ഹിജാബിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് മുസ്ലിങ്ങള്‍ക്കെതിരായ ഹൈന്ദവ വര്‍ഗീയവാദികളുടെ കടന്നാക്രമണമാണെന്നും മുഴുവന്‍ ജനാധിപത്യവാദികളും അതിനെ ഒരുമിച്ചു നിന്ന് എതിര്‍ക്കണമെന്നും എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗമായ എം.എ. ബേബിയുടെ ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സുനില്‍ പി. ഇളയിടം പ്രതികരിച്ചത്.
ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ വര്‍ഗീയവിഭജനം ലക്ഷ്യം വെച്ചുള്ളതാണെന്നായിരുന്നു എം.എ. ബേബിയുടെ ഫേസ്ബുക് പോസ്റ്റിന്റെ ഉള്ളടക്കം.
അവരവരുടെ മതതത്വങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും നല്‍കുന്നുണ്ടെന്നും ഈ അവകാശത്തെ വെല്ലുവിളിക്കുകയാണ് ആര്‍.എസ്.എസ് എന്നും എം.എ. ബേബി പറഞ്ഞു.
”ഭരണഘടനയുടെ ഇതേ തത്വം അനുസരിച്ചാണ് സിഖ് മതവിശ്വാസികള്‍ തലപ്പാവും കൃപാണും ഒക്കെ ധരിക്കുന്നത്. വിവിധ കോടതിവിധികളും നിയമനിര്‍മാണങ്ങളും ഈ അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഹിജാബ് ധരിക്കണോ മറ്റേതെങ്കിലും വസ്ത്രം ധരിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് വ്യക്തികളുടേതാണ്. അതില്‍ സമൂഹത്തിനോ ഭരണകൂടത്തിനോ ഒരു പങ്കും ഇല്ല,” എം.എ. ബേബി പറഞ്ഞു.
ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു. കോളേജില്‍ പഠിക്കുന്ന ആറ് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ അവരോട് ക്ലാസിന് പുറത്ത് പോകാന്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.
പിന്നാലെ സംഘപരിവാര്‍-ഹിന്ദുത്വ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചെത്തുന്നതിനെതിരെ കാവി ഷാള്‍ ധരിച്ചെത്തി പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ അക്രമത്തിലെത്തുകയും പൊലീസ് ഇടപെടുകയുമായിരുന്നു. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നത്. ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുകൊണ്ടുള്ള സംഘപരിവാറിന്റെ വിഭാഗീയ ശ്രമങ്ങളുടെ പരീക്ഷണശാലയാവുകയാണ് കര്‍ണാടക എന്ന തരത്തില്‍ സംഘപരിവാറിനെതിരെ നിരവധി മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ രംഗത്ത് വന്നിട്ടുണ്ട്.