10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പി.എ.സലീമിനെ ആന്ധ്രയിൽനിന്ന് പിടികൂടാൻ പൊലീസിനെ സഹായിച്ചത് വീട്ടിലേക്കുള്ള ഫോൺ വിളി. മദ്യപിച്ച് റോഡിൽ വീണു കിടന്ന ആളിന്റെ മൊബൈല്‍ എടുത്ത് സലീം ബന്ധുക്കളെ വിളിച്ചതാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്. സലീം വിളിച്ച ഫോണിന്റെ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് ആന്ധ്രയിലെ അഡോണിയിൽനിന്ന് പിടികൂടുകയായിരുന്നു. മൽപിടിത്തത്തിലൂടെയാണ് പ്രതിയെ കീഴടക്കിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഏപ്രിൽ 15ന് പുലർച്ചെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണക്കമ്മൽ കവർന്നശേഷം വഴിയിലുപേക്ഷിക്കുകയുമായിരുന്നു. മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമം. കൃത്യം നടത്തിയ ശേഷം സലീം ആന്ധ്രയിലേക്ക് കടന്നു. കർണാടക–ആന്ധ്രാ അതിർത്തിയിലെ റായ്ച്ചൂരിൽ ഇയാൾ മുൻപ് ജോലി ചെയ്തിരുന്നു. അന്ന് അവിടെവച്ച് പരിചയപ്പെട്ട പെൺസുഹൃത്ത് താൽക്കാലിക അഭയം നൽകുമെന്ന പ്രതീക്ഷയിലാണു പോയത്. എന്നാൽ പൊലീസ് പെൺസുഹൃത്തിന്റെ പിന്നാലെയുമുണ്ടായിരുന്നു. മദ്യപിച്ച് വീണുകിടന്നിരുന്ന ഒരാളുടെ ഫോൺ സംഘടിപ്പിച്ച് ഇയാൾ രണ്ട് സഹോദരിമാരെയും സുഹൃത്തുക്കളെയും വിളിച്ചതോടെ പൊലീസ് ലൊക്കേഷൻ മനസിലാക്കി.
ആന്ധ്രയിലെ അഡോണി ആയിരുന്നു ലൊക്കേഷന്‍. പിന്നീട് ഈ നമ്പർ സ്വിച്ച് ഓഫ് ആയി. പിന്നാലെ ആറിലേറെ നമ്പറുകളിൽനിന്ന് ഇയാൾ നാട്ടിലേക്ക് വിളിച്ചു. എല്ലാത്തിന്റെയും ലൊക്കേഷൻ അഡോണിയും പരിസരങ്ങളും ആയിരുന്നു. പ്രതി പരിസരത്ത് തന്നെയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അഡോണിയിൽ വ്യാപക തിരച്ചിൽ നടത്തി. അഡോണിയിൽനിന്നും ബെംഗളൂരുവിലേക്ക് പോകാനായിരുന്നു പ്രതിയുടെ പരിപാടി. അഡോണി റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും ട്രെയിനിൽ കയറാനായില്ല. മഫ്തിയിൽ കാത്തിരുന്ന പൊലീസ് സംഘം പ്രതിയെ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽനിന്നു മൽപിടിത്തത്തിലൂടെ പിടികൂടി. കൃത്യം നടന്ന ദിവസവും പിടിയിലായ ദിവസവും ഇയാൾ ധരിച്ചിരുന്നത് ഒരേ വസ്ത്രമായതും പ്രതിയെ തിരിച്ചറിയുന്നത്
ഇരുന്നൂറിലധികം സിസിടിവി ദൃശ്യങ്ങളും പ്രതിയിലേക്ക് എത്തുന്നതിന് പൊലീസിനെ സഹായിച്ചു. പിള്ളേരു പീടിക എന്ന സ്ഥലത്തുനിന്നുള്ള ദൃശ്യത്തിൽ കൃത്യംനടന്ന ദിവസം ഇയാൾ പ്രദേശത്തുള്ളതായി തെളിഞ്ഞു. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വീട്ടിൽകയറി അവിടെയുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് ഇയാൾ കടന്നുകളഞ്ഞിരുന്നു. ഈ രണ്ട് സംഭവങ്ങളിലും പ്രതി ധരിച്ചിരുന്നത് ഒരേ വസ്ത്രം. നടക്കുന്നതടക്കമുള്ള ശരീര ചലനങ്ങളിലെ സാമ്യം തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഒരാൾ തന്നെയാണെന്ന് ഉറപ്പിച്ചു.
കുടക് സ്വദേശിയായ സലീം 14 വർഷങ്ങൾക്ക് മുൻപാണ് കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിലെ സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ താമസം തുടങ്ങിയത്. ഈ ബന്ധത്തിൽ 4 മക്കളുമുണ്ട്. പ്രതിയുടെ ഭാര്യയുടെ വീടും പീഡനത്തിന് ഇരയായ കുട്ടിയുടെ വീടും തമ്മിൽ ഒരു കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. അധികമാരോടും സൗഹൃദം സ്ഥാപിക്കാത്ത സലീം മറ്റാരെയും വിളിച്ചില്ലെങ്കിലും ബന്ധുക്കളെയും കൂട്ടുകാരിയെയും വിളിക്കുമെന്ന് അന്വേഷണ സംഘം മനസിലാക്കിയിരുന്നു. കണ്ണൂർ ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.