കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സല്‍റ്റന്റ് കോവൂര്‍ പാലാഴി എംഎല്‍എ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം.സുജാതയാണ് (54) മരിച്ചത്. ഇന്ന് രാവിലെ പത്തേകാലോടെയാണ് സംഭവം.
കണ്ണൂരിലേക്കു പോകാനായി ഇവര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് അവിടെ നിന്ന് പുറപ്പെടുകയായിരുന്നു. കയറാന്‍ നോക്കിയപ്പോള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ തടഞ്ഞു. ഡോക്ടറെ ബെഞ്ചിലിരുത്തി. ഉടനെ ട്രെയിന്‍ പതുക്കെയായപ്പോള്‍ ഇവര്‍ ഓടി കയറുകയായിരുന്നു.
വീഴാന്‍ പോകവേ യാത്രക്കാരും ആര്‍പിഎഫ് ഉദ്യോഗസ്ഥനും ചേര്‍ന്ന് താങ്ങി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഡോക്ടര്‍ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണു. ഉടനെ പുറത്തെടുത്തു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റെയില്‍വേ പൊലീസ് തുടര്‍ നടപടി സ്വീകരിച്ച മൃതദേഹം മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലെ ആര്‍പിഎച്ച് ലാബിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസറായിരുന്ന ഇവര്‍ കഴിഞ്ഞ ജൂണിലാണ് കണ്ണൂരിലേക്ക് പോയത്. മണലായ രുഗ്മിണി കോവിലമ്മയുടെയും പരേതനായ വി.ജനാര്‍ദ്ദനന്‍ ഏറാടിയുടെയും മകളാണ്. ഭര്‍ത്താവ്: പി.ടി.ശശിധരന്‍ (സയന്റിസ്റ്റ്, കോഴിക്കോട് എന്‍ഐഇഎല്‍ഐടി). മക്കള്‍: ജയശങ്കര്‍ (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ബെംഗളൂരു), ജയകൃഷ്ണന്‍ (എന്‍ജിനീയറിങ് വിദ്യാര്‍ഥി, സ്വീഡന്‍). സഹോദരന്‍: ഡോ. എം.സുരേഷ് (ഐഐടി, ചെന്നൈ). സംസ്‌കാരം (9) വൈകിട്ട് 3ന് മാങ്കാവ് ശ്മശാനം.