കൊച്ചി : കൊച്ചിയിൽ സ്പായുടെ മറവിൽ നടത്തിയ അനാശാസ്യ കേന്ദ്രത്തിലൂടെ നടന്നത് കോടികളുടെ ഇടപാട്. നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീണിന്റെ അക്കൗണ്ടിൽ എത്തിയത് ഏതാണ്ട് 1.68 കോടിയോളം രൂപയാണ്. സംസ്ഥാനത്തെ പെൺവാണിഭ റാക്കറ്റിലെ പ്രധാനിയാണ് പിടിയിലായ പ്രവീൺ. മുംബൈയിലുള്ള മറ്റൊരു പ്രവീൺ ആണ് ഈ പ്രവീണിനെ നിയന്ത്രിക്കുന്നത് . ഇയാൾ തൃശൂർ സ്വദേശിയാണ്. ഈ പ്രവീണിനെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച പിടിയിലായത്. കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും അനാശാസ്യ കേന്ദ്രത്തിന്‍റെ ലാഭ വിഹിതമായി ലക്ഷങ്ങള്‍ ലഭിച്ചിരുന്നു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥരുടെ ബിനാമികളായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. പിടിയിലായവരുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുകയാണ്.
ഇതിനു പുറമെ കൊച്ചിയിലെ മോക്ഷ സ്പായിലും കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു . സ്പായുടെ മറവിൽ പെൻവാണിഭം നടത്തിയതിന് പന്ത്രണ്ടോളം പേരെയാണ് ഇന്നലെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ സ്ത്രീകളും ഉൾപ്പെടും. പാലായിൽ നിന്നാണ് പ്രവീണിനെ അറസ്റ്റ് ചെയ്യുന്നത്. കൊച്ചിയിലെ മോക്ഷ സ്പായ്ക്ക് പുറമേ മറ്റിടങ്ങളിലും പ്രവീൺ അനാശാസ കേന്ദ്രങ്ങൾ നടത്തിയിരുന്നു. ഇയാളുടെ അറസ്റ്റിനു പിന്നാലെയാണ് പോലീസ് മോക്ഷയിൽ എത്തുന്നത്.
കൊച്ചി നഗരത്തിൽ ആയുർവേദ സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കലാഭവൻ റോഡിൽ പ്രവർത്തിച്ചിരുന്ന നഗരത്തിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമായ മോക്ഷ സ്പായിൽ മൂന്ന് മാസത്തിലേറെ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു നടപടി.
കോൾ സെന്ററിന് സമാനമായ പ്രവർത്തനത്തിലൂടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം പ്രവീൺ ഏകോപിപ്പിച്ചിരുന്നത്. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.