തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ;10 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി
തിരുവനന്തപുരം: കേരളത്തിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടിക നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കാൻ ബിജെപിയിൽ ആലോചന. 27ന് തിരുവനന്തപുരത്തു പ്രധാനമന്ത്രി പങ്കെടുക്കുന്ന പദയാത്രാ പരിപാടിയുടെ വേദിയിൽ സ്ഥാനാർഥികളെ അവതരിപ്പിക്കാനാണു ശ്രമം.
ഇതിന്റെ ഭാഗമായി കേരള നേതാക്കളുമായി ഇന്ന് കേന്ദ്രനേതൃത്വം ചർച്ച നടത്തും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭനയുടെയും നിർമാതാവ് സുരേഷ്കുമാറിന്റെയും പേരുകൾ പരിഗണനയിലുണ്ട്. ശോഭനയുമായി സുരേഷ് ഗോപി വഴി ചർച്ച നടന്നെന്നാണ് അറിയുന്നത്.
തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, പാലക്കാട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയെങ്കിലും ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കും. പത്തനംതിട്ടയിൽ പി.സി.ജോർജ്, ഷോൺ ജോർജ് എന്നീ പേരുകൾ വന്നിട്ടുണ്ട്.
ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയാണ് നല്ലതെന്ന അഭിപ്രായവും ചില നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചാലക്കുടിയിൽ ട്വന്റി ട്വന്റി നേതൃത്വവുമായി ബന്ധപ്പെട്ട് പൊതുസമ്മതനെ കളത്തിലിറക്കുന്ന ചർച്ചകളും നടക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തിന് എത്തിയതോടെയാണ് നടി ശോഭന ബിജെപിയിലേക്കെന്ന് അഭ്യൂഹമുയർന്നത്. ഇതിനു മുൻപ് ഇത്ര വലിയ വനിതാ സംഗമം കണ്ടിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തിൽ വനിതാസംവരണ ബിൽ പാസാക്കിയത് ഒട്ടേറെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുമെന്നും ജനുവരി മൂന്നിനു നടന്ന സമ്മേളനത്തിൽ അവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുക്കാനെത്തുന്നതിന്റെ ചിത്രം ‘ഹ്യൂജ് ഫാൻ മൊമന്റ്’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.