വടകര : കുന്നുമ്മക്കരയിലെ ഭർത്തൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർക്കെതിരേ കൂടി പോലീസ് കേസെടുത്തു. മരണപ്പെട്ട ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ പിതാവ് തട്ടാർകണ്ടി മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി അഫ്‌സത്ത് എന്നിവരുടെ പേരിലാണ് കേസ്. ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾപ്രകാരമാണ് കേസ്. ഈ കേസിൽ നേരത്തേ ഹബീബിന്റെ അമ്മാവൻ ഹനീഫയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇപ്പോൾ കേസെടുത്ത മൂന്നുപേരും ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനിടെ ഇവർ മുൻകൂർജാമ്യത്തിനും ശ്രമം തുടങ്ങി. നാലിന് രാത്രിയിലാണ് ഷബ്നയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിനു മുമ്പ് ഹനീഫ ഷബ്‌നയെ മർദിക്കാൻ പോകുന്നതും അസഭ്യം പറയുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന്റെയും ഷബ്നയുടെ മകളുടെയും മറ്റും മൊഴിയുടെയും അടിസ്ഥാനത്തിലാണ് പോലീസ് മൂന്നാളുടെ പേരിൽ കേസെടുത്തത്.
കേസിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഷബ്നയുടെ നാടായ അരൂരിലെ കർമസമിതി ഭാരവാഹികൾ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ.ക്കൊപ്പം റൂറൽ എസ്.പി.യെ കണ്ട് നിവേദനം നൽകി.
അരൂരിലെ പുളിയംവീട്ടിൽ കുനിയിൽ ഷബ്‌ന ഭർത്തൃവീട്ടിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെപേരിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് വനിതാകമ്മിഷൻ അധ്യക്ഷ പി. സതീദേവി ആവശ്യപ്പെട്ടു.
വീട്ടിലെ സി.സി.ടി.വി. വിദേശത്തായിരുന്ന ഭർത്താവിന്റെ മൊബൈൽ ഫോണുമായി കണക്ട് ചെയ്തതാണെന്നിരിക്കെ വീട്ടിൽ നടക്കുന്ന എല്ലാകാര്യങ്ങളും അറിയുന്ന ഭർത്താവ്, ഭാര്യക്ക് കരുതൽനൽകാനോ പരിരക്ഷയൊരുക്കാനോ തയ്യാറായിട്ടില്ല. ഭർത്താവിനും ഭർത്തൃവീട്ടുകാർക്കുമെതിരേ ആത്മഹത്യാപ്രേരണക്കുറ്റവും സ്ത്രീധന നിരോധനനിയമപ്രകാരമുള്ള വകുപ്പും ചേർക്കണമെന്നും സതീദേവി പറഞ്ഞു.
ഷബ്‌നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോടും കർമസമിതി ഭാരവാഹികളോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
കേസന്വേഷിക്കുന്ന വടകര ഡിവൈ.എസ്.പി.യുമായും വനിതാകമ്മിഷൻ അധ്യക്ഷ ഫോണിൽ കാര്യങ്ങൾ തിരക്കി. മരണം സംബന്ധിച്ച് എടച്ചേരി പോലീസിനോട് വിശദീകരണം ചോദിക്കുമെന്നും അവർ പറഞ്ഞു.