KeralaNews

ഷൈമോൾ സേവ്യറുടെ മരണം: കുറ്റപത്രംസമര്‍പ്പിച്ചു, ഭർത്താവും മാതാപിതാക്കളും പ്രതികൾ

ഏറ്റുമാനൂർ: അതിരമ്പുഴയിലെ ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും പ്രതികളെന്നു കാട്ടി പൊലീസിന്റെ കുറ്റപത്രം. അതിരമ്പുഴ കാട്ടൂപ്പാറ ഷൈമോൾ സേവ്യർ (24) മരിച്ച സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

22 പേജുള്ള കുറ്റപത്രത്തിൽ ഒന്നാം പ്രതി ഷൈമോളുടെ ഭർത്താവ് അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തികവല പാക്കത്തു കുന്നേൽ അനിൽ വർക്കി (26) ആണ്. ഇയാളുടെ പിതാവ് പി.സി.വർക്കി രണ്ടാം പ്രതിയും വർക്കിയുടെ ഭാര്യ ദീനാമ്മ വർക്കി മൂന്നാം പ്രതിയുമാണ്.

മൂവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 498എ, 304 ബി, 306, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതിൽ വർക്കിക്കെതിരെ 354 വകുപ്പു കൂടി അധികമായി ചേർത്തിട്ടുണ്ട്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ലൈംഗികാതിക്രമം, മാനസിക പീഡനം, ദേഹോപദ്രവം തുടങ്ങിയവയാണ് പ്രധാന വകുപ്പുകൾ.

യുവതിയോട് മോശമായി പെരുമാറിയെന്ന കുറ്റം ചാർത്തിയാണ് വർക്കിക്കെതിരെ ഐപിസി 354 –ാം വകുപ്പു കൂടി അധികമായി ചേർത്തത്. 43 സാക്ഷികൾ ഉൾപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ഡിവൈഎസ്പി എം.കെ.മുരളിയാണു കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 

കഴിഞ്ഞ നവംബർ ഏഴിനു രാവിലെയാണ് ഷൈമോളെ ഭർതൃഗൃഹത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകളെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും ഉടൻ വരണമെന്നും ഭർത്താവിന്റെ വീട്ടുകാർ ഷൈമോളുടെ അമ്മയെ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.

മകളെ അപായപ്പെടുത്തിയതാണോയെന്ന സംശയത്തെത്തുടർന്നാണ് ഷൈമോളുടെ മാതാവ് ഷീല ഷാജി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്. മരിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് മകൾ ഫോൺ ചെയ്തിരുന്നുവെന്നും തന്നെ ഭർത്താവ് ഉപദ്രവിക്കുന്നതായി പറഞ്ഞെന്നും അമ്മ ഷീല പൊലീസിനു മൊഴി നൽകിയിരുന്നു.

കൂടാതെ ഷൈമോളുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു. പ്രണയത്തിലായിരുന്ന അനിൽ വർക്കിയും ഷൈമോളും നാലു വർഷം മുൻപാണ് വിവാഹിതരായത്. രണ്ടു വയസ്സുള്ള കുട്ടിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button