CrimeKeralaNews

സ്മിതയുടെ മരണം കൊലപാതകം,യുവതി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ വർഷം മരിച്ച രോഗിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ശൂരനാട് സ്വദേശി സ്മിതയെ സെല്ലിനുള്ളിൽ  മറ്റൊരു അന്തേവാസിയായ സജിന മേരി ഭക്ഷണം വിളമ്പുന്ന പാത്രം കൊണ്ട് തലക്കടിച്ചതാണെന്ന്  ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.

കഴിഞ്ഞ നവംബർ 27ന് മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുവന്ന സ്മിതയെ പ്രത്യേക സെല്ലിലാണ് പാർപ്പിച്ചിരുന്നത്. 29ന് സെല്ലിനുള്ളിൽ വെള്ളം തളം കെട്ടിനിന്നിരുന്നു. ഇതിൻെറ നടുക്കാണ് സ്മിത കിടന്നത്.  പോസ്റ്റുമോർട്ടത്തിൽ തലക്കേറ്റ മർദ്ദനമാണ് മരണകാരണമെന്ന് വ്യക്തമായി. സെല്ലിൻെറ പൂട്ട് ആരും തുറന്നിരുന്നില്ല. രോഗി അകത്ത് മരിച്ചു കിടക്കുകയായിരുന്നു. പരിചരിച്ച ജീവനക്കാരിലേക്കാണ് ആദ്യം അന്വേഷണം പോയത്.

ജില്ലാ ക്രൈം ബ്രാഞ്ച് കേസേറ്റടുത്ത ശേഷം ജീവനക്കാരെയും സഹ അന്തേവാസികളെയും നിരവധി പ്രാവശ്യം ചോദ്യം ചെയ്തു. ഒരു വനിതാ അന്തേവാസി നൽകിയ മൊഴി സജിനയിലേക്കെത്തിച്ചു.

ഒരു കേസിൽ കൊല്ലം പൊലീസ് അറസ്റ്റ് ചെയ്ത സജിനയെ ചില മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത് കാരണം പേരൂർക്കടയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തിനാൽ സ്ത്രീകളുടെ വാർഡിൽ ഭക്ഷണം വിളമ്പാനായി ജീവനക്കാരെ സഹായിക്കാൻ സജിനയുമുണ്ടായിരുന്നു. 

സെല്ലിൽ കിടന്ന സ്മിത പല തവണ സജിനയെ അസഭ്യം പറഞ്ഞപ്പോള്‍ ഭക്ഷണം വിളമ്പുന്ന പാത്രം കൊണ്ട് തലക്കടിച്ചുവെന്നായിരുന്നു മൊഴി. അഴികള്‍ക്കിടിയിൽ കൂടിയാണ് പാത്രം കൊണ്ട് തലക്കടിച്ചത്. ഇതാണ് തലക്ക് ക്ഷതമേൽക്കാൻ കാരണം. സജിനയെ ജില്ലാ ക്രൈം ബ്രാഞ്ച് അസി.കമ്മീഷണര്‍ വിജുകുമാറിൻെറ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.

തലക്കടിയേറ്റ വേദനയിൽ സ്മിത തലയിൽ വെള്ളമൊഴിച്ചതാകാം സെല്ലിനുള്ളിൽ വെള്ളം തളംകെട്ടിനിൽക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. പേരൂർക്കട പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button