KeralaNews

ഫോണില്‍ സംസാരിച്ചുകൊണ്ട് നഴ്‌സ് കുത്തിവയ്‌പ്പെടുത്തു,വീട്ടമ്മ മരിച്ചു,ആരോപണവുമായി ഭര്‍ത്താവ് രംഗത്ത്‌

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ നഴ്സിനെതിരെ ആരോപണവുമായി മരിച്ച സിന്ധുവിന്റെ ഭർത്താവ് രഘു. മരുന്ന് മാറി കുത്തിവെച്ചതാണെന്നും നഴ്സിന്റെ ശ്രദ്ധക്കുറവാണ് കാരണമെന്നും രഘു ആരോപിച്ചു. കുത്തിവെപ്പ് എടുത്തയുടൻ യുവതി മരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

കൂടരഞ്ഞി ചവരപ്പാറ സ്വദേശി സിന്ധുവിന്റെ മരണത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി ഉയർന്നിരിക്കുന്നത്. ചികിത്സാ പിഴവ് ആരോപിച്ച് സിന്ധുവിന്റെ കുടുംബം രംഗത്തെത്തി. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇഞ്ചക്ഷൻ എടുക്കുന്ന നേരം നഴ്‌സ് ഫോൺ ഉപയോഗിച്ചിരുന്നു. ഫോണിൽ സംസാരിച്ചുകൊണ്ടാണ് മരുന്ന് എടുത്തതും കുത്തിവെച്ചതും. ഇങ്ങനെ മരുന്ന് മാറിപ്പോയതാണ് സിന്ധുവിന്റെ മരണകാരണമെന്നാണ് രഘുവിന്റെ ആരോപണം.

ഇന്ന് രാവിലെ തുടർച്ചയായി രണ്ടുതവണ നഴ്‌സ് സിന്ധുവിന് ഇഞ്ചക്ഷൻ എടുത്തിരുന്നു. പിന്നാലെ സിന്ധു അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ശരീരമാകെ കുഴയുകയും ശരീരം നീലിക്കുന്ന ഒരു അവസ്ഥയുണ്ടായതായും കൂടെയുണ്ടായിരുന്ന രഘു പറയുന്നു. സിന്ധുവിന്റെ വായിൽ നിന്ന് നുരയും പതയും വരികയും കുഴഞ്ഞുവീഴുകയും ചെയ്തുവെന്ന് രഘു പരാതിയിൽ പറയുന്നു.

ഇന്നലെയാണ് സിന്ധുവിനെ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിയാണോ എന്നുള്ള സംശയം ഡോക്ടർ പ്രകടിപ്പിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനിയില്ലെന്ന് സ്ഥിരീകരിച്ചു. രാവിലെ ഒരു ഇഞ്ചക്ഷൻ എടുക്കാനുള്ളതിനാൽ ഒരു ദിവസം അഡ്‌മിറ്റ് ആകാനും ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം ഡിസ്ചാർജ് ആകുമെന്ന പ്രതീക്ഷക്കിടെയാണ് സിന്ധുവിന്റെ മരണം സംഭവിച്ചത്. പനി ബാധിച്ച് ഇന്നലെ വൈകീട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button