സ്വവർഗ വിവാഹം: 'വിധിയിൽ പിശകില്ല'; പുനപരിശോധനാ ഹർജികൾ തള്ളി സുപ്രീംകോടതി
ഡൽഹി: സ്വവർഗ വിവാഹത്തിന് നിയമപരമായ അനുമതി നൽകാൻ വിസമ്മതിച്ച വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. വിധിയിൽ പ്രത്യക്ഷമായ പിഴവ് ഇല്ലെന്നും ഇടപെടൽ ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. 2023 ലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഒരു കൂട്ടം ഹർജികൾ 2023 ലെ 5 അംഗ ഭരണഘടനാ ബെഞ്ച് സ്വർവർഗ ദമ്പതികൾക്ക് അത് മൗലികാവകാശമായി അവകാശപ്പെടാൻ ആവില്ലെന്ന് വിധിച്ചിരുന്നു.
വിധിയിൽ ഒരു പിശകും തങ്ങൾ കാണുന്നില്ലെന്നും രണ്ട് വിധി ന്യായങ്ങളിലും പ്രകടിപ്പിച്ച വീക്ഷണം നിയമത്തിന് അനുസൃതമാണെന്നും അതിനാൽ ഒരു ഇടപെടലും ആവശ്യമില്ലെന്നും കണ്ടെത്തി. അതനുസരിച്ച് പുന പരിശോധനാ ഹർജികൾ തള്ളുന്നുവെന്നും കോടതി പറഞ്ഞു. 2023 ഒക്ടോബർ 17 ന് പുറപ്പെടുവിപ്പിച്ച വിധിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡിന്റെ നേതൃത്വത്തിലുള്ള 5 അംഗ ബെഞ്ച് സ്പെഷ്യൽ മാരേജ് ആക്ടിലെ ലിംഗ നിർദ്ദിഷ്ട നിബന്ധനകൾ ലിംഗ – നിഷ്പക്ഷമായി പരിഷ്ക്കരിക്കാനോ വ്യാഖിനിക്കാനോ വിസമ്മതിച്ചിരുന്നു.
വിവാഹ സമത്വ നിയമം നടപ്പാക്കാനുള്ള തീരുമാനം കോടതി പാർലെമന്റിന് വിട്ടിരുന്നു. വിവാഹം പരമമായ അവകാശമല്ലെന്ന് ഭരണഘടന ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. സ്വവർ പങ്കാളിത്തവുമായി ബന്ധപ്പെട്ട അടിസ്ഥാന സാമൂഹിക ക്ഷേമ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുള്ള സാധ്യതയുള്ള ഭരണപരമായ നടപടികൾ വിലയിരുനത്തുന്നതിന് കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള സർക്കാരിന്റെ നിർദ്ദേശത്തെ അവർ പിന്തുണച്ചു.
ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് ,ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് പി എസ് നരസിംഹ ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങുന്ന പുതിയ ബെഞ്ച് തുറന്ന കോടതിയിൽ വാദം കേട്ടില്ല. മറിച്ച് ചേംബറുകളിൽ ഹർജി അവലോകനം ചെയ്തു. ഹർജികൾ കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസായ സഞ്ജീന് ഖന്ന പിന്മാറുകയും 2024 ജൂലായിൽ പുതിയ ബെഞ്ച് പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ ബെഞ്ച്.
ക്വിയർ കമ്മ്യൂണിറ്റിക്കെതിരെ വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കണം, ക്വിയർ അവകാളങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കണം, ക്വിയർ ദമ്പതികൾക്കായി സുരക്ഷിതമായ വീടുകൾ അല്ലെങ്കിൽ 'ഗരിമ ഗൃഹ്' സൃഷ്ടിക്കുക എന്നിങ്ങനെ 2023 ൽ സുപ്രീം കോടതി വിവാഹ സമത്വത്തെക്കുറിച്ചുള്ള വിധി പറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് കേന്ദ്രത്തിനും പോലീസ് സേനയ്ക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നു.