും അദ്ദേഹം സംസാരിച്ചു. രാത്രി വൈകിയും രക്ഷാപ്രവർത്തനങ്ങൾക്കായി മന്ത്രി സ്ഥലത്തു തുടരുകയാണ്.
ആന്റോ ആന്റണി എം.പി., സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.