തിരുവനന്തപുരം: ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മുമ്മയുടെ കാമുകനായ പ്രതിക്ക് മരണംവരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴ ശിക്ഷയും വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി. 68കാരനായ വിക്രനെയാണ് തിരുവനന്തപുരം പ്രത്യേക കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ തടവ് അനുഭവിക്കണം. ഇത് കൂടാതെ 14 വർഷം കൂടി തടവ് അനുഭവിക്കണം.
അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്കായിരുന്നു. എന്നാൽ അമ്മൂമ്മയെയും ഭർത്താവ് ഉപേക്ഷിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതിയുമായി ഇവർ അടുപ്പത്തിലാകുന്നതും ഒരുമിച്ചു താമസിക്കാൻ തുടങ്ങുന്നതും.
അമ്മൂമ്മ പുറത്ത് പോകുന്ന സമയത്ത് പ്രതി കുട്ടികളെ നിരന്തരം പീഡിപ്പിച്ചിരുന്നു. പീഡിപ്പിക്കുമ്പോൾ കുട്ടികൾ പൊട്ടി കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാൽ ആരും കേട്ടിട്ടുണ്ടായിരുന്നില്ല . ഒരു ദിവസം കതകടക്കാതെ പീഡിപ്പിച്ചത് അയൽവാസി കണ്ടതാണ് സംഭവം പുറത്തറിയാൻ ഇടയായത്. നിലവിൽ ഷെൽട്ടർ ഹോമിലാണ് കുട്ടികൾ താമസിക്കുന്നത്.