KeralaNews

പോലീസ് സ്റ്റേഷൻചുമതല വീണ്ടും എസ്.ഐ.മാരിലേക്ക് ;പഠനറിപ്പോർട്ട് സർക്കാർ പരിഗണനയിൽ

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐ.മാർക്ക് നൽകിയിരുന്നത് എസ്.ഐ.മാർക്ക് തിരികെനൽകിയേക്കും. ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാക്കിയത് വിജയിച്ചില്ലെന്ന കണ്ടെത്തലുകളെത്തുടർന്നാണ് ഈ ആലോചന. ഡി.ജി.പി. കെ. പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച പഠനറിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്.

ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒ.മാരായിരിക്കുന്ന സ്റ്റേഷനുകളിൽ മൂന്നിലൊന്നിൽ എസ്.ഐ.മാർക്ക് തിരികെ ചുമതലനൽകും. കേസുകൾ താരതമ്യേന കുറവുള്ളവയുടെ ചുമതലയാകും കൈമാറുക. 478 പോലീസ് സ്റ്റേഷനുകളിലാണ് നിലവിൽ ഇൻസ്‌പെക്ടർമാർ എസ്.എച്ച്.ഒ.മാരായുള്ളത്.

ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവിയായിരുന്നപ്പോഴാണ് ഇൻസ്‌പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാക്കിയത്. നാനൂറോളം എസ്.ഐ.മാർക്ക് ഇൻസ്‌പെക്ടർമാരായി സ്ഥാനക്കയറ്റം നൽകിയാണ് ആദ്യഘട്ടത്തിൽ നിയമനംനടന്നത്.

സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി ഇൻസ്പെക്ടർമാർ എത്തിയതോടെ കേസന്വേഷണത്തിന് അവർക്ക് സമയംകിട്ടാത്ത അവസ്ഥയുണ്ടായി. ഐ.പി.എസ്. അസോസിയേഷന്റെ യോഗത്തിലും ഇൻസ്പെക്ടർമാരെ എസ്.എ.ച്ച്.ഒ.മാരാക്കിയത് പരാജയമാണെന്ന ആക്ഷേപമുയർന്നു. ഇതിനുപിന്നാലെയാണ് പ്രത്യേക സമിതിയുണ്ടാക്കി ഇക്കാര്യം പഠിച്ചത്. ഡി.ജി.പി. ടി.കെ. വിനോദ്കുമാർ, ഐ.ജി. ഹർഷിത അത്തല്ലൂരി, എ.ഐ.ജി. ഹരിശങ്കർ എന്നിവരും പഠനസമിതിയിലുണ്ടായിരുന്നു.

സി.ഐ.മാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായശേഷം ക്രമസമാധാനപാലനത്തിന്റെ ചുമതല സീനിയർ സബ് ഇൻസ്‌പെക്ടർക്കും കുറ്റാന്വേഷണത്തിന്റെ ചുമതല അതിനുതാഴെയുള്ള സബ് ഇൻസ്‌പെക്ടറുമാണ് വഹിക്കുന്നത്. അതേസമയം ഗുതരമായ ക്രമസമാധാനപ്രശ്നങ്ങളും കുറ്റകൃത്യങ്ങളുമുണ്ടായാൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ ഇൻസ്‌പെക്ടർമാർ നേരിട്ട് കൈകാര്യംചെയ്യണം.

ഭരണപരമായ തിരക്കുകൾക്കിടെ മിക്കസ്റ്റേഷനുകളിലും ഇതു നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.ഇൻസ്‌പെക്ടർമാരെ എസ്.എച്ച്.ഒ.മാരാക്കിയത് ആവശ്യമായ ചർച്ചകൾ കൂടാതെയാണെന്ന് നേരത്തേതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker