KeralaNews

Shornur train hit:കുതിച്ചുപാഞ്ഞുവന്ന ട്രെയിന് മുന്നിൽ അന്തിച്ചു നിൽക്കുന്നതാണ് കണ്ടത്, അവര്‍ക്ക് ഓടാൻ പറ്റിയില്ല: ദൃക്സാക്ഷി

പാലക്കാട്: തൊഴിലാളികളെ ട്രാക്കിൽ കണ്ടതും ട്രെയിൻ നിർത്താതെ ഹോണടിച്ചിരുന്നതായി ഇന്നലയുണ്ടായ ഷൊർണൂർ ട്രെയിൻ അപകടത്തിന്റെ ദൃക്സാക്ഷി അൽഫാസ് .എന്നാൽ തൊഴിലാളികൾ ട്രെയിനിന് മുന്നിൽ‌ അന്തിച്ചു നിൽക്കുന്നതാണ് കണ്ടതെന്നും അവർക്ക് ഓടിമാറാൻ സാധിച്ചില്ലെന്നും അൽഫാസ് വ്യക്തമാക്കി. ഇന്നലെയാണ് ഷൊർണൂരിൽ കേരള എക്സപ്രസ് തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചത്.

ട്രാക്കിലേക്ക് കയറുമ്പോൾ സിഗ്നൽ ഇല്ലായിരുന്നുവെന്ന് ഷൊർണൂർ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ശക്തിവേല്‍ പറഞ്ഞു. പാളത്തിൻ്റെ നടുവിൽ എത്തിയപ്പോഴാണ് സിഗ്നൽ വന്നത്. അപ്പോഴേക്കും ട്രെയിന്‍ വന്നു കഴിഞ്ഞിരുന്നു. നല്ല വേഗതയിലായിരുന്നു ട്രെയിനെത്തിയത്. അതുകൊണ്ട് 4 പേർക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. മറ്റ് 6 പേർ പാളത്തിൻ്റെ ഒരു ഭാഗത്തുള്ള സേഫ്റ്റി പോയിൻ്റിൻ കയറി നിന്നുവെന്നും ശക്തിവേല്‍ പറഞ്ഞു. 10 തൊഴിലാളികളാണ് ജോലിക്കുണ്ടായിരുന്നത്.

ഷൊർണൂരിൽ ട്രെയിൻ തട്ടി മരിച്ച മൂന്നുപേരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ സ്കൂബ ടീം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന് റെയിൽവെ വ്യക്തമാക്കി. കരാറുകാരനെതിരെ കേസെടുക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ നൽകുമെന്നും റെയിൽവെ അറിയിച്ചു. ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും കണ്ടെത്തലുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കേരള എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു.

‘തൊട്ടുമുൻപുള്ള വളവ് തിരിഞ്ഞ ഉടനെയാണ് റെയിൽവേ പാലത്തിൽ ആളുകളെ കണ്ടത്. നിരവധി തവണ ഹോൺ മുഴക്കി, എമർജൻസി ഹോണും മുഴക്കി. എന്നാൽ, അവർ വളരെ അടുത്തായിരുന്നു. അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.’- ലോക്കോ പൈലറ്റ് പറഞ്ഞു.

തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് ഷൊർണൂർ പാലത്തിൽ വെച്ചാണ് ശുചീകരണ തൊഴിലാളികളെ ഇടിച്ച് തെറിപ്പിച്ചത്. തമിഴ്നാട് സ്വദേശികളായ ലക്ഷ്മൺ, വള്ളി, റാണി, ലക്ഷ്മൺ എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. ട്രെയിനിടിച്ച് പുഴയിൽ വീണയാളെ ഇതുവരെ കണ്ടെത്താനായില്ല.

സംഭവത്തിൽ പ്രതികരണവുമായി റെയിൽവേയും രംഗത്തെത്തി. ട്രെയിൻ തട്ടിയുണ്ടായ അപകടം ദൗർഭാഗ്യകരമാണ് എന്നായിരുന്നു റെയിൽവേ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നത്. രണ്ടുപേരെയാണ് ട്രാക്കിൽ കണ്ടെതെന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരം. പൊലീസും അർ.പി.എഫും നടത്തിയ പരിശോധനയിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുഴയിൽ വീണ ഒരാൾക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്നും റെയിൽവേ വാർത്തകുറിപ്പിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker