തീപിടിച്ചെന്ന് കിംവദന്തി വിളിച്ചുപറഞ്ഞത് ചായവിൽപ്പനക്കാരൻ, വ്യാജ വിവരത്തിൽ ട്രാക്കില്‍ പൊലിഞ്ഞത് 12 ജീവനുകള്‍
മുംബൈ: മഹാരാഷ്ട്രയിലെ ജാൽഗാവിൽ ട്രെയിനിടിച്ച് യാത്രക്കാർ മരിച്ച സംഭവത്തിന് പിന്നിൽ ചായ വിൽപ്പനക്കാരൻ പ്രചരിപ്പിച്ച കിംവദന്തിയാണ് കാരണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ട്രെയിനിന് തീ പിടിച്ചെന്ന് പുഷ്പക് എക്‌സ്പ്രസിലെ ചായ വിൽപനക്കാരൻ വിളിച്ചു പറഞ്ഞ കിംവദന്തി വിശ്വസിച്ച ചില യാത്രക്കാർ പരിഭ്രാന്തരാകുകയും പുറത്തേക്ക് ചാടുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ലഖ്‌നൗ-മുംബൈ പുഷ്പക് എക്‌സ്‌പ്രസിലെ യാത്രക്കാരാണ് ട്രെയിനിന് തീപിടിച്ചെന്ന് കരുതി പുറത്തേക്ക് ചാടിയത്.
എന്നാൽ തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കർണാടക എക്‌സ്പ്രസ് ഇവരെ ഇടിച്ചു തെറിപ്പിച്ചു. 12 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ചായവിൽപ്പനക്കാരൻ പറഞ്ഞ വ്യാജവിവരം ശ്രാവസ്തിയിൽ നിന്നുള്ള രണ്ട് യാത്രക്കാർ മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് പരിഭ്രാന്തിയുണ്ടായത്. ഭയപ്പെട്ട ചില യാത്രക്കാർ രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് ചാടിയെന്നും മന്ത്രി പറഞ്ഞു. മരിച്ച 12 പേരിൽ 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിംവദന്തി പ്രചരിപ്പിച്ച രണ്ട് യാത്രക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ട്രെയിനിൻ്റെ ചക്രങ്ങളിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ തിടുക്കത്തിൽ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്നായിരുന്നു സൂചന. പുഷ്പക് എക്സ്പ്രസിൽ തീ പടർന്നുവെന്ന വിവരം വ്യാജമാണെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.