ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലയോടെ ക്വേടാ റെയില്‍വേ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്ഫോടനം.
ചാവേര്‍ സ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ക്വേടാ പോലീസ് സീനിയര്‍ സൂപ്രണ്ട് മുഹമ്മദ് ബലൂച് പറഞ്ഞു. സ്ഫോടനത്തിന്റെ സ്വഭാവം നിര്‍ണയിക്കാന്‍ അന്വേഷണം നടന്നുവരുകയാണ്. സംഭവസമയത്ത് റെയില്‍വേ സ്റ്റേഷനില്‍ 100-ഓളം പേര്‍ ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകട സ്ഥലത്തേക്ക് സുരക്ഷാസേനയെ അയച്ചതായി ബലൂചിസ്താന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്ദ് അറിയിച്ചു. അവിടെനിന്ന് തെളിവുകള്‍ ശേഖരിച്ചുവരികയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന സൂചനയുണ്ട്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും ഷാഹിദ് റിന്ദ് പറഞ്ഞു.
ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു. റെയില്‍വേ സ്റ്റേഷനില്‍ തങ്ങളുടെ ചാവേര്‍ സംഘങ്ങള്‍ നിലയുറപ്പിച്ചിരുന്നുവെന്ന് പ്രസ്താവനയില്‍ ബി.എല്‍.എ. അവകാശപ്പെട്ടു. അതേസമയം, ബി.എല്‍.എയുടെ പങ്ക് സ്ഥിരീകരിക്കാന്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് ഷാഹിദ് റിന്ദ് പറഞ്ഞു.