KeralaNews

മുല്ലപ്പെരിയാർ ഡാം: കേരളത്തിന്റെ നീക്കം സുപ്രീം കോടതി വിധികളുടെ ലംഘനമെന്ന് സ്റ്റാലിൻ

ന്യൂഡൽഹി: മികച്ച അയൽപക്കബന്ധം നിലനിൽക്കുന്നതിനിടെ, കേരളത്തെ അമ്പരപ്പിച്ച് മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനത്തിനെതിരേ രൂക്ഷവിമർശനമുയർത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള സാധ്യതാപഠനത്തിനുള്ള കേരളത്തിന്റെ നീക്കം സുപ്രീംകോടതിവിധികളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് സ്റ്റാലിൻ കത്തയച്ചു. നീക്കവുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ ഹർജിയുൾപ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ മുന്നറിയിപ്പുനൽകി.

ചൊവ്വാഴ്ച ഡൽഹിയിൽ ചേരാനിരുന്ന പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ എക്സ്പർട്ട് അപ്രൈസൽ കമ്മിറ്റിയോഗം, ഡാം വിഷയം അജൻഡയിലുൾപ്പെടുത്തിയതോടെയാണ് സ്റ്റാലിൻ രൂക്ഷവിമർശനമുയർത്തി കത്തയച്ചത്. സ്റ്റാലിന്റെ ശക്തമായ മുന്നറിയിപ്പെത്തിയതിനുപിന്നാലെ യോഗം പരിസ്ഥിതിമന്ത്രാലയം റദ്ദാക്കി.

യോഗത്തിൽ പങ്കെടുക്കാനായി കേരള ജലസേചന വകുപ്പിനു കീഴിലെ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡിലെ ചീഫ് എൻജിനിയർ പ്രിയേഷും ഡയറക്ടർ ശ്രീദേവിയും തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയശേഷമാണ് യോഗം റദ്ദാക്കിയതായുള്ള ഒറ്റവരി അറിയിപ്പ് ലഭിച്ചത്. യോഗത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കാമെന്നു മാത്രമേ ഈ അറിയിപ്പിലുള്ളൂ.

നിലവിൽ ഡാം സുരക്ഷിതമാണെന്ന് ഒട്ടേറെ വിദഗ്‌ധസമിതികൾ വിലയിരുത്തിയിട്ടുണ്ട്. 2006 ഫെബ്രുവരി 27-നും 2014 മേയ് ഏഴിനും സുപ്രീംകോടതിയും ഇത് ശരിവെച്ചിട്ടുണ്ട്. പുതിയ ഡാമിന്റെ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചുകിട്ടാനായി 2018-ൽ കേരളസർക്കാർ ശ്രമിച്ചപ്പോൾ തമിഴ്നാട് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അത്തരത്തിലുള്ള ഏതു നീക്കവും കോടതിയുടെ അനുവാദത്തോടെ മാത്രമേ ആകാവൂ എന്ന് സുപ്രീംകോടതി അപ്പോൾ വ്യക്തമാക്കി.

അതുകൊണ്ട് കേരള ഐ.ഡി.ആർ.ബി.യുടെ ഇപ്പോഴത്തെ നീക്കവും അത് പരിഗണിക്കാനുള്ള എക്സ്പർട്ട് അപ്രൈസൽ കമ്മിറ്റിയുടെ നീക്കവും കോടതിയലക്ഷ്യമാകും. ഇക്കാര്യത്തിലുള്ള എതിർപ്പ് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം സെക്രട്ടറിയെയും എക്സ്പർട്ട് അപ്രൈസൽ കമ്മിറ്റി അംഗങ്ങളെയും തമിഴ്നാട് ജലവിഭവവകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി അറിയിച്ചിട്ടുണ്ട്. എക്സ്പർട്ട് അപ്രൈസൽ കമ്മിറ്റി യോഗത്തിന്റെ അജൻഡയിൽനിന്ന് ഇത് നീക്കണമെന്നും ഭാവിയിലും കേരളത്തിന്റെ ഈ ശുപാർശ പരിഗണിക്കരുതെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker