
മലപ്പുറം: അരീക്കോടിനടുത്ത് തെരട്ടമ്മലിൽ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ അപകടം. മത്സരത്തിന് തൊട്ടുമുൻപുള്ള കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത്. മൈതാനത്തിന് സമീപം ഇരുന്നവർക്കുനേരേ പടക്കങ്ങൾ തെറിച്ച് വീഴുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.
യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലുള്ള ഫൈനൽ മത്സരത്തിനോടനുബന്ധിച്ചായിരുന്നു കരിമരുന്ന് പ്രയോഗം നടത്തിയത്. അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ കളിക്കിടെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി 22 പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരമായിരുന്നു ഇന്ന്. ഇതിന് മുന്നോടിയായി കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി പൊട്ടിച്ച പടക്കമാണ് ദിശ മാറി കാണികൾക്ക് ഇടയിൽ വീണ് പൊട്ടിയത്. പടക്കത്തിൻ്റെ തീപ്പൊരി ചിതറി വീണ് മൂന്ന് പേർക്കാണ് പൊള്ളലേറ്റത്. പരിഭ്രാന്തരായ കാണികൾ ചിതറി ഓടിയതോടെ ഇതിൽ പലരും വീണു. ഇങ്ങനെ 19 പേർക്കും പരിക്കേറ്റു. ഇവരെയെല്ലാം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം സ്ഥലത്ത് മത്സരം പുനരാരംഭിച്ചു.