KeralaNews

ബ്ലേഡ് മാഫിയ തലവന്‍ മാലം സുരേഷ് പുരയിടത്തോട് ചേര്‍ന്ന പാടശേഖരം നികത്തിയ കേസില്‍ ഹൈക്കോടതി വിധി ശരി വച്ച് സുപ്രീം കോടതി; പാടശേഖരം പുന:സ്ഥാപിയ്ക്കണം

കോട്ടയം: നിരവധി കേസുകളില്‍ പ്രതിയായ ബ്ലേഡ് മാഫിയ തലവന്‍ മാലം സുരേഷ് (വാവത്തില്‍ കെ.വി.സുരേഷ്) സ്വന്തം വീടിനോട് ചേര്‍ന്ന് പാടശേഖരം മണ്ണിട്ട് നികത്തിയ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഹൈക്കോടതി 2021 ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായില്ല. മാലം സുരേഷ് സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജി തള്ളി. ഇതോടെ, ഹൈക്കോടതി വിധി പ്രകാരം പാടശേഖരം പുന:സ്ഥാപിക്കേണ്ടി വരും.

മണര്‍കാട് പാലമുറി പാടശേഖരത്തിനു സമീപമുള്ള പുരയിടത്തിനോടു ചേര്‍ന്നുള്ള സ്ഥലമാണു സുരേഷ് നികത്തിയത്. പരാതിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മണ്ണു നീക്കല്‍ ആരംഭിച്ചിരുന്നു. ഇതിനെതിരെ മാലം സുരേഷ് നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്. പരമോന്നത കോടതി ഹൈക്കോടതി വിധി ശരിവച്ചതോടെ മാലം സുരേഷിന് മുന്നില്‍ ഇനി മറ്റുവഴികളില്ല.

2012ലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മണര്‍കാട് കെ.വി. സുരേഷ് (മാലം സുരേഷ്) വീട് നിര്‍മിച്ച് താമസം തുടങ്ങിയതോടെ ഈ വീട് നിര്‍മിച്ചത് പാടം നികത്തിയാണെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തികള്‍ ജില്ലാ ഭരണകൂടത്തിനും റവന്യു അധികൃതര്‍ക്കും പരാതി നല്‍കി.

വില്ലേജ് അധികൃതരും കൃഷി വകുപ്പും നടത്തിയ പഠനത്തില്‍ കയ്യേറ്റം കണ്ടെത്തുകയായിരുന്നു. മണ്ണ് നീക്കം ചെയ്തു പാടം പുനസ്ഥാപിക്കണമെന്ന് ആര്‍ഡിഒ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ജില്ലാ കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തയാറായില്ല. ഇതോടെയാണ് പരാതിക്കാരായ കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചത്.

പിന്നീട് ഹൈക്കോടതി സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ ജില്ലാ ഭരണകൂടത്തിനും സര്‍ക്കാരിനും നിര്‍ദേശം നല്‍കി. 2016 ആയിട്ടും ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. സ്ഥലത്ത് പാടം പുനസ്ഥാപിക്കുന്നതിനു സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നായിരുന്നു വാദം. ഇതേത്തുടര്‍ന്നു പരാതിക്കാര്‍ തന്നെ പണം കെട്ടിവയ്ക്കാന്‍ തയാറാണെന്നറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാര്‍ പണം കെട്ടി വയ്ക്കുകയും സ്ഥലം ഉടമയില്‍നിന്നും പണം തിരികെ പിടിച്ചു നല്‍കിയാല്‍ മതിയെന്നു കോടതി നിര്‍ദേശിക്കുകയും ചെയ്തു. ജില്ലാ ഭരണകൂടം സ്ഥലം തിരികെ പിടിക്കാന്‍ നടപടിയെടുത്തില്ല. ഇതേത്തുടര്‍ന്നു അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ ജില്ലാ കളക്ടറെ വിളിച്ചു വരുത്തേണ്ടി വരുമെന്നു കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. ഇതോടെയാണ് സ്ഥലം ഏറ്റെടുക്കുന്നതിനു നടപടിയെടുത്തത്.

നിരവധി കേസുകളില്‍ പ്രതിയായ മാലം സുരേഷ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, അനധികൃതമായി 16 ലിറ്റര്‍ വിദേശമദ്യം സൂക്ഷിച്ചതിന് അറസ്റ്റിലായിരുന്നു. പണത്തിനായി വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് സുരേഷിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്. ഈ റെയ്ഡിലാണ് വിദേശമദ്യശേഖരം കണ്ടെത്തിയത്.

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ 10 ബോട്ടിലുകളും പോണ്ടിച്ചേരിയില്‍ മാത്രം വില്‍ക്കാന്‍ അനുമതിയുള്ള മദ്യത്തിന്റെ 25 സാമ്പിള്‍ ബോട്ടിലുകളുമാണ് പിടിച്ചത്. മാലം സുരേഷിനെതിരെ ഏറ്റുമാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സുരേഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

മണര്‍കാട് ക്രൗണ്‍ ക്ലബ് സെക്രട്ടറിയായിരുന്ന മാലം സുരേഷിനെ ക്ലബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് പോലീസ് പ്രതി ചേര്‍ത്തിരുന്നു. കോവിഡ് കാലത്ത് 2020 ലായിരുന്നു കേസ്. ജൂലൈ 11ന് ക്രൗണ്‍ ക്ലബില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 17.88 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചീട്ടുകളിച്ച 43 പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഈ കേസില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്നതിന് പകരം സുരേഷ് കോടതില്‍ കീഴടങ്ങുകയാണ് ചെയ്തത്. സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയുന്ന കേസില്‍ കോടതിയില്‍ കീഴടങ്ങിയതിന് കോടതി സുരേഷിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ചീട്ടുകളിക്കേസില്‍ സുരേഷ് പ്രതിയായപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ സിപിഎം പിബിഅംഗം എം.എ.ബേബി സുരേഷിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. ഇത് വന്‍ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker