തിരുവനന്തപുരം: മലയാള സിനിമാ സംഘടനയില്‍ തര്‍ക്കം അതി തീവ്രമാകുമ്പോള്‍ ഇനിയുള്ള ദിനങ്ങള്‍ പൊട്ടിത്തെറിയുടേതാകും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നിര്‍മ്മാതാവായ ജി സുരേഷ് കുമാര്‍ രംഗത്തെത്തിയത് ഏറെ നിര്‍ണ്ണായകമായി. സമരനിര്‍ണ്ണയം ഒരാളുടെ മാത്രം തീരുമാനം അല്ലെന്നും, സംഘടനകളുടെ കൂട്ടായ തീരുമാനം ആണെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. ‘ആന്റണി സംഘടനാ യോഗങ്ങളില്‍ പങ്കെടുക്കാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിറ്റുകള്‍ പരിശോധിച്ചാല്‍ സത്യം മനസ്സിലാക്കാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തി. ‘ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ സിനിമ നിര്‍മ്മിച്ച ആളാണ്.
ഞാന്‍ ഒരു മണ്ടന്‍ അല്ല. തമാശ കളിക്കാന്‍ അല്ല സംഘടന. ‘എമ്പുരാന്‍’ സിനിമയുടെ ബജറ്റിനെ കുറിച്ച് ഞാന്‍ പറഞ്ഞത് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയായിരുന്നു. അതു പിന്‍വലിക്കണമെങ്കില്‍ പിന്‍വലിക്കാം. എങ്കിലും സമരവുമായി മുന്നോട്ട് പോകുമെന്നും’ സുരേഷ് കുമാര്‍ പറഞ്ഞു. മലയാള സിനിമാ മേഖലയിലെ രൂക്ഷ ഭിന്നിപ്പിന്റെ സൂചനയാണ് ഇതെല്ലാം. മലയാള സിനിമയെ രക്ഷിക്കാന്‍ ഒരു നാഥന്‍ മുമ്പോട്ട് വരുമോ എന്നതാണ് ഉയരുന്ന ചോദ്യം. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലിന് പോലും സാധ്യത ഏറെയാണ്.
സുരേഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്കും അനാവശ്യ ആശങ്കക്കും ഇടയാക്കുന്നതാണെന്നും, സംഘടനയെ പ്രതിനിധീകരിക്കുമ്പോള്‍ ഭൂരിപക്ഷ അഭിപ്രായം മാത്രം അവതരിപ്പിക്കണമെന്നുമാണ് ആന്റണി പെരുമ്പാവൂര്‍ വിമര്‍ശിച്ചിരുന്നു. മോഹന്‍ലാലിന്റെ അതിവിശ്വസ്തനാണ് ആന്റണി. സുരേഷ് കുമാര്‍ ഏറ്റവും അടുപ്പമുണ്ടായിരുന്ന കൂട്ടുകാരനും. മോഹന്‍ലാലിനെ സിനിമയിലേക്ക് എത്തിച്ചതില്‍ പങ്കുള്ള പ്രധാനി. അമ്മയ്ക്ക് നാഥിനില്ലെന്ന പരാമര്‍ശത്തോടെയാണ് സുരേഷ് കുമാറിനെതിരെ നടന്മാരുടെ ഇടയില്‍ വികാരമുണ്ടാകുന്നത്. മുമ്പ് ലിബര്‍ട്ടി ബഷീറിനായിരുന്നു സിനിമയില്‍ മുന്‍തൂക്കം.
എക്‌സിബിറ്റേഴ്‌സ് സംഘടനയെ പൂര്‍ണ്ണമായും നിയന്ത്രിച്ചത് ലിബര്‍ട്ടി ബഷീറായിരുന്നു. അന്ന് ദിലീപും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് പുതിയ സംഘടനയിലൂടെ നേതൃത്വം ഏറ്റെടുത്തു. മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സുരേഷ് കുമാറിലേക്ക് നിര്‍മ്മാതാക്കളുടെ സംഘടനയും എത്തി. എന്നാല്‍ ഇപ്പോള്‍ ഇവിടെ വീണ്ടും പ്രതിസന്ധിയുണ്ടാകുന്നു. നടന്മാരില്‍ ബഹുഭൂരിഭാഗവും ആന്റണി പെരുമ്പാവൂരിനൊപ്പമാണ്. ആന്റണിയുടെ വിമര്‍ശന പോസ്റ്റിന് പൃഥ്വിരാജും ഉണ്ണി മുകുന്ദനും അജു വര്‍ഗ്ഗീസും ഷെയര്‍ ചെയ്യുകയും ചെയ്തു.
അതായത് മോഹന്‍ലാലിന്റെ അടുത്ത അനുയായിയുടെ നീക്കത്തെ പ്രമുഖ താരങ്ങള്‍ പിന്തുണയ്ക്കുന്നു. ചേരി തിരിവിന്റെ സന്ദേശം നല്‍കാനാണ് ഈ ഷെയറിംഗ് എന്നും വ്യക്തം. അതിനിടെ സുരേഷ് കുമാറിനെ പിന്തുണയ്ക്കുന്നവരും സജീവ ചര്‍ച്ചയുമായി എത്തുന്നു. ചെമ്പന്‍ വിനോദും ആന്റണി പെരുമ്പാവൂരിനെ പിന്തുണയ്ക്കുന്നു.
മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്നും പല നിര്‍മാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നായിരുന്നു കഴിഞ്ഞ ദിവസം ജി സുരേഷ് കുമാര്‍ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവര്‍ക്കില്ല എന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഇതിന് പ്രതികരണവുമായിട്ടാണ് ആന്റണി പെരുമ്പാവൂര്‍ എത്തിയത്. തിയേറ്ററുകള്‍ അടച്ചിടുകയും സിനിമകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികള്‍ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനില്‍ക്കുന്നത്.
അത് സംഘടനയില്‍ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാള്‍ കാണിക്കണമെന്നും ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാം ഓക്കേ അല്ലേ അണ്ണാ? എന്നാണ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് മോഹന്‍ലാല്‍ നായകനായി എത്തുന്ന എമ്പുരാന്റെ സംവിധായകന്‍ കൂടിയാണ് പൃഥ്വിരാജ്.
ആന്റണി സിനിമ കണ്ടുതുടങ്ങുമ്പോള്‍ സിനിമ നിര്‍മ്മിച്ചയാളാണ് താന്‍ എന്നും അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.”അസോസിയേഷന്റെ ഉത്തരവാദിത്തപ്പെട്ട പൊസിഷനില്‍ ഇരിക്കുന്ന ആളെന്ന നിലയിലും എത്രയോ കാലമായി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലും എനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ല. വിവിധ സംഘടനകളുമായി നീണ്ട നാളായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് സമരത്തിലേക്ക് പോവുകയാണെന്ന തീരുമാനത്തിലേക്ക് എത്തിയത്. ഞാനൊരു മണ്ടനല്ല.
ഒരുപാട് കാലമായി ഇവിടെയുണ്ട്. ആന്റണി പെരുമ്പാവൂര്‍ സിനിമ കണ്ടു തുടങ്ങിയപ്പോള്‍ സിനിമ എടുത്ത ആളാണ് ഞാന്‍. തമാശ കളിക്കാനല്ല ഞാന്‍ സിനിമയിലിരിക്കുന്നത്. 46 വര്‍ഷമായി സിനിമാ രംഗത്തു വന്നിട്ട്. മോഹന്‍ലാലിന്റെ അടുത്ത് വരുന്ന സമയം മുതല്‍ എനിക്ക് അറിയാവുന്ന ആളാണ് ആന്റണി. ആന്റോ ജോസഫ് മേയ് മാസം വരെ അസോസിയഷേനില്‍ നിന്ന് ലീവ് എടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പ്രതികരിച്ചത്. അസോസിയേഷന്റെ ഒരു കാര്യത്തിനും ആന്റണി വരാറില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കാര്യങ്ങള്‍ അറിയില്ല.ഉത്തരവാദിത്തപ്പെട്ടവര്‍ പറഞ്ഞിട്ടാണ് എമ്പുരാന്റെ കാര്യം പറഞ്ഞത്.
പറഞ്ഞത് പിന്‍വലിക്കണമെങ്കില്‍ ചെയ്യാം. അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാലാണ്. ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കാന്‍ എനിക്ക് താല്‍പര്യമില്ല. നൂറ് കോടി ക്‌ളബില്‍ കയറിയിട്ടുണ്ടെങ്കില്‍ അതിന്റെ കണക്കുകള്‍ ആന്റണി അടക്കമുള്ളവര്‍ കാണിക്കട്ടെ.-ഇതാണ് സുരേഷ് കുമാറിന്റെ പ്രതികരണം. ഇതിലും ചില മുനകള്‍ സുരേഷ് കുമാര്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.
ആന്റോ ജോസഫിനെ മുന്നില്‍ നിര്‍ത്തി നിര്‍മാതാക്കളുടെ സംഘടനയില്‍ കരുത്തു കാട്ടാനാണ് ആന്റണി പെരുമ്പാവൂരിന്റെ ശ്രമം. സംഘടനയുടെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാന്‍ ആന്റണി പെരുമ്പാവൂരിനെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെട്ടേക്കും.
അതിനിടെ സിനിമാ സമരം, താരങ്ങളുടെ പ്രതിഫലം തുടങ്ങിയ വിഷയങ്ങളില്‍ സുരേഷ് കുമാറിനെ പിന്തുണച്ച് നിര്‍മാതാവ് സിയാദ് കോക്കര്‍ ചര്‍ച്ചയ്ക്ക് പുതുമാനം നല്‍കുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം വൈകാരികമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞ കണക്കുകള്‍ സത്യമാണെന്നും സിയാദ് കോക്കര്‍ പറഞ്ഞു. ”ആന്റണി പറയുന്നതില്‍ ഒരു കാര്യവുമില്ല. അദ്ദേഹം അദ്ദേഹത്തിന്റെ വികാരം കൊണ്ടു പറഞ്ഞു. സിനിമാസമരം എന്നു പറയുന്നത് സര്‍ക്കാരിന് എതിരെയാണ്. താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യമൊക്കെ പിന്നെ വരുന്നതാണ്.
കൂടുതല്‍ ലാഭവിഹിതം കൊണ്ടുപോകുന്നത് സര്‍ക്കാരാണ്. അതാണ് പ്രധാനം. ആന്റണിയുടെ പോസ്റ്റ് ഞാന്‍ വായിച്ചിട്ടില്ല. അതില്‍ അദ്ദേഹത്തിന്റെ വികാരം പറഞ്ഞതാകും. ആന്റണിയെ മീറ്റിങ്ങിന് വിളിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് വരാമായിരുന്നു, അഭിപ്രായം പറയാമായിരുന്നു. മാറിയിരുന്ന് ഇങ്ങനെ പറയുന്നത് തെറ്റല്ലേ? ഞാനായാലും സുരേഷ് കുമാര്‍ ആയാലും ആന്റണിയുമായി വളരെയധികം ബന്ധം ഉള്ള ആളുകളാണ്. സുരേഷ് കുമാര്‍ പറഞ്ഞ കണക്കുകളൊക്കെ ശരിയാണ്. 100 കോടി എന്നത് പലരും തെറ്റിദ്ധരിച്ച് സംസാരിക്കുന്ന കാര്യമാണ്.
ഗ്രോസ് കലക്ഷനാണ് 100 കോടി ക്ലബ് എന്നു പറയുന്നത്. അതുകൊണ്ടാണ് പല നിര്‍മാതാക്കളും ഇതിന്റെ വ്യാപ്തി മനസ്സിലാകാതെ സംസാരിക്കുന്നതും പ്രൊഡക്ഷനു വരുന്നതും. അതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതില്‍ എന്താണ് തെറ്റുള്ളത്? എനിക്കു മനസ്സിലാകുന്നില്ല.’-ഇതാണ് സിയാദ് കോക്കറിന്റെ പ്രതികരണം. സിനിമാ നിര്‍മാതാക്കളുടെ പ്രശ്‌നങ്ങള്‍ തുറന്നു കാട്ടി സുരേഷ് കുമാര്‍ ഉന്നയിച്ച ചില വാദങ്ങള്‍ വ്യപാക ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.
അതിനിടെ സുരേഷ് കുമാറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്തുവന്ന ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി വിനയനും രംഗത്തു വന്നു. മലയാള സിനിമ മേഖലയില്‍ പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സമരം പോലുള്ള നടപടികളില്‍ തീരുമാനമെടുക്കേണ്ടിയിരുന്നത് സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നുവെന്ന് വിനയന്‍ പറയുന്നു. താരങ്ങളുടെ പ്രതിഫലം നിയന്ത്രിക്കാന്‍ പറ്റുന്ന സമയത്ത് സംഘടനകള്‍ ഒന്നും ചെയ്തില്ല. ഇവര്‍ തന്നെയാണ് നിരക്ക് കൂട്ടി കൊടുത്തത്.
ഇപ്പോ പിടിക്കാന്‍ പറ്റാത്ത അവസ്ഥയിലായെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. ”മലയാള സിനിമ മേഖലയില്‍ പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്നുള്ളത് സത്യമാണ്. സര്‍ക്കാരിന്റെ വിനോദ നികുതി പോലുള്ളവ. അതിനെപറ്റിയൊക്കെ നിര്‍മാതാവ് സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചതില്‍ തെറ്റില്ല. സംഘടനയുടെ സമരമൊക്കെ ജനറല്‍ബോഡി ഒക്കെ വിളിച്ച് തീരുമാനിക്കേണ്ട കാര്യമാണ് എന്നാണ് എന്റെ അഭിപ്രായം.
ഇതൊക്കെ പറയേണ്ടത് പ്രസിഡന്റോ സെക്രട്ടറിയോ അല്ലേ ? ആണ് എന്ന കാര്യത്തില്‍ സംശയമില്ല. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരിക്കുന്ന പല കാര്യത്തോടും ഞാന്‍ യോജിക്കുന്നുണ്ട്. ആന്റണിയും സുരേഷ് കുമാറുമൊക്കെ ഒരുമിച്ച് നീങ്ങിയിരുന്നവരാണല്ലോ. ഇവരൊക്കെയാണല്ലോ ചില സംഘടനകളെയൊക്കെ പൊളിക്കാനും മറ്റ് സംഘടനകളെ ഉണ്ടാക്കാനും ഒക്കെ ഒരുമിച്ച് നിന്നവര്‍. ഇപ്പോ ഇവരൊക്കെ തെറ്റിയതിന്റെ കാര്യമെന്താണെന്നു എനിക്കറിയില്ല. താരങ്ങളുടെ ശമ്പളം ചില കാലഘട്ടങ്ങളിലൊക്കെ കൂട്ടുന്നതിനു മുന്നില്‍ നിന്നയാളാണ് സുരേഷ് കുമാര്‍. ഇപ്പോള്‍ തിരിച്ചു പറയുന്നു-വിനയന്‍ പറയുന്നു.
ഞാനൊക്കെ അസോസിയേഷനില്‍ ചില സംഘടനകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ശക്തമായി പറഞ്ഞ ആ കാലത്ത് സുരേഷ് കുമാര്‍ അതൊന്നും പറ്റില്ലെന്നു പറഞ്ഞതാണ്. ഇപ്പോള്‍ അദ്ദേഹം തിരിച്ചു പറയുന്നതെന്താണെന്നു അറിയില്ല. ഞാനിപ്പോള്‍ സംഘടനയിലൊന്നും സജീവമല്ല. ഒരുമിച്ച് നിന്ന ഇവരൊക്കെ ഇപ്പോള്‍ തെറ്റാനുള്ള കാരണവും അറിയില്ല. ഒരാളുടെ ശമ്പളം നിശ്ചയിക്കുന്നതിലോ അഭിനയിക്കാന്‍ പറ്റില്ല എന്നൊക്കെ പറയുന്നതിലോ നമുക്കൊന്നും ചെയ്യാനാകില്ല, അതിനു നിയമങ്ങളൊന്നുമില്ല. മിനിമം കൂലി ഉള്ളവരൊന്നും അല്ലല്ലോ താരങ്ങള്‍. നിയന്ത്രിക്കാന്‍ പറ്റുന്ന സമയത്ത് സംഘടനകള്‍ ഒന്നും ചെയ്തില്ല.
ഇവര്‍ തന്നെയാണ് നിരക്ക് കൂട്ടി കൊടുത്തത്. ഇപ്പോ പിടിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. അതാത് സംഘടകളുടെ ജനറല്‍ബോഡി വിളിച്ചു കൂട്ടിയിട്ടു വേണമായിരുന്നു സമരത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാന്‍.”വിനയന്‍ പറയുന്നു. താര സംഘടനയായ അമ്മ ഉയര്‍ത്തി കൊണ്ടു വരാന്‍ ശ്രമിക്കുന്ന പ്രൊഡ്യൂസേഴ്‌സ് വിരുദ്ധ ചര്‍ച്ചയില്‍ തന്റെ സ്ഥാനം എവിടെയാണെന്ന് കൃത്യമായി പറയുകയാണ് വിനയന്‍.
തല്‍കാലം ഈ വിവാദത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും പരസ്യ പ്രതികരണം നടത്തില്ല. പക്ഷേ സിനിമാ മേഖലയിലെ സമരത്തെ അംഗീകരിക്കില്ലെന്ന സൂചന അവര്‍ നല്‍കി കഴിഞ്ഞു. ‘അമ്മ’ എന്ന സംഘടനയ്ക്ക് നാഥനില്ലെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് എതിരെ അമ്മ പരസ്യ പ്രതികരണം നടത്തിയത് മോഹന്‍ലാലിന്റെ കൂടി സമ്മതത്തിലാണ്.