എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ തടഞ്ഞ് ഹൈക്കോടതി. നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് ആണ് ഹൈക്കോടതി തടഞ്ഞത്. എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
മുണ്ടക്കൈ, ചൂരൽമല മേഖലയിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ കണ്ടെത്തിയ ഭൂമിയാണ് ഹൈക്കോടതി ഇടപെട്ട് ഏറ്റെടുക്കൽ തടഞ്ഞത്. ഈ ഭൂമിയിൽ മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാൻ ആയിരുന്നു സംസ്ഥാന സർക്കാരിന്റെ പദ്ധതി. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു.
നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കുന്നതിനെതിരായ കേസിലാണ് ഹൈക്കോടതി ഇടപെടൽ. എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റുമാണ് കോടതിയെ സമീപിച്ചിരുന്നത്. ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും എന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പുകളുടെ പ്രാഥമിക രൂപരേഖ തയ്യാറായിയിരുന്നു. ദുരന്തബാധിതരുമായുള്ള ചർച്ചകൾക്കുശേഷം അവരുടെ താത്പര്യങ്ങൾകൂടി പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയായിരിക്കും അന്തിമ രൂപരേഖ തയ്യാറാക്കുക. നിലവിൽ ടൗൺഷിപ്പിനായി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കല്പറ്റ നഗരസഭയിലെ എൽസ്റ്റൺ, മേപ്പാടിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമിയിൽത്തന്നെയാണ് ടൗൺഷിപ്പ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
കിഫ്‌ബിയുടെ കീഴിലുള്ള ‘കിഫ്‌കോൺ കൺസൽട്ടൻസി’യാണ് രൂപരേഖ തയ്യാറാക്കിയത്. രണ്ടു ടൗൺഷിപ്പിലും അഞ്ഞൂറോളം വീടുകൾ, ആശുപത്രി, സ്കൂൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, റോഡുകൾ, വിനോദകേന്ദ്രങ്ങൾ, കളിസ്ഥലം തുടങ്ങിയവയുണ്ടാവും. രണ്ടുസ്കൂളുകൾ ദുരന്തത്തിൽ നഷ്ടപ്പെട്ടിട്ടുള്ളത് എവിടെ വേണമെന്നത് ദുരന്തബാധിതരുടെ അഭിപ്രായംകൂടി പരിഗണിച്ചായിരിക്കും നിർമിക്കുക.
രൂപരേഖ തയ്യാറാക്കുന്നതിന്റെ പ്രാഥമികഘട്ട ചർച്ചകളുടെ ഭാഗമായി പി.ഡബ്ള്യു.ഡി., ജലഅതോറിറ്റി, കെ.എസ്.ഇ.ബി. എന്നിവയുടെ യോഗം ചേർന്നിട്ടുണ്ട്. വൈദ്യുതി, ജലം, റോഡ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനാണിത്. ടൗൺഷിപ്പ് നിർമാണത്തിന് വിവിധമേഖലകളിലെ വിദഗ്‌ധരുടെ സേവനവും ഉപയോഗിക്കും. സർക്കാർ ഉത്തരവിറങ്ങി 75 ദിവസത്തിനകം ഭൂമിയേറ്റെടുക്കൽ പൂർത്തീകരിക്കണമെന്നുണ്ട്.
എൻജിനിയറിങ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്‌ഷൻ (ഇ.പി.സി.) മാതൃകയിലാകും പദ്ധതിനിർവഹണം. ഇ.പി.സി. ടെൻഡറിന്റെ രേഖാപരിശോധന 15-നകം പൂർത്തിയാക്കും. ടെൻഡർ ഡിസംബർ 31-ന് മുൻപ് പൂർത്തിയാക്കാനാണ് ലക്ഷ്യം. നെടുമ്പാലയിൽ 65.41 ഹെക്ടർ ഭൂമിയും എൽസ്റ്റണിൽ 78.73 ഹെക്ടർ ഭൂമിയും ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
ഉപതിരഞ്ഞെടുപ്പ് പോളിങ് കഴിഞ്ഞതിനുശേഷം 18-നുള്ളിൽ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിക്കും. റവന്യു വകുപ്പും മേപ്പാടി പഞ്ചായത്തും വെവ്വേറെയായി രണ്ടുപട്ടിക നിലവിൽ തയ്യാറാക്കിയിട്ടുണ്ട്. ഇവ സംയോജിപ്പിച്ച് സർവകക്ഷിയോഗവും മേപ്പാടി പഞ്ചായത്ത് തല യോഗവും ചേർന്നശേഷമായിരിക്കും കരടുപട്ടിക പ്രസിദ്ധീകരിക്കുക. ശേഷം, ആക്ഷേപങ്ങളുണ്ടെങ്കിൽ അതുകൂടി പരിഗണിച്ചായിരിക്കും അന്തിമപട്ടിക തയ്യാറാക്കുക. വാടകവീടുകളിൽ കഴിയുന്നവരും ബന്ധുവീടുകളിൽ താമസിക്കുന്നവരുമാണ് ഗുണഭോക്താക്കളാകുക. എവിടെ വീടുവേണമെന്നത് ഗുണഭോക്താക്കൾക്ക് തീരുമാനിക്കാം.