പാലക്കാട്: ഷൊർണൂരിലെ ഒന്നരവയസുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകം സ്ഥിരീകരിച്ചത്. സംഭവത്തിൽ അമ്മ ശില്പയെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കാളിയുമായുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
ഹൃദയ സ്തംഭനം കാരണമാണ് കുഞ്ഞ് മരിച്ചതെന്നാണ് ഇന്നലെ പൊലീസ് അറിയിച്ചിരുന്നത്. കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയക്കുകയും ചെയ്തു.ഇന്നലെ രാവിലെയാണ് പാലക്കാട് ഷൊർണൂരിൽ പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ ആശുപത്രിയിൽ കൊണ്ടുവന്നത്.
തുടർന്ന് അമ്മയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെത്തിച്ച സമയം കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കൽ ഓഫീസറും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കോട്ടയം സ്വദേശിയാണ് കുഞ്ഞിന്റെ അമ്മ ശില്പ.